പരീക്ഷ കഴിഞ്ഞ് മടങ്ങിയ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ കാണാതായി; മീനച്ചിലാറ്റില്‍ ചാടിയെന്ന് സംശയം; തിരച്ചിൽ തുടരുന്നു.

പരീക്ഷ കഴിഞ്ഞ് മടങ്ങിയ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ  വിദ്യാര്‍ത്ഥിനിയെ കാണാതായി; മീനച്ചിലാറ്റില്‍ ചാടിയെന്ന് സംശയം; തിരച്ചിൽ തുടരുന്നു.


കാഞ്ഞിരപ്പള്ളി : പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതായി. ആറ്റില്‍ ഒഴുക്കിൽ പെട്ടതെന്ന സംശയത്തെ തുടര്‍ന്ന് പോലീസും ഫയർ ഫോഴ്‌സും മീനച്ചിലാറ്റില്‍ തിരച്ചില്‍ തുടരുകയാണ്. ശനിയാഴ്ച ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ കോളേജിൽ ഡിഗ്രി പരീക്ഷ എഴുതാന്‍ പോയ കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെയാണ് കാണാതായിരുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണിസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയാണ് കാണാതായ കുട്ടി. പരീക്ഷ സെന്റർ ചേർപ്പുങ്കൽ കോളേജിൽ കിട്ടിയതിനാൽ അവിടെ അവിടെ പരീക്ഷ എഴുതുവാൻ പോയതായിരുന്നു.

ശനിയാഴ്ച പരീക്ഷ സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നപ്പോൾ വീട്ടുകാർ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകുകയും, അതിന് പ്രകാരം അന്വേഷണം തുടങ്ങുകയും ചെയ്തു. ചേര്‍പ്പുങ്കല്‍ പാലത്തിന് സമീപത്ത് നിന്ന് വിദ്യാര്‍ത്ഥിനിയുടെ ബാഗും മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് കുട്ടി ആറ്റിൽ ചാടിയതാണെന്ന സംശയത്തിൽ ഞായറാഴ്ച രാവിലെ മുതല്‍ മീനച്ചിലാറ്റില്‍ തിരച്ചില്‍ ആരംഭിക്കുകയും, വൈകുന്നേരത്തോടെ നിർത്തി വയ്ക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കും.

വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചുവെന്ന് ആരോപിച്ച് പിടിച്ചിരുന്നതായി സഹപാഠികള്‍ പറഞ്ഞു. തുടര്‍ന്ന് നേരത്തെ തന്നെ വിദ്യാര്‍ത്ഥിനി മടങ്ങിയിരുന്നു. രാത്രിയും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തുകയായിരുന്നു.

വിദ്യാര്‍ത്ഥിനി ആറ്റിലേക്ക് ചാടുന്നത് കണ്ടവരില്ല. എന്നാല്‍ ബാഗും ചെരുപ്പും സമീപത്ത് നിന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍. മഴയെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ ശക്തമായ ഒഴുക്കുണ്ട്. പ്രദേശത്ത് ഇന്നലെ വൈകിട്ട് മീന്‍ പിടുത്തക്കാരും ഉണ്ടായിരുന്നു. ഇവരും ഇങ്ങനെ ഒരു സംഭവം കണ്ടിട്ടില്ലെന്ന് പോലീസിനെ അറിയിച്ചു.