കൊതുകിനെതിരെ ആരോഗ്യവകുപ്പ്; റബർ-പൈനാപ്പിൾ തോട്ടങ്ങളുടെ ഉടമകളിൽ നിന്നും പിഴ ഈടാക്കും

കൊതുകിനെതിരെ ആരോഗ്യവകുപ്പ്; റബർ-പൈനാപ്പിൾ തോട്ടങ്ങളുടെ  ഉടമകളിൽ നിന്നും പിഴ ഈടാക്കും

കൊതുകിനെതിരെ ആരോഗ്യവകുപ്പ് ; റബർ-പൈനാപ്പിൾ തോട്ടങ്ങളുടെ ഉടമകളിൽ നിന്നും പിഴ ഈടാക്കും

മഴക്കാലത്ത് കൊതുക് വളരുന്നതിനു സാഹചര്യമൊരുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് ഒരുങ്ങുന്നു. കൊതുക് പ്രജനനം സുഗമമാക്കുംവിധം വെള്ളംകെട്ടി നിൽക്കാൻ വഴിയൊരുക്കുന്ന സ്ഥാപനങ്ങൾ, പൊതുവ്യാപാര സ്ഥലങ്ങൾ, റബർ-പൈനാപ്പിൾ തോട്ടങ്ങളുടെ ഉടമകൾ തുടങ്ങിയവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നൽകി.

നിബന്ധന പാലിക്കാത്ത പാഴ്‌വസ്തു വ്യാപാരകേന്ദ്രങ്ങൾക്കെതിരെയും നടപടി ഉണ്ടാകും. മഴക്കാലപൂർവ ശുചീകരണം ശക്തിപ്പെടുത്തിയ സാഹചര്യത്തിൽ കൊതുക്ജന്യ രോഗവ്യാപന സാധ്യത കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടൊപ്പം കൊതുക് വർധനവിന് ഇടയാക്കുന്ന പ്രവർത്തനങ്ങൾ കൂടി കർശനമായി നേരിടാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

സംയോജിത കൊതുക് നിയന്ത്രണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തു വിപുലമായ ബോധവൽക്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ആരോഗ്യ ജാഗ്രതാ യജ്ഞത്തിന്റെ ഭാഗമായി രോഗവ്യാപന സാഹചര്യം പരമാവധി ഇല്ലാതാക്കുകയാണ് ലക്ഷ്യം.

കൊതുക് നശീകരണ യജ്ഞത്തിന്റെ ഭാഗമായി റബർ തോട്ടങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിലെ കൊതുക് നശീകരണ പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യ-ലേബർ വകുപ്പുകൾ ചേർന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ സന്ദർശിച്ച് ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും.

കുളങ്ങൾ, കിണറുകൾ, വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കൊതുക് നശീകരണ ലായനി തളിക്കും. കൂത്താടി നശീകരണത്തിനായി കുളങ്ങളിൽ ഗപ്പി മത്സ്യങ്ങളെ നിക്ഷേപിക്കാനും തീരുമാനമായിട്ടുണ്ട്.