വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞ സംഘത്തെ പിടികൂടിയപ്പോൾ അമ്പരന്നു .. വീട്ടമ്മയുടെ കൊച്ചുമകൻ ഒന്നാം പ്രതി..

വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞ  സംഘത്തെ പിടികൂടിയപ്പോൾ    അമ്പരന്നു .. വീട്ടമ്മയുടെ   കൊച്ചുമകൻ ഒന്നാം  പ്രതി..

പൊൻകുന്നം : വീട്ടമ്മയുടെ 3 പവന്റെ സ്വർണമാല പൊട്ടിച്ച ശേഷം വാടകക്കാറിൽ കടന്ന സംഘത്തെ പോലീസ് സഹാഹസികമായി പിടികൂടി. വീട്ടമ്മയുടെ കൊച്ചുമകൻ ഒന്നാം. പ്രതി. കൂട്ടുപ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.

വ്യാഴം രാവിലെ 9.30ന് കുരുവിക്കൂട്- കുറ്റിപ്പൂവം റോഡിലെ വീട്ടുമുറ്റത്തു നിന്ന ഈരയിൽ മേരിയുടെ 3 പവന്റെ സ്വർണമാലയാണു കവർന്നത്. വീട്ടമ്മയുടെ കൊച്ചുമകൻ പാലാ മുരിക്കുംപുഴ കിഴക്കേപ്പറമ്പിൽ സച്ചിൻ സാബു (23) ആണ് പോലീസ് പിടിയിലായത്. മുടി വെട്ടി രൂപമാറ്റം വരുത്തിയാണ് സച്ചിൻ സ്വന്തം വല്യമ്മയുടെ സ്വർണമാല മോഷ്ടിക്കുവാൻ എത്തിയത്. പ്രതികൾ കടന്നുകളഞ്ഞ കാറിന്റെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് പ്രതിയെ പിടികൂടുവാൻ സഹായകമായി.

സംഭവം ഇങ്ങനെ : വീടിനടുത്ത് കാർ നിർത്തിയ ശേഷം ഇറങ്ങി വന്ന ഒരാൾ ടിവി നന്നാക്കാൻ എത്തിയതാണ് എന്നു പറഞ്ഞ് വീടിനുള്ളിലേക്കു കയറാൻ ശ്രമിച്ചു. ഇതിനിടെ സച്ചിൻ മേരിയുടെ കഴുത്തിൽ നിന്നു മാല പൊട്ടിച്ചെടുത്തു കാറിലേക്ക് ഓടിക്കയറി. മുടി വെട്ടി രൂപമാറ്റം വരുത്തിയാണു സച്ചിൻ എത്തിയതിനാൽ മേരിക്ക് തിരിച്ചറിയാനായില്ലെന്നു പറയുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാർ കാർ തടയാൻ ശ്രമിച്ചെങ്കിലും വെട്ടിച്ചു മാറ്റി കടന്നുകളഞ്ഞു. ഉടൻ തന്നെ കാറിന്റെ നമ്പർ പൊലീസിനു കൈമാറി തിരച്ചിൽ ഊർജിതമാക്കി.കാറിന്റെ നമ്പർ സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ, കാർ വാടകയ്ക്കു നൽകിയ കുര്യനാട് സ്വദേശി പരാതിയുമായി കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി.

തുടർന്നു നടന്ന പരിശോധനയിലാണ് കാർ കണ്ടെത്തിയത്. പൊലീസ് 8 കിലോമീറ്റർ കാറിനെ പിന്തുടർന്നു.
അമിതവേഗത്തിൽ പോയ കാർ കുറുപ്പന്തറ റെയിൽവേ ക്രോസിലാണു തടഞ്ഞത്. സച്ചിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും ഒപ്പമുണ്ടായിരുന്ന രാമപുരം സ്വദേശി കടന്നുകളഞ്ഞു. ഇയാളിൽ നിന്നു മാല കണ്ടെടുത്തിട്ടില്ല. മാല കൈക്കലാക്കി മണിക്കൂറുകൾക്കകം ഇവർ കോട്ടയത്ത് ഒരു സ്വർണക്കടയിൽ വിറ്റതായാണ് പൊലീസ് നൽകുന്ന സൂചന. ഇതിനു സഹായിച്ച ആളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണു വിവരം. എസ്ഐ രാജുവിന്റെ നേതൃത്വത്തിൽ പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി മാല മോഷണക്കേസിൽ നടപടി സ്വീകരിച്ചു.