എരുമേലിയിൽ സ്ത്രീകളുടെ രാത്രി നടത്തത്തിൽ പങ്കെടുത്ത് നിരവധിപേർ ..

എരുമേലിയിൽ സ്ത്രീകളുടെ രാത്രി നടത്തത്തിൽ പങ്കെടുത്ത് നിരവധിപേർ ..


എരുമേലി : സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി എരുമേലി ടൗണിൽ സ്ത്രീകൾക്കായി നടത്തിയ രാത്രി നടത്തത്തിൽ നിരവധിപേർ പങ്കെടുത്തു . കഴിഞ്ഞ ദിവസം രാത്രിയിൽ പത്ത് മണിയോടെ എരുമേലി ടൗൺ, ചേനപ്പാടി, കണമല എന്നിവിടങ്ങളിലായിരുന്നു രാത്രി നടത്തം സംഘടിപ്പിച്ചിരുന്നത്. ടൗണുകളിൽ പങ്കെടുത്ത സ്ത്രീകൾ ഒരുമിച്ച് നിന്ന് മെഴുകുതിരി കൊളുത്തി പ്രതിജ്ഞ ചൊല്ലിയാണ് ഒരു മണിക്കൂർ നീണ്ട രാത്രി നടത്ത പരിപാടി സമാപിച്ചത്.

മുന്നറിയിപ്പോ പ്രചാരണമോ ഇല്ലാതെ സ്ത്രീകൾ രാത്രിയിൽ കൂട്ടത്തോടെ ടൗണുകളിലെത്തി നടക്കുന്നത് കണ്ട് അമ്പരന്നു നോക്കി നിന്നവരേറെ. സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി സ്ത്രീകളുടെ രാത്രി നടത്തമാണ് അതെന്ന് പിന്നെയാണ് പലർക്കും മനസിലായത്.

സാമൂഹ്യ സുരക്ഷാ വകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി. ഒപ്പം പോലിസ് സംരക്ഷണവും ഉണ്ടായിരുന്നു. വനിതാ പഞ്ചായത്ത്‌ അംഗങ്ങൾ, സംയോജിത ശിശുവികസന പദ്ധതി ഓഫിസർമാർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെ നടത്തത്തിൽ പങ്കെടുത്തു. എരുമേലി ടൗണിൽ പഞ്ചായത്ത്‌ അംഗങ്ങളായ ജെസ്‌ന നജീബ്, റെജിമോൾ ശശി, ഐസിഡിഎസ് ഓഫിസർ മിനി എന്നിവർ നേതൃത്വം നൽകി. ചേനപ്പാടിയിൽ പഞ്ചായത്ത്‌ അംഗങ്ങളായ അനിതാ സന്തോഷ്‌, സുധാ വിജയൻ എന്നിവരും കണമലയിൽ കുടുംബശ്രീ ചെയർപേഴ്സൺ രമണി ദിവാകരനും നേതൃത്വം നൽകി.