പനമറ്റത്ത് പടയണിക്കോലങ്ങൾ ഉറഞ്ഞുതുള്ളി

പനമറ്റത്ത് പടയണിക്കോലങ്ങൾ ഉറഞ്ഞുതുള്ളി

പനമറ്റം: ആചാര പെരുമയിൽ ഉറഞ്ഞുതുള്ളിയ പടയണിക്കോലങ്ങൾ സംസ്‌കാര തനിമയുടെ രൂപങ്ങളായപ്പോൾ സൗന്ദര്യക്കാഴ്ചകളിൽ മതിമറന്നു പനമറ്റം ഗ്രാമം. തീച്ചൂട്ടുകളും പന്തങ്ങളും പകർന്ന വെളിച്ചത്തിൽ തപ്പും കൈമണിയും ചെണ്ടയുമേകുന്ന പശ്ചാത്തലമേളത്തിൽ ഭൈരവിയും കാലനും യക്ഷിയും പക്ഷിയും മറുതയും ഉറഞ്ഞു തുള്ളി. കാത്തുനിന്ന ഭക്തരിലേക്ക് അനുഗ്രഹം വർഷിച്ച് പനമറ്റം ഭഗവതിക്ഷേത്ര സന്നിധിയിൽ വ്യാഴാഴ്ച രാത്രിയിൽ പടയണിക്കോലങ്ങളാടി. എഴുമറ്റൂര്‍ ശ്രീഭദ്രാ പടയണി സംഘമാണ് പടയണി അവതരിപ്പിച്ചത്. പാരമ്പര്യ ചിട്ടവട്ടങ്ങള്‍ പുലര്‍ത്തിയാണ് ഓരോ കോലവും ആടിയത്. കാലാന്തരത്തിൽ നിലച്ചുപോയ പടയണി അനുഷ്‌ഠാനം ദേവപ്രശ്‌ന വിധിപ്രകാരം എട്ടു വർഷം മുൻപാണ് ക്ഷേത്രത്തിൽ പുനരാരംഭിച്ചത്.

രാത്രി ഒമ്പതരയോടെ എലവുന്താനത്ത് ഭഗവതി ഐശ്വര്യഗന്ധർവസ്വാമി ക്ഷേത്രാങ്കണത്തിൽ നിന്നാണ് പടയണിക്കോലങ്ങൾ പുറപ്പെട്ടത്. ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ കോലങ്ങളെ ഭക്തർ ക്ഷേത്രമൈതാനത്തേക്ക് ആനയിച്ചു. പിന്നീട് ശ്രീകോവിലിൽനിന്ന് മേൽശാന്തി പുന്നശേരി ഇല്ലം വിനോദ് നമ്പൂതിരി കൊളുത്തി നൽകിയ ദീപത്തിൽനിന്ന് പടയണിക്കളത്തിലെ ചൂട്ടുകൂനയിലേക്ക് തീ പകർന്നു. ആകാശം മുട്ടെ ഉയർന്ന അഗ്നിനാളങ്ങളെ സാക്ഷിയാക്കിയാണ് കോലങ്ങളോരോന്നും ആടിയത്.

ദാരിക നിഗ്രഹം കഴിഞ്ഞെത്തിയ ഭദ്രകാളിയുടെ കോപം ശമിപ്പിക്കുന്നതിനു ഭൂതഗണങ്ങൾ കാളിയുടെമുന്നിൽ പാടിയാടിയതാണു പടയണിയെന്നാണ് ഐതീഹ്യം. ദേവി തന്റെ തന്നെ ഭൈരവിക്കോലം ദർശിച്ചു കലിയടങ്ങിയത്രേ.

പടയണിക്കു തുടക്കം കുറിച്ച് ഭഗവതിയുടെ മുൻപിൽ ആദ്യമെത്തിയത് ഗണപതിക്കോലമായിരുന്നു.കളം നിറഞ്ഞാടിയ ഗണപതിക്കോലത്തിനു പിന്നാലെ കരസ്‌ഥാന കോലങ്ങളായ യക്ഷിയും പക്ഷിയും മറുതയുമൊക്കെ ഉറഞ്ഞു തുള്ളിയപ്പോൾ അനുഷ്‌ഠാന കലയുടെ അപൂർവ വിരുന്നിനു കാഴ്‌ചക്കാരായി ദേശമാകെ ഒന്നിച്ചു. പച്ചപ്പാളകളിൽ നിർമിച്ച കോലങ്ങൾ നിറക്കൂട്ടുകൾ ചാർത്തി ഉഗ്രരൂപത്തിലാക്കിയിരുന്നു. ക്ഷേത്രമൈതാനത്ത് പടയണിക്കോലങ്ങളെ എഴുന്നള്ളിച്ചതിനു ശേഷം പടയണി അനുബന്ധ കലാപരിപാടികളാണ് ആദ്യമരങ്ങേറിയത്. അതിനു ശേഷമായിരുന്നു കോലങ്ങളുടെ ചുവടുവെയ്ക്കല്‍. പടയണി ചടങ്ങുകൾ പുലരുവോളം നീണ്ടു. കലിയടങ്ങാത്ത ദേവി തന്റെതന്നെ കോലമായ ഭൈരവിക്കോലം ദർശിച്ച് ശാന്തസ്വരൂപിണിയായി എന്ന ഐതിഹ്യത്തിന്റെ തുടർച്ചയായി പുലർച്ചെ ഭൈരവിക്കോലം കളത്തിലാടിയതോടെയാണ് പടയണി സമാപിച്ചത്.