ദൈവത്തിന്റെ “ചതഞ്ഞ കൈപ്പത്തി”

ദൈവത്തിന്റെ  “ചതഞ്ഞ കൈപ്പത്തി”

കാഞ്ഞിരപ്പള്ളി : അതിദാരുണമായ മരണത്തിനും രക്ഷക്കുമിടയിൽ കുഞ്ഞുമോൾക്കു ഒരു സെക്കന്റിന്റെ നൂറിലൊരംശം പോലുമില്ലായിരുന്നു … എന്നിട്ടും ഒരു പോറൽ പോലും ഏൽക്കാതെ കുഞ്ഞുമോൾ ഇപ്പോഴും സുഖമായിരിക്കുന്നു. …. ചതഞ്ഞരഞ്ഞു മരിക്കേണ്ടിയിരുന്ന തന്നെ, അവസാന നിമിഷത്തിൽ രക്ഷിച്ചത് മുനീർ യുസഫ് എന്ന യുവാവിന്റെ രൂപത്തിൽ വന്ന ദൈവദൂതനാണ്‌ എന്നു തന്നെയാണ് കുഞ്ഞുമോൾ ഇപ്പോഴും വിശ്വസിക്കുന്നത്.. ആ രക്ഷാ പ്രവർത്തനത്തിനിടയിൽ മുനീറിന്റെ കൈപ്പത്തി ചതഞ്ഞരഞ്ഞു… കുത്തിക്കെട്ടുവാൻ പോലും സാധിക്കാത്തവിധം വിരലിൽ നിന്നും ദശ വേർപെട്ടതിന്റെ വേദന കടിച്ചമർത്തി ചേനപ്പാടി ആറ്റുതൊടുകയില്‍ മുനീര്‍, കുളപ്പുറം കണ്ടത്തില്‍പറമ്പില്‍ കുഞ്ഞുമോളെ ചേർത്തു പിടിച്ചു … ഒരു ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തോടെ …

ഇന്ന് ഉച്ചയോടെ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ ആണ് സംഭവം നടന്നത്. മുണ്ടക്കയത്തിനു പോകേണ്ടിയിരുന്ന ഒരു കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുവാൻ ശ്രമിക്കുകയായിരുന്നു. ഡ്രൈവർ ബസ് പിന്നിലേക്കു എടുത്തുകൊണ്ടിരുന്നപ്പോൾ കണ്ടക്‌ടർ പിൻ വശം സുരക്ഷിതമാണോ എന്നു ശ്രദ്ധിക്കാതെ പിറകിലേക്ക് പോകുവാനുള്ള മണി അടിച്ചുകൊണ്ടിരുന്നു .

muneer-the-great-3ഡ്രൈവറുടെ കുഴപ്പം കൊണ്ടാണോ അതു കണ്ടക്‌ടറുടെ അശ്രദ്ധ കൊണ്ടാണോ , ബസ് സാധാരണയായി നിൽക്കേണ്ട സ്ഥലവും കഴിഞ്ഞിട്ടും വേഗത്തിൽ തന്നെ പിറകോട്ടു വന്നു കൊണ്ടിരുന്നു . ഇത്തരത്തിൽ ഒരു സംഭവം അവിടെ ബസ് കാത്തു നിന്നിരുന്നവരിൽ പലരും ശ്രദ്ധിച്ചില്ല. ബസ് സ്റ്റെൻഡിൽ നിന്നിരുന്ന ഒരു വലിയ തൂണിനു നേരെയാണ് ബസ് പിറകോട്ടു വന്നു കൊണ്ടിരുന്നത് .

ആ സമയത്തു ഇതൊന്നും അറിയാതെ, ആ തൂണിൽ ചാരി വയോധികരായ ചെല്ലമ്മയും കുഞ്ഞുമോളും അവിടെ സംസാരിച്ചു കൊണ്ടു നിന്നിരുന്നു. വേഗത്തിൽ പിറകോട്ടു വന്നിരുന്ന ബസ് അവരെ ഇടിച്ചു ഞെരിച്ചുകളയും എന്നു മനസ്സിലാക്കിയ അടുത്തു നിന്നവർ ഉച്ചത്തിൽ നിലവിളിച്ചു . ആർക്കും എന്തു ചെയ്യു്ണം എന്നറിയാത്ത ഒരു സാഹചര്യം ആയിരുന്നു അത്.

