‘ഒരു വാക്കിനാൽ’ നിഖിൽ ഒരു ദിനം കൊണ്ടെഴുതിയ കവിത ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു

മുണ്ടക്കയം : ഒരു വാക്കിനാൽ വിടചൊല്ലിയാൽ മറുവാക്കുകൊണ്ടൊന്നു നീറാം നെഞ്ചകം… ഒരു ദിനം കൊണ്ടെഴുതിയ ഈ ഗാനം ഹിറ്റായതിന്റെ ആഹ്ലാദത്തിലാണ് മുണ്ടക്കയം കോരുത്തോട് സ്വദേശിയായ നിഖിൽ എസ്. മറ്റത്തിൽ. 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന മോഹൻലാൽ ചിത്രത്തിലെ ഈ ഗാനം എഴുതിയ ഇരുപത്തിമൂന്നുകാരനായ നിഖിലിന് ഇപ്പോൾ ആനന്ദവേള.

വയലാർ ശരത്ചന്ദ്രവർമ നേതൃത്വം നൽകിയ പാട്ടെഴുത്തു കളരിയിലൂടെ ശ്രദ്ധേയനായ നിഖിലിന് ‘മാന്നാർ മത്തായി സ്പീക്കിങ്’ സിനിമയുടെ രണ്ടാം ഭാഗത്തിലാണ് പാട്ടെഴുതുവാൻ ആദ്യം അവസരം ലഭിച്ചത്. രാഹുൽ രാജിന്റെ സംഗീതത്തിൽ പിറന്ന ‘തിരയാണേ തിരയാണേ’ എന്ന ടൈറ്റിൽ ഗാനമായിരുന്നു അത്. തുടർന്നാണ് മാസങ്ങൾക്കു മുൻപ് സംഗീത സംവിധായകൻ രാഹുൽ സുബ്രഹ്മണ്യൻ നിഖിലിന് സംവിധായകൻ മേജർ രവിയുടെ ചിത്രത്തിൽ അവസരത്തിനായി ശ്രമിക്കാമെന്നറിയിച്ചത്.

തുടർന്ന് രാഹുൽ സുബ്രഹ്മണ്യനും നിഖിലും മേജർ രവിയെ കാണാനെത്തി.
10 മിനിറ്റ് നീണ്ടുനിന്ന സംസാരത്തിനിടയിൽ തന്നെ നിഖിലിൽ വിശ്വാസമർപ്പിച്ച മേജർ രവി പാട്ടിന്റെ സന്ദർഭം വിവരിച്ചു. സന്ദർഭം കേട്ട് മുഴുമിക്കും മുൻപേ രണ്ടാളുടെയും നടുവിൽ ഇരുന്നു കൊണ്ടു തന്നെ നിഖിൽ കയ്യിൽ ഇരുന്ന താളുകളിൽ രണ്ടുവരി കുറിച്ചു. ‘ഒരുവാക്കിനാൽ വിടചൊല്ലിയാൽ മറുവാക്കുകൊണ്ടൊന്നു നീറാം നെഞ്ചകം’. മേജർ രവിക്ക് ഈ വരികൾ നന്നേ ബോധിച്ചു. ‘സമയം ഇനി അധികമില്ല എല്ലാം വേഗത്തിലാക്കണം’ എന്ന മറുപടി നൽകി ഇരുവരെയും യാത്രയാക്കി. അന്നു തന്നെ ആദ്യവരികളോടു കൂട്ടിച്ചേർത്ത് അടുക്കും ചിട്ടയുമുള്ള ഒരു ഗാനത്തിനു നിഖിൽ പിറവി നൽകി.

വരികളുടെ ഭാവങ്ങൾക്കു മികച്ച ഈണവും നൽകി രാഹുൽ സുബ്രഹ്മണ്യൻ ഗാനം മേജർ രവിക്ക് നൽകി. സിനിമ തിയറ്ററുകളിൽ എത്തും മുൻപേ ഒരുവാക്കിനാൽ എന്ന ഗാനം സമൂഹമാധ്യമങ്ങളിലൂടെ ഹിറ്റായി. കോരുത്തോട് മറ്റത്തിൽ എം.ഡി. സാബു– ബിജി ദമ്പതികളുടെ മകനാണ് നിഖിൽ.