മുണ്ടക്കയത്ത് ഗതാഗത പരിഷ്‌കാരം തുടങ്ങി ; വഴിയോര കച്ചവടക്കരെ ഒഴിപ്പിച്ചു

മുണ്ടക്കയം: ടൗണിലെ ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി ബസ്സ്റ്റാന്‍ഡ്, ദേശീയപാതയോരം എന്നിവിടങ്ങളിലെ വഴിയോര കച്ചവടക്കരെ ഒഴിപ്പിച്ചു. ഇവരെ ഒഴിപ്പിക്കുന്നത് കഴിഞ്ഞ ദിവസം ബി.എം.എസ്. പ്രവര്‍ത്തകര്‍ തടഞ്ഞതോടെ പോലീസിന്റെ സഹായത്താലാണ് ഒഴിപ്പിച്ചത്.

ബസ്സ്റ്റാന്‍ഡ് കവാടത്തില്‍ സ്ഥാപിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും, സംഘടനകളുടെയും കൊടിമരങ്ങള്‍, ബോര്‍ഡുകള്‍ എന്നിവ നീക്കംചെയ്തു. കൂടുതല്‍ സ്ഥലം ലഭിക്കത്തക്ക രീതിയില്‍ ബസുകള്‍ പിന്നിലോട്ട് ഇറക്കി നിര്‍ത്താന്‍ ലൈന്‍ സ്ഥാപിച്ചു. ഗതാഗത പരിഷ്‌കാരം നടപ്പിലായതോടെ ആളുകളെ കയറ്റിയിറക്കാന്‍ സ്റ്റാന്‍ഡില്‍ 15 മിനിറ്റില്‍ കൂടുതല്‍ നിര്‍ത്തിയിടുന്ന ബസുകള്‍, ബസ്സ്റ്റാന്‍ഡിനുളളില്‍ കയറുന്ന സ്വകാര്യ യാത്രാവാഹനങ്ങള്‍, റണ്‍വേയില്‍ ഇഴഞ്ഞു നീങ്ങുന്ന ബസുകള്‍ എന്നിവയ്‌ക്കെതിരെ നിയമനടപടികളും തുടങ്ങി.

സ്റ്റാന്‍ഡിനുള്ളിലെ പൊതുയോഗങ്ങളും നിരോധിച്ചു. ബസ്സ്റ്റാന്‍ഡിനു സമീപം സി.എം.എസ് ഹൈസ്‌കൂളിന് പിന്നിലെ നിരപ്പായ മൈതാനത്താണ് യോഗം നടത്തുവാന്‍ അനുവാദം.

രാവിലെ 7.30ന് മുന്‍പും, വൈകീട്ട് ഏഴിനുശേഷവും മാത്രമേ ബസ്സ്റ്റാന്‍ഡിലെ വ്യാപാര സ്ഥാപനങ്ങളില്‍ ചരക്കിറക്കാന്‍ അനുവദിക്കൂ. ഇത് ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി നടപ്പിലാക്കേണ്ടവയാണെങ്കിലും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവംമൂലം ഫലവത്തായിട്ടില്ല.

സ്വകാര്യ വാഹനങ്ങള്‍ സി.എം.എസ് ഹൈസ്‌കൂളിനു പിന്നിലെ മൈതാനത്തും, മത്സ്യമാംസ വില്പന വ്യാപാര സമുച്ചയത്തിന്റെ അടിയിലും പാര്‍ക്ക് ചെയ്യാം. പഞ്ചായത്തു നല്‍കിയ നമ്പരില്ലാത്ത ഓട്ടോറിക്ഷകളെ നഗരത്തില്‍ സവാരി നടത്താന്‍ അനുവദിക്കില്ല.

മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി എസ്.ഐമാരായ ഫ്രാന്‍സിസ്, ജെര്‍ലിന്‍ വി.സ്‌കറിയ, ഷിന്റോ പി.കുര്യന്‍ എന്നിവരും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു, വൈസ് പ്രസിഡന്റ് നസീമാ ഹാരിസ്, അംഗങ്ങളായ ബി.ജയചന്ദ്രന്‍, ബെന്നി ചേറ്റുകുഴി. എം.പി.സനില്‍, സെക്രട്ടറി സെന്‍കുമാര്‍ എന്നിവര്‍ നേതൃത്വംനല്‍കി.