ആ സമയത്തു കുറച്ചു മാറി ചേനപ്പാടി ആറ്റുതൊടുകയില്‍ യുസഫ് മുനീർ ബസ് കാത്തു നിന്നിരുന്നു. ബസ്സിന്റെ അസാധാരണമായ വരവ് കണ്ടു ഞെട്ടി തിരിഞ്ഞു നോക്കിയ മുനീർ ബസ്സിന്റെ ഇടയിൽ പെട്ടു ചതഞ്ഞു പോയേക്കാവുന്ന സ്ഥിതിൽ വരാനിരിക്കുന്ന ദുരന്തം അറിയാതെ നിൽക്കുന്ന ചെല്ലമ്മയെയും കുഞ്ഞുമോളെയും കണ്ടു. അടുത്ത നിമിഷം ഉണ്ടായേക്കാവുന്ന ദുരന്തത്തിന്റെ ആഴം മനസ്സിലാക്കിയ മുനീർ കുതിച്ചു ചാടി ഒരു കൈകൊണ്ടു രണ്ടുപേരെയും ബസ്സിന്റെ പിൻഭാഗത്തിന്റെയും തൂണിന്റെയും ഇടയിൽ നിന്നും ശക്തമായി തള്ളി മാറ്റി. എന്നാൽ ചെല്ലമ്മയും കുഞ്ഞുമോളും ദാരുണമായ അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ടെങ്കിലും ആ നിമിഷാർദ്ധം കൊണ്ടു തള്ളി മാറ്റിയ കൈ തിരിച്ചെടുക്കുവാൻ പറ്റാതെ ബസ് മുനീറിന്റെ കൈയും തൂണും തമ്മിൽ ചേർത്തു വച്ചു ഇടിച്ചു കയറി.

മുനീറിന്റെ തള്ളലിൽ തെറിച്ചു പോയ ചെല്ലമ്മക്കും കുഞ്ഞുമോൾക്കും എന്താണ് സംഭവിച്ചത് എന്നു ആ സമയത്തു മനസ്സിലായില്ല . ബസ്സിന്റെയും തൂണിന്റെയും ഇടയിൽ ഞെരിഞ്ഞമർന്ന കൈയുമായി മുനീർ നിലവിളിച്ചപ്പോൾ യാത്രക്കാർ ഓടിക്കൂടി ഡ്രൈവറെക്കൊണ്ട് ബസ് മുൻപോട്ടു എടുപ്പിച്ചു, മുനീറിന്റെ കൈ സ്വതന്ത്രമാക്കി.

ബസ്സിൽ നിന്നും ഉടൻതന്നെ ഇറങ്ങി ഓടിയ ഡ്രൈവർ പിന്നീട് പോലീസ് സ്റ്റേഷനിൽ എത്തി കുറ്റം സമ്മതിച്ചു. ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു.

പോലീസ് സ്റ്റേഷനിൽ വച്ചു പരാതി നൽകുവാൻ തുനിഞ്ഞ മുനീറിനോട് അപകടം സംഭവിച്ച ബസ്സിന്റെ ഡ്രൈവർ വളരെ മോശമായി സംസാരിച്ചു എന്നു മുനീർ പറഞ്ഞു. എങ്കിലും കൈ ചതഞ്ഞുതു മൂലമുള്ള സഹിക്കുവാൻ പറ്റാത്ത വേദനക്കിടയിലും ഒരു ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞതിലുള്ള സന്തോഷം മുനീറിന്റെ മുഖത്തു പ്രകടമായിരുന്നു ..

തന്നെ ദാരുണ മരണത്തിൽ നിന്നും രക്ഷിച്ച , തനിക്കു അത്യാവശ്യം സഹായം വേണ്ടിയിരുന്ന സമയത്തു, താൻ പോലും അറിയാതെ ഒരു കാവൽ മാലാഖയെപ്പോലെ എവിടെ നിന്നോ പാഞ്ഞെത്തി തന്നെ താങ്ങിനിർത്തിയ ആ “ദൈവത്തിനെ ചതഞ്ഞ കൈ” തന്റെ നിറുകയിൽ ചേർത്തു വച്ചപ്പോൾ കുഞ്ഞുമോളുടെ കണ്ണിൽ നിന്നും കണ്ണുനീർ അടർന്നു വീണു ….

muneer-the-great-2

muneer-the-great-4