എരുമേലി പഞ്ചായത്തിനെ വിഭജിച്ചു മുക്കൂട്ടുതറയെ പഞ്ചായത്ത് ആക്കുവാൻ പദ്ധതി

എരുമേലി പഞ്ചായത്തിനെ വിഭജിച്ചു  മുക്കൂട്ടുതറയെ പഞ്ചായത്ത്  ആക്കുവാൻ  പദ്ധതി

എരുമേലി : എരുമേലി പഞ്ചായത്തിനെ വിഭജിച്ചു മുക്കൂട്ടുതറ, എരുമേലി എന്നീ രണ്ടു പഞ്ചായത്തുകളാക്കാനാണ് പദ്ധതി. 12നു തിരുവനന്തപുരത്തു ചേരുന്ന യോഗത്തില്‍ ഇതു സംബന്ധിച്ച്‌ അന്തിമ തീരുമാനം ഉണ്ടായേക്കും.

നിലവില്‍ എരുമേലി പഞ്ചായത്തില്‍ 27 വാര്‍ഡുകളാണ് ഉള്ളത്. 87 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള എരുമേലി ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളില്‍ ഒന്നാണ്. എരുമേലിയില്‍ 12 വാര്‍ഡുകളും മുക്കൂട്ടുതറയില്‍ 11 വാര്‍ഡുകളും വീതം നല്‍കി വിഭജിക്കുന്നതിനാണ് നീക്കം നടക്കുന്നത്.

കാരിശേരി, ഇരുന്പൂന്നിക്കര, തുമരംപാറ, പന്പാവാലി, എയ്ഞ്ചല്‍വാലിക്കര, മുക്കന്‍പെട്ടി, കണമല, ഉമിക്കുപ്പ, മുക്കൂട്ടുതറ, മുട്ടപ്പള്ളി, എയ്ഞ്ചല്‍വാലി എന്നിങ്ങനെ 11 വാര്‍ഡുകളാണ് മുക്കൂട്ടുതറ ഭാഗത്ത് ഉള്‍പ്പെടുത്താന്‍ സാധ്യത.

എരുമേലി ടൗണ്‍, പഴയിടം, ചേനപ്പാടി, കിഴക്കേക്കര, ചെറുവള്ളി, ഓഴക്കനാട്, വാഴക്കാല, നേര്‍ച്ചപ്പാറ, പൊര്യന്‍മല, കനകപ്പലം, ശ്രീനിപുരം, പ്രപ്പോസ് എന്നിങ്ങനെ പന്ത്രണ്ടു വാര്‍ഡുകളെ എരുമേലി ഭാഗത്തും ഉള്‍പ്പെടുത്തിയേക്കും.

വിവിധ കക്ഷിനേതാക്കള്‍ നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ചു ധാരണയില്‍ എത്തിയിരിക്കുന്നതെന്നാണു സൂചന.