സെന്റ് ഡൊമിനിക്‌സ് കോളജില്‍ നടക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു

സെന്റ് ഡൊമിനിക്‌സ് കോളജില്‍ നടക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്‌സ് കോളജില്‍ ‘കുറ്റകൃത്യരഹിതസമൂഹത്തിന് യുവാക്കള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു.

സമൂഹത്തിലെ പാര്‍ശ്വവത്കരണത്തിന്റെ ഉപഫലമാണ് കുറ്റകൃത്യങ്ങള്‍ എന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. വികസനം എല്ലാവരിലേക്കും എത്തിക്കുകയും പാര്‍ശ്വവത്കരണം ഒഴിവാക്കുകയുമാണ് കുറ്റകൃത്യ രഹിത സമൂഹത്തിന്റെ നിര്‍മിതിക്ക് ആവശ്യം. സാഹചര്യങ്ങളാണ് കുറ്റകൃത്യങ്ങള്‍ക്കു കാരണം. കുറ്റകൃത്യജന്യമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരെ അലിവോടെ കാണണമെന്നും കുറ്റം ചെയ്തവര്‍ക്കു പോലും പുതിയൊരു ജീവിതത്തിനുള്ള അവസരം കൊടുക്കാന്‍ സമൂഹം തയാറാകണമെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു.

മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ഐപിഎസ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. യുവജനങ്ങളില്‍ കുറ്റകൃത്യവാസനയല്ല, കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാനുള്ള ശേഷിയാണ് കൂടുതലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശങ്ങളെയും വിയോജിപ്പിനുള്ള വ്യക്തിയുടെ അവകാശത്തെയും മാനിച്ചുകൊണ്ടാകണം ജനാധിപത്യ സമൂഹത്തില്‍ നിയമഭരണം നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രിന്‍സിപ്പല്‍ ഡോ. കെ. അലക്‌സാണ്ടര്‍ അധ്യക്ഷതവഹിച്ചു. മാനേജര്‍ ഫാ. ജോര്‍ജ് ആലുങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് മെംബര്‍മാരായ കെ. രാജേഷ്, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മാഗി ജോസഫ്, പ്രഫ. ബിനോ പി. ജോസ്, ഡോ. സാജു ജോസഫ്, ടിബിന്‍ കുര്യന്‍, അനു അലക്‌സ്, ഉമാദേവി എന്നിവര്‍ പ്രസംഗിച്ചു.

കാഞ്ഞിപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ജനപ്രതിനിധികളും പ്രസിഡന്റുമാരും വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. പ്രഫ. പി.ജെ. വര്‍ക്കി പ്രബന്ധാവതരണം നടത്തി.

സെമിനാറില്‍ ഇന്ന് സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോ എസ്പി സക്കറിയ ജോര്‍ജ് ഐപിഎസ്, സിന്ധു ജോയി, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.യു. കുര്യാക്കോസ്, ജോര്‍ജുകുട്ടി ആഗസ്തി എന്നിവര്‍ ചര്‍ച്ചകള്‍ നയിക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും. ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന സമാപനസമ്മേളനത്തില്‍ ജില്ലാ പോലീസ് മേധാവി സതീഷ് ബിനോ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തും.

ഇന്ന് കാഞ്ഞിരപ്പള്ളി പ്രദേശത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥി പ്രതിനിധികളും സെമിനാറില്‍ പങ്കെടുക്കും. സ്ഥാപനങ്ങളുടെ ഒരു പൊതുവേദിയും രൂപീകരിക്കും.