മോട്ടോർവാഹന പണിമുടക്ക് , ജനജീവിതം സ്തംഭിച്ചു; എങ്ങും ഹർത്താൽ പ്രതീതി

മോട്ടോർവാഹന പണിമുടക്ക് , ജനജീവിതം സ്തംഭിച്ചു;  എങ്ങും ഹർത്താൽ പ്രതീതി

കാഞ്ഞിരപ്പള്ളി : മോട്ടോർ വാഹന ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്കിൽ കാഞ്ഞിരപ്പള്ളി മേഖലയും സ്തംഭിച്ചു. 24 മണിക്കൂർ മോട്ടോർ വാഹന പണിമുടക്ക് അർധരാത്രി 12ന് തുടങ്ങി. സ്വകാര്യ ബസുകളും ഓട്ടോ ടാക്സികളും മറ്റ് ടാക്സി വാഹനങ്ങളും ഒന്നും നിരത്തിലിറങ്ങിയില്ല. കാഞ്ഞിരപ്പള്ളി മേഖലയിൽ പണിമുടക്ക് ഹർത്താൽ പ്രതീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി ടൗണിൽ ഹോട്ടലുകളും ചെറുകിട വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. മെഡിക്കൽ ഷോപ്പുകളും പെട്രോൾ പന്പുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും ഇന്ന് അവധി നൽകിയിരിക്കുകയാണ്. എന്നാൽ അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഇന്നും സാധാരണപോലെ പ്രവർത്തിച്ചു . സർക്കാർ ഓഫീസുകളിൽ ഹാജർ നിലയും കുറവാണ്. ഫലത്തിൽ വാഹന പണിമുടക്കാണ് നടക്കുന്നതെങ്കിലും ഹർത്താലിന് സമാനമാണ് മിക്ക സ്ഥലങ്ങളിലും.

എംഡി ടോമിൻ തച്ചങ്കരിയുടെ പരിഷ്കാരങ്ങളിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിലെ വിവിധ യൂണിയനുകൾ കൂടി ഇന്ന് പണിമുടക്കിയതോടെ കേരളം പരിപൂർണമായി സ്തംഭിക്കുകയായിരുന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തുകളിൽ ഇറങ്ങിയിട്ടുണ്ട്. സ്വകാര്യ ബസുകൾക്ക് പുറമേ കെഎസ്ആർടിസി കൂടി സർവീസ് നടത്തില്ലെന്ന് ഉറപ്പായതോടെ നഗരപ്രദേശങ്ങളിൽ വ്യാപാര സ്ഥാനങ്ങളും തുറന്നില്ല. ഇതോടെയാണ് നാടും നഗരവും നിശ്ചലമായത്.

കേന്ദ്രസർക്കാരിന്റെ നിർദിഷ്ട മോട്ടോർവാഹന നിയമഭേദഗതി പിൻവലിക്കുക, ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കുക, പെട്രോളിയം ഉത്‌പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.