യുഡിഎഫിനു ലഭിച്ച മികച്ച ഭൂരിപക്ഷം ഇത്തവണയും നിലനിർത്താൻ പാർട്ടി അംഗങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നു കെപിസിസി സെക്രട്ടറി പി.എ. സലിം

പാറത്തോട് ∙ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു ലഭിച്ച മികച്ച ഭൂരിപക്ഷം ഇത്തവണയും നിലനിർത്താൻ പാർട്ടി അംഗങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നു കെപിസിസി സെക്രട്ടറി പി.എ. സലിം. കോൺഗ്രസ് പാറത്തോട് മണ്ഡലം കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

ഉമ്മൻ ചാണ്ടി സർക്കാരിന്റെ സമാനതകളില്ലാത്ത വികസന, ക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തിയായിരിക്കും ജനങ്ങൾ വോട്ടുചെയ്യുകയെന്നും പി.എ. സലിം പറഞ്ഞു. പൂഞ്ഞാറിൽ യുഡിഎഫ് വിജയം സുനിശ്‌ചിതമാണെന്ന അഭിപ്രായവും മണ്ഡലം കൺവൻഷനിലുയർന്നു.

മണ്ഡലത്തിലെ മാറിയ സാഹചര്യം അനുകൂലമാക്കാൻ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റ് വി.ഡി. സുധാകരന്റെ അധ്യക്ഷതയിൽ പ്രഫ. പി.ജെ. വർക്കി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോയി കപ്പിലുമാക്കൽ, കെ.എസ്. സെബാസ്‌റ്റ്യൻ, കെ.ജി. സാബു, ജോസ് പ്ലാപ്പള്ളി, ജോർജുകുട്ടി ഇലഞ്ഞിമറ്റം, ടി.എം. ഹനീഫാ, ഷാജി തുണ്ടിയിൽ, വക്കച്ചൻ അട്ടാറമാക്കൽ, തമ്പിക്കുട്ടി ഹാജി, വിപിൻ അറയ്‌ക്കൽ, സഫറുള്ള ഖാൻ എന്നിവർ പ്രസംഗിച്ചു.