26-ാം മൈൽ – കൂവപ്പള്ളി ഭാഗം മാതൃകാ റോഡാക്കി

കാഞ്ഞിരപ്പള്ളി ∙ കാഞ്ഞിരപ്പള്ളി – എരുമേലി റോഡിലെ 26-ാം മൈൽ മുതൽ കൂവപ്പള്ളി വരെയുള്ള ഭാഗം മാതൃകാ റോഡാക്കി. പദ്ധതിയുടെ ഉദ്‌ഘാടനം എൻ. ജയരാജ് എംഎൽഎ നിർവഹിച്ചു. ഡിവൈഎസ്പി വി. യു. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.

പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡൊമിനിക്, വാർഡ്‌ മെംബർ തങ്കപ്പൻ, അമൽ ജ്യോതി എൻജിനീയറിങ് കോളജ് മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ, പ്രിൻസിപ്പൽ റവ. ഡോ. ജോസ് കണ്ണമ്പുഴ, സിഐ മധു, എസ്ഐ ഷിന്റോ കുര്യൻ എന്നിവർ പ്രസംഗിച്ചു.

റോഡപകടങ്ങളെക്കുറിച്ചു പൊതുജനങ്ങളെ ബോധവൽക്കരിക്കുക, വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിച്ചു ഗതാഗതം സുഗമമാക്കുക, ക്യാമറകൾ സ്‌ഥാപിക്കുക, റോഡിന്റെ ഇരുവശങ്ങളിലും ചെടികൾ വച്ചു സൗന്ദര്യവൽക്കരിക്കുക, റോഡ് സുരക്ഷാ ബോർഡുകൾ സ്‌ഥാപിക്കുക, പൊലീസ് പട്രോളിങ് നടത്തുക എന്നീ ലക്ഷ്യങ്ങളോടെ പൊതുജനങ്ങളുടെയും ഡ്രൈവർമാരുടെയും വിദ്യാർഥികളുടെയും സഹകരണത്തോടെ കേരള പൊലീസ് നടപ്പാക്കുന്ന പദ്ധതിയാണ് മാതൃകാ റോഡ് പദ്ധതി.

റോഡിന്റെ ഇരുവശങ്ങളിലെയും ചെടികൾ അമൽ ജ്യോതി എൻജിനീയറിങ് കോളജ് പരിപാലിക്കുമെന്ന് കോളജ് മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ അറിയിച്ചു.