എവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

എവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

സമൃദ്ധിയുടെയും, ഐശ്യര്യത്തിന്റെയും, സന്തോഷത്തിന്റെയും നല്ല ദിനങ്ങൾ നിറഞ്ഞ ഓണത്തിന്റെ സന്തോഷം ഇത്തവണ ഇല്ല. പണ്ഡിതനും പാമരനും, പണക്കാരനും പാവപ്പെട്ടവനും, ഇല്ലാത്തവനും , ഉള്ളവനും, എല്ലാ ജാതിമതക്കാരും ഒത്തൊരുമയോടെ ഒരേമനസ്സോടെ പ്രതിസന്ധികളെ നേരിട്ട അപൂർവ ദിനങ്ങൾക്കാണ് നാം സാക്ഷ്യം വഹിച്ചത്. പലർക്കും ഇത് കണ്ണീരോണം ആണെങ്കിലും, എവർക്കും നന്മയുടെ, സാഹോദര്യത്തിന്റെ, പങ്കുവയ്ക്കലിന്റെ, പരസ്നേഹത്തിന്റെ ആശംസകൾ നേരുന്നു.

മനുഷ്യരെല്ലാം ഒന്നുപോലെ, സമഭാവനയോടെ കഴിയുന്ന ഒരു കാലം. കള്ളവും ചതിയുമില്ലാത്ത കാലം. മനുഷ്യരെല്ലാം പരസ്പര സഹായത്തോടെ കഴിയുന്ന ഒരു കാലം. പണ്ടെങ്ങോ അത്തരം സമത്വസുന്ദരമായ ഒരു കാലം ഉണ്ടായിരുന്നുവത്രെ …ഉണ്ടായിരുന്നിരിക്കാം; ഇല്ലായിരുന്നിരിക്കാം. അത്തരമൊരു കാലം നമ്മുടെ സങ്കല്‍പമാണ്… എന്തായാലും അപ്രതീക്ഷിതമായ പ്രകൃതിദുരന്തം നമ്മെ അത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു.. പദവിയോ, പത്രാസോ, സൗന്ദര്യമോ, കഴിവുകളോ, പ്രതിഭയോ, വിദ്യഭ്യാസമോ ഒന്നും തന്നെ പ്രകൃതിയുടെ വിളയാട്ടത്തിനു മുൻപിൽ ഒന്നുമല്ല എന്നുള്ള വലിയ തിരിച്ചറിവ് നമുക്ക് കിട്ടിയത് ഈ ഓണത്തിനാണ്. എല്ലാത്തിലും ഉപരി പരസ്പര വിശ്വാസവും, സ്നേഹവും, സഹകരണവുമാണ് ഏറ്റവും പ്രധാനം എന്ന വലിയ പാഠം നാം പഠിച്ചത് ഈ കണ്ണീരോണത്തിന്റെ ഒരു നല്ല വശമാണ് . ആ മഹത്തായ ജീവിതപാഠം പഠിച്ചതിന്റെ ആഹ്‌ളാദത്തിൽ, നിറഞ്ഞുതുളുമ്പുന്ന കണ്ണുനീർ മറച്ചുകൊണ്ട് നമുക്ക് ഈ ഓണം ഒരു ആഘോഷമാക്കാം ..

സമൃദ്ധിയും ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു ഓണം എല്ലാവര്ക്കും ആശംസിക്കുന്നു.