മുണ്ടക്കയം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള മലിനജലം പുറത്തക്കു ഒഴുകുന്നു..

മുണ്ടക്കയം∙ കഴിന കഴിഞ്ഞ മൂന്നു വ വർഷങ്ങളായി തുടരുന്ന മുണ്ടക്കയം ബസ് സ്റ്റാൻഡ് മാലിന്യ പ്രശ്നത്തിന് ഇനിയും പരിഹാരമായില്ല. മുണ്ടക്കയം ബസ് സ്റ്റാൻഡിലൂടെ മഴവെള്ളത്തിൽ ഒഴുകുന്നത് പൊതു ശൗചാലയത്തിന്റെ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മാലിന്യങ്ങൾ.

കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള മാലിന്യ പ്രശ്നത്തിനു മൂന്നു വർഷത്തെ പഴക്കമുണ്ട്. മാലിന്യം ഒഴുകുകയും പ്രതിഷേധം വ്യാപകമാകുകയും ചെയ്തതോടെ മുൻപ് മൂന്നു തവണ കംഫർട്ട് സ്റ്റേഷനു താൽക്കാലികമായി പൂട്ട് വീണിരുന്നു. വിവിധ സംഘടനകൾ സമരവുമായി ശൗചാലയത്തിന്റെ പുറത്ത് പല പ്രാവശ്യം പ്രതിഷേധം തീർത്തു. ഓട്ടോ ടാക്സി ഡ്രൈർമാർ ഓട്ടം ഉപേക്ഷിച്ച് സമരം നടത്തി. പക്ഷേ, അവയെല്ലാം ചെന്നെത്തിയത് താൽകാലിക പരിഹാരത്തിൽ മാത്രമാണ്. ശൗചാലയ മാലിന്യം ഇപ്പോഴും പുറത്തേക്ക് ഒഴുകി രൂക്ഷമായ ദുർഗന്ധത്തിനു കാരണമാകുന്നുണ്ട്.

ഇപ്പോൾ പ്രതിഷേധിക്കുവാൻ ആളില്ലെന്നു മാത്രമല്ല പകർച്ചവ്യാധികളുടെ ഉറവിടമായ ടൗണിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു വഴിതുറക്കുവാൻ മൗനാനുവാദം ഒരുക്കുകയാണ് അധികൃതർ. ഒഴുകിവരുന്ന ദുരിതം മൂന്നു വർഷങ്ങളായി ടൗണിൽ മഴക്കാലത്ത് വ്യാപകമാകുന്ന സ്ഥിരം പ്രശ്നമാണ് കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള മാലിന്യം പുറത്തേക്ക് ഒഴുകുന്നത്. ടാക്സി സ്റ്റാൻഡിനു സമീപത്ത് സ്ഥാപിച്ചിരിക്കുന്ന സെപ്ടിക് ടാങ്കുകളിൽ മാലിന്യത്തിനൊപ്പം മഴപെയ്ത് ഉറവയും രൂപപ്പെടുന്നതോടെ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള വെള്ളം പുറത്തേക്ക് ഒഴുകുകയാണ് പതിവ്.

ടാറിങ്ങിന് ഇടയിലൂടെ ഉയരുന്ന മലിനജലം നിരന്നൊഴുകുന്നതോടെ ഇവയിൽ ചവിട്ടി നടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. ടാങ്കിന് വലിപ്പമില്ലാത്തതും അശാസ്ത്രീയമായി നിർമിച്ചിരിക്കുന്നതിനാലുമാണ് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് എന്നാണ് ആക്ഷേപം. താൽക്കാലിക പരിഹാരമായി മറ്റൊരു ടാങ്ക് സ്ഥാപിച്ചെങ്കിലും അതും പൊട്ടിയൊഴുകുകയാണ്. പഞ്ചായത്തിന്റെ അനുമതിയോടെ 2008ൽ ആണ് ബിഒടി പ്രകാരം കംഫർട്ട് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. വ്യവസ്ഥയനുസരിച്ച് കരാറുകാരൻ കെട്ടിടം നിർമിക്കുകയും സ്ഥാപനം നടത്തുകയും വേണം. 26 വർഷത്തെ കരാറാണ് ഉള്ളത്. ഇക്കാലയളവിലെ പുനരുദ്ധാരണ ജോലികളും കരാറുകാരൻ തന്നെ ചെയ്യണം.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഇടപെടാനും കഴിയില്ല. പക്ഷേ ഗുരുതര സാമൂഹിക പ്രശ്നങ്ങൾ ഉണ്ടായാൽ കോടതിയെ സമീപിച്ച് പഞ്ചായത്തിന് കരാർ അവസാനിപ്പിക്കുവാനാകും. ടൗണിലെ കംഫർട്ട് സ്റ്റേഷൻ അടച്ച് പൂട്ടണമെന്ന് ആരും ആവശ്യപ്പെടില്ല. കാരണം ജില്ലയുടെ അതിർത്തിയിലെ ബസ് സ്റ്റാൻഡായതിനാലും ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുള്ള ബസുകൾ വളരെ നേരം നിർത്തിയിടുന്ന സ്ഥലം ആയതിനാലും കംഫർട്ട് സ്റ്റേഷൻ ഇല്ലെങ്കിൽ യാത്രക്കാർ വലയും.

കംഫർട്ട് സ്റ്റേഷന്റെ സെപ്റ്റിക് ടാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഉറവ ഉണ്ടാകാതിരിക്കുവാൻ പ്രത്യേക നിർമാണ പ്രവർത്തനങ്ങൾ നടത്തുകയോ ബദൽ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്താൽ മാലിന്യ പ്രശ്നത്തിനു പരിഹാരമാകും. എന്നാൽ അതിന് കരാറുകാരൻ തയാറാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.