ഇനിയിവിടെ വിശ്രമിക്കാം; മാലിന്യം തള്ളിയിരുന്നയിടം വിശ്രമകേന്ദ്രമാകുന്നു

പാറത്തോട്: ഒരുമാസം മുൻപ് വരെ മൂക്ക് പൊത്തി നടന്ന 26-ാം മൈൽ- മുക്കാലി റോഡ് ഇന്ന് ആകെ മാറി. മാലിന്യക്കൂടുകൾ ചിതറിക്കിടന്നിരുന്ന റോഡരികിൽ ചെടികളും തണലേകാൻ മരങ്ങളും വിശ്രമിക്കാൻ ഇരിപ്പിടവുമായി. ഹരിത കേരള മിഷൻ, പഞ്ചായത്ത് 14, 15 വാർഡുകൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ദേശീയപാത 183-ന്‌ സമീപത്താണ് നാലുമണിക്കാറ്റ് മാതൃകയിൽ വിശ്രമകേന്ദ്രമൊരുങ്ങുന്നത്.

ചങ്ങലപ്പാലം മുതൽ മുക്കാലി വരെ റോഡിന് ഇരുവശങ്ങളും വൃത്തിയാക്കി മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുന്ന ജോലി തൊഴിലുപ്പു പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കിവരുന്നു. വിശ്രമ സ്ഥലത്ത് പ്രദേശവാസികളുടെ സഹകരണത്തോടെയാണ് കോൺക്രീറ്റ് ബെഞ്ചുകൾ സ്ഥാപിച്ചത്. പച്ചത്തുരുത്തിന്റെയും വിശ്രമ കേന്ദ്രത്തിന്റെയും സംരക്ഷണത്തിനായി പ്രാദേശിക സമിതി രൂപവത്കരിച്ച് തുടർപ്രവർത്തനങ്ങൾ നടത്തും.

സാമൂഹിക വിരുദ്ധരുടെ ശല്യം ഒഴിവാക്കാൻ സോളാർ ലൈറ്റുകളും ക്യാമറകളും സ്ഥാപിക്കാനും പദ്ധതിയുണ്ട്. കുടുംബശ്രീയുടെ സഹകരണത്തോടെ നാടൻ പലഹാരങ്ങൾ വിൽക്കുന്ന സ്റ്റാളുകളും ആരംഭിക്കും.

ചെടികളും വൃക്ഷത്തൈകളും നട്ട് ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. രമേഷ് നടത്തി.

പച്ചത്തുരുത്ത് സംരക്ഷണ സമിതി രക്ഷാധികാരി കബീർ മുക്കാലി അധ്യക്ഷത വഹിച്ചു. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം പി.ഷാനവാസ്, മുക്കാലി ജുംആ മസ്ജിദ് ഇമാം സദഖത്തുള്ള മൗലവി, ഹരിത കേരളം സഹായ സംഘം പ്രതിനിധി സജിത്ത് വർമ, എസ്.ഐ. എം.എസ്. ഷിബു, വാർഡംഗങ്ങളായ എൻ.ജെ.കുര്യാക്കോസ്, വി.എം. ഷാജഹാൻ, എം.എ.റിബിൻഷാ തുടങ്ങിയവർ പ്രസംഗിച്ചു.