നസ്രാണി യുവശക്‌തി മഹാറാലി സംഗമം 12 ന് കാഞ്ഞിരപ്പള്ളിയിൽ ..

നസ്രാണി യുവശക്‌തി  മഹാറാലി സംഗമം  12 ന്   കാഞ്ഞിരപ്പള്ളിയിൽ ..

കാഞ്ഞിരപ്പള്ളി: രൂപത സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് എസ്. എം. വൈ. എമ്മിന്റെ ആഭിമുഖ്യത്തിൽ‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30 മുതൽ‍ ആറു വരെ കാഞ്ഞിരപ്പള്ളിയിൽ നസ്രാണി യുവശക്തി മഹാറാലിയും സംഗമവും നടത്തും.

സഭാവിരുദ്ധ ബാഹ്യശക്തികള്‍ക്കെതിരെയും, നവോത്ഥാന ഭാരതത്തിന് ക്രൈസ്തവർ നല്‍കിയ സംഭാവനകളെ കുറിച്ചും സന്ദേശങ്ങൾ‍ നല്‍കി നടത്തപ്പെട്ട നസ്രാണി യുവശക്തി അഗ്നി പ്രയാണങ്ങളുടെ കാഞ്ഞിരപ്പള്ളി മേഖലയിലെ സമാപനമായിട്ടാണ് നസ്രാണി യുവശക്തി മാഹാറാലി നടത്തുന്നത്. കാഞ്ഞിരപ്പള്ളി പഴയപള്ളി തീർ‍ഥാടന ദൈവാലയത്തിൽ‍ നിന്ന് ഉച്ചകഴിഞ്ഞ് 1.30 ന് ആരംഭിക്കുന്ന റാലി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ‍ മാർ‍ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്ത് ഫ്‌ളാഗ് ഓഫ് ചെയ്യും.

എസ്. എം. വൈ. എം. രൂപത പ്രസിഡന്റ് ജോമോൻ‍ പൊടിപാറ ക്യാപ്റ്റനായ റാലിയിൽ രൂപത, ഫൊറോന ഭരണസമിതി അംഗങ്ങൾ‍ മുൻ‍നിരയിൽ‍ അണിചേരും. കാഞ്ഞിരപ്പള്ളി, പൊൻ‍കുന്നം, മുണ്ടക്കയം എന്നീ മൂന്നു ഫൊറോനകളിലെ വിവിധ ഇടവകകളിൽ‍ നിന്നുള്ള യുവജനങ്ങൾ‍ റാലിയിൽ‍ അണിചേരും. പേട്ടക്കവലവഴി കുരിശിങ്കൽ‍ കവലയിലെത്തി കാഞ്ഞിരപ്പള്ളി കത്തീഡ്രൽ മഹാജൂബിലിഹാളിൽ റാലി സമാപിക്കും.

ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ‍ മഹാജൂബിലി ഹാളിൽ നടക്കുന്ന സംഗമം സീറോ മലബാർ‍ സഭയുടെ അധ്യക്ഷൻ‍ കർ‍ദിനാൾ‍ മാര്‍ ജോർ‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. യുവജനങ്ങൾ‍ സഭയുടെ വിശ്വാസ പ്രഘോഷകർ, സംരക്ഷകർ‍ എന്ന വിഷയത്തെക്കുറിച്ച് തലശേരി അതിരൂപത സഹായമെത്രാന്‍ മാർ. ജോസഫ് പാംപ്ലാനി നയിക്കുന്ന ക്ലാസ് സംഗമത്തിന്റെ മുഖ്യ ആകർഷണമായിരിക്കും. കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാൻ‍ മാർ‍ ജോസ് പുളിക്കൽ‍ സന്ദേശം നല്‍കും.

മഹാറാലിയ്ക്ക് മുന്നോടിയായുള്ള അഗ്നിപ്രയാണ വിളംബര ജാഥ മാര്‍ച്ച് നാലിന് അണക്കര ഫൊറോനയിലാരംഭിച്ച് അണക്കര, കട്ടപ്പന, മുണ്ടിയെരുമ, ഉപ്പുതറ, കുമളി ഫൊറോനകൾ പിന്നിട്ട് ഏപ്രിൽ‍ 27 ന് കട്ടപ്പനയിൽ മൂവായിരത്തോളം യുവജനങ്ങളെ അണിനിരത്തിയ റാലി സംഘടിപ്പിച്ചിരുന്നു. ഏപ്രിൽ‍ 28 ന് മുണ്ടക്കയം ഫൊറോനയിലാരംഭിച്ച കാഞ്ഞിരപ്പള്ളി മേഖല അഗ്നിപ്രയാണം പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, ഫൊറോനകളിലെ വിവിധ ഇടവകകളിലൂടെ കടന്നുപോയ ശേഷമാണ് നാളെ കാഞ്ഞിരപ്പള്ളിയിൽ‍ സംഗമിക്കുന്നത്. ഇതിനുശേഷം റാന്നി, പത്തനംതിട്ട ഫൊറോനകളിൽ‍ 19 നും എരുമേലി ഫൊറോനകളിൽ‍ 25 നും അഗ്നിപ്രയാണവും ജൂണ്‍ രണ്ടിന് എരുമേലിയില്‍ മഹാറാലിയും സംഗമവും നടത്തും.

പത്ര സമ്മേളനത്തിൽ രൂപത എസ്. എം. വൈ. എം. ജനറൽ സെക്രട്ടറി സനു പുന്നയ്ക്കൽ‍, സെക്രട്ടറി മിന്റുമോൾ വർ‍ഗീസ്, അജ്ഞന ഫിലിപ്പ്, റോസ്‌ബെല്ലാ വർഗീസ്, അബി മാത്യു കാഞ്ഞിരപ്പള്ളി ഫൊറോന പ്രസിഡന്റ് അജോ വാന്തിയിൽ, കൺ‍വീനർ‍മാരായ തോമസ് രാജു കത്തനാങ്കൽ‍, ജസ്റ്റിൻ തോമസ് അലപ്പാട്ട്, റോബിൻ‍ കുന്നത്തുകുഴിയിൽ‍, ജിതിൻ‍ ഡൊമിനിക്, കാഞ്ഞിരപ്പള്ളി ഫൊറോന ഡയറക്ടർ‍ ഫാ. വർ‍ഗീസ് കാലാക്കൽ, രൂപതാ ഡയറക്ടർ‍ ഫാ. വർ‍ഗീസ് കൊച്ചുരപുരയ്ക്കൽ‍ എന്നിവർ‍ പങ്കെടുത്തു