തോളിൽ കുട്ടിയുമായി കാട്ടാനയുടെ മുൻപിൽ പെട്ടപ്പോൾ കുട്ടിയുടെ ജീവൻ രക്ഷിക്കുവാൻ പരമശിവം ജീവത്യാഗം ചെയ്തു

തോളിൽ കുട്ടിയുമായി കാട്ടാനയുടെ മുൻപിൽ പെട്ടപ്പോൾ കുട്ടിയുടെ ജീവൻ രക്ഷിക്കുവാൻ പരമശിവം ജീവത്യാഗം ചെയ്തു

തോളിൽ കുട്ടിയുമായി കാട്ടാനയുടെ മുൻപിൽ പെട്ടപ്പോൾ കുട്ടിയുടെ ജീവൻ രക്ഷിക്കുവാൻ പരമശിവം ജീവത്യാഗം ചെയ്തു

കോരുത്തോട് : ” മറ്റൊരാളുടെ ജീവൻ രക്ഷിക്കുവാൻ വേണ്ടി സ്വന്തം ജീവൻ ബലികഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല ” എന്ന മഹത് വചനം അക്ഷരാർഥത്തിൽ അന്വർഥമാക്കുകയായിരുന്നു തമിഴ്‌നാട് സേലം സ്വദേശി പരമശിവം. ശബരിമല യാത്രയ്ക്കിടയിൽ, കോരുത്തോട്,മുക്കുഴി അമ്പലത്തില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെ ഉള്‍വനത്തില്‍, രാത്രിയിൽ സ്വന്തം പെങ്ങളുടെ ഒൻപതു വയസ്സുള്ള മകളെയും തോളിലേറ്റിക്കൊണ്ടു , ഒപ്പം പത്തുവയസ്സുള്ള മകനെയും ചേർത്തുപിടിച്ചു സുഹൃത്തുക്കൾക്കൊപ്പം ശരണമന്ത്രം ഉരുവിട്ടുകൊണ്ടു നടക്കുകയായിരുന്ന പരമശിവം (35) എന്ന അയ്യപ്പഭക്തന്റെ മുൻപിൽ അപ്രതീക്ഷിതമായി കലിയിളകിയ കൊമ്പൻ പാഞ്ഞെത്തുകയായിരുന്നു. ആരോഗ്യദൃഢഗാത്രനായ പരമശിവത്തിനു തനിയെയായിരുന്നങ്കിൽ താഴെയുള്ള കുഴിയിലേക്ക് ചാടി രക്ഷപെടാമായിരുന്നു. അതല്ലെങ്കിൽ തോളത്തു ഇരിക്കുന്ന കുട്ടിയ ഉപേക്ഷിച്ചു നിമിഷാർദ്ധം കൊണ്ട് ഓടി രക്ഷപെടുവാൻ ശ്രമിക്കാമായിരുന്നു. എന്നാൽ രണ്ടുപേർക്കും ഒരുമിച്ചു കൊമ്പന്റെ മുൻപിൽ നിന്നും രക്ഷപെടുവാൻ ആ സമയത്തു സാധ്യമല്ലായിരുന്നു . അതിനാൽ ഒരു തീരുമാനമെടുക്കുവാൻ കിട്ടിയ ഒരു നിമിഷത്തിന്റെ നൂറിലൊരംശം മുതലാക്കി പരമശിവം ഒരു കാര്യം തീരുമാനിച്ചു. തന്റെ ജീവനേക്കാൾ വലുത് തന്റെ തോളത്തു തന്നെ വിശ്വസിച്ചു കെട്ടിപിടിച്ചു ഇരിക്കുന്ന തന്റെ അനന്തരവവളുടെ ജീവനാണ്. തീരുമാനമെടുത്ത നിമിഷം പരമശിവം അത് പ്രാവർത്തികമാക്കി. കാട്ടാന പരമശിവത്തിന്റെ കാലിൽ തുമ്പികൈ ചുറ്റി കോരിയെടുത്ത നിമിഷം അയാൾ തന്റെ തോളിൽ ഇരുന്ന കുട്ടിയെ പുറത്തേക്കു വലിച്ചെറിഞ്ഞു. ആന വാരിയെടുത്ത് നിലത്തടിക്കുന്നതിനു തൊട്ടുമുൻപ്, തന്റെ അതിദയനീയ മരണം മുൻപിൽ കണ്ട നിമിഷങ്ങളിൽ സർവ്വശക്തിയുമെടുത്ത് പരമശിവം വിളിച്ചു പറഞ്ഞു ” ഓടിക്കോ മോളെ ” . അങ്ങനെ ഒരു മനുഷ്യന് ചെയ്യാവുന്ന ഏറ്റവും വലിയ ത്യാഗപ്രവർത്തിയിലൂടെ മറ്റൊരാളുടെ ജീവൻ രക്ഷിക്കുവാൻ സ്വന്തം ജീവൻ ബലികഴിച്ച പരമശിവം എന്ന അയ്യപ്പഭക്തൻ ശബരിമല യാത്രയ്ക്കിടയിൽ ഭഗവാനിൽ വിലയം പ്രാപിച്ചു.

അപകടം കണ്ടു കൂടെയുണ്ടായിരുന്ന പത്തോളം വരുന്ന തീർത്ഥാടകർ പേടിച്ചു ചിതറിയോടി. അടുത്തുതന്നെ അയ്യപ്പന്മാർ രാത്രിയിൽ വിരിവയ്ക്കുന്ന സ്ഥലമുണ്ടായിരുന്നു. ഓടി അവിടെയെത്തിയ അയ്യപ്പന്മാർ വിവരം പറഞ്ഞപ്പോൾ അവിടെയുള്ള കടക്കാർ ടോർച്ചുമെടുത്തു സംഭവ സ്ഥലത്തെത്തി നോക്കിയപ്പോൾ മരിച്ചുകിടക്കുന്ന പരമശിവത്തിന്റെ അടുത്ത് കലിയടങ്ങിയ ആന അനങ്ങാതെ നിക്കുന്നത് കണ്ടു. തൊട്ടു പിറകിൽ ഭയന്ന് വിറച്ചു ദിവ്യ എന്ന ഒൻപതുവസ്സുകാരി പെൺകുട്ടിയും. തൊട്ടടുത്ത് നിന്നിട്ടും ആന ആ കുട്ടിയ ഉപദ്രവിചില്ല. ധൈര്യം സംഭരിച്ചു ഷിബു എന്നയാൾ ഷിബു പതിയ ആനയുടെ അടുത്തുചെന്നു കുട്ടിയ വാരിയെടുത്ത് താഴേക്ക് ഓടി രക്ഷപെട്ടു.

കോരുത്തോട്,മുക്കുഴി അമ്പലത്തില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെ ഉള്‍വനത്തില്‍ വെള്ളാരംകേട്ടയിലാണ് ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പത്തോളം വരുന്ന സംഘം രാത്രിയിൽ വനത്തിൽ കൂടി നടന്നു ശബരിമലയ്ക്കു പോവുകയായിരുന്നു. രാത്രിയിൽ വിരി വയ്ക്കുന്ന സ്ഥലത്തിന് അടുത്തെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പെരുവന്താനം പോലീസ് സ്ഥലത്തെത്തി മേൽനടപടികളാരംഭിച്ചു. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട ദിവ്യയും, മരണമടഞ്ഞ പരമശിവത്തിന്റെ മകൻ ഗോകുൽ കൃഷ്ണയും

ആക്രമണം നടന്ന സ്ഥലത്തു അടുത്ത ദിവസങ്ങളിൽ കാട്ടാനക്കൂട്ടം പതിവായി എത്തുന്നുണ്ടായിരുന്നു. അതിനാൽ അയ്യപ്പഭക്തർ ഭീതിയോടെയായിരുന്നു അതുവഴി യാത്ര ചെയ്തിരുന്നത് .

വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :