വാദപ്രതിവാദങ്ങൾക്കൊടുവിൽ രാജി…പ്രതിസന്ധി നീങ്ങി

വാദപ്രതിവാദങ്ങൾക്കൊടുവിൽ രാജി…പ്രതിസന്ധി നീങ്ങി

പാറത്തോട് : വാദപ്രതിവാദങ്ങൾക്കും. ആരോപണപ്രത്യരോപണങ്ങൾക്കും, ചൂടേറിയ വാഗ്‌വാദങ്ങൾക്കുമൊടുവിൽ പാറത്തോട് പഞ്ചായത്തു പ്രസിഡണ്ട് ജോളി ഡൊമിനിക് രാജി സമർപ്പിച്ചു.. അതോടെ പാറത്തോട് പഞ്ചായത്ത് ഭരണസമിതിയിൽ ഉടലെടുത്ത പ്രതിസന്ധി നീങ്ങി. ഭരണസമിതിയുടെ രക്ഷക്കായി അഹോരാത്രം ബുദ്ധിമുട്ടിയ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോണിക്കുട്ടി മഠത്തിനകം മുതലായ നേതാക്കൾക്ക് ആശ്വാസം.. ഭരണം പിടിച്ചെടുക്കാമെന്നു പ്രതീക്ഷിച്ചു അട്ടിമറിയ്ക്കു ശ്രമിച്ച പ്രതിപക്ഷത്തിന് നിരാശ….

ഒടുവിൽ കേരള കോൺഗ്രസ് (എം) പാർട്ടി നേതൃത്വത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോളി ഡൊമിനിക് രാജിവച്ചു. കേരള കോൺഗ്രസ് (എം) ഭരിക്കുന്ന പഞ്ചായത്തിൽ പാർട്ടിക്കുള്ളിലെ മുൻ ധാരണ പ്രകാരം ആദ്യ രണ്ടു വർഷത്തേക്കായിരുന്നു ജോളി ഡൊമിനിക്കിനു പ്രസിഡന്റ് സ്ഥാനം നൽകിയത് .

എന്നാൽ രണ്ടു വർഷം കഴിഞ്ഞിട്