എരുമേലി മഞ്ഞളരുവിയിൽ വയോധിക വെട്ടേറ്റു മരിച്ച നിലയിൽ.., ഭർത്താവ് പിടിയിൽ..

എരുമേലി മഞ്ഞളരുവിയിൽ വയോധിക വെട്ടേറ്റു മരിച്ച നിലയിൽ.., ഭർത്താവ് പിടിയിൽ..

എരുമേലി : ഭാര്യയായ വയോധികയെ മാനസിക രോഗിയായ ഭർത്താവ് വെട്ടിനുറുക്കി കൊലപ്പെടുത്തി. എരുമേലിക്ക് സമീപം മഞ്ഞളരുവി ഈറ്റത്തോട്ടത്തില്‍ തങ്ക (65) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചെ മൂന്നര മണിയോടെയാണ് കൊലപാതകം നടന്നതെന്ന് കരുതപ്പെടുന്നു. സംഭവത്തിൽ ഭർത്താവ് തെങ്ങുകയറ്റ തൊഴിലാളിയായ കുമാരനെ (70) പോലീസ് അറസ്റ്റ് ചെയ്തു.

തങ്കയുടെ ശരീരമാസകലം വെട്ടുകളേറ്റിട്ടുണ്ട്. തെങ്ങുകയറ്റ ജോലിക്ക് ഉപയോഗിച്ചിരുന്ന മൂർച്ചയേറിയ വാക്കത്തി കൊണ്ടാണ് വെട്ടിയത്. കൈകൾ ഉയർത്തി തടയാൻ ശ്രമിച്ച തങ്കയുടെ വിരലുകൾ വെട്ടേറ്റു അറ്റു തൂങ്ങിയ നിലയിലായിരുന്നു. നിലവിളി കേട്ടെത്തിയ അയൽവാസികളാണ്‌ പോലീസിൽ അറിയിച്ചത്. പോലീസ് എത്തും മുമ്പേ മരണം സംഭവിച്ചിരുന്നു. കഴിഞ്ഞയിടെ ദേഹാസ്വാസ്ഥ്യം മൂലം അവശ നിലയിലായിരുന്ന തങ്കയെ ഭർത്താവ് ആണ് പരിചരിച്ചത്. അങ്ങനെയിരിക്കെ പെട്ടെന്ന് കൊലപാതകത്തിലേക്ക് തിരിയാൻ കാരണമായത് മാനസിക നില തകരാറിലായത് മൂലമാണെന്ന് സംശയിക്കുന്നു. കുമാരൻ -തങ്ക ദമ്പതികൾക്ക് മൂന്ന് പെണ്മക്കളിൽ ഒരാൾ നേരത്തെ മരണപ്പെട്ടിരുന്നു. മറ്റു മക്കൾ ഇവരുമായി അകന്നു കഴിയുകയാണ്. ഇരുവരും കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നു പറയുന്നു. കഴുത്തിൽ വെട്ടേറ്റതാണ് മരണകാരണം. വെട്ടാൻ ഉപയോഗിച്ച വാക്കത്തി പോലീസ് കണ്ടെടുത്തു. നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മുണ്ടക്കയത്ത് പൊതു ശ്‌മശാനത്തിൽ സംസ്കരിച്ചു.
ലേഖ, അനില, പരേതയായ ജ്യോതി എന്നിവരാണ് മക്കൾ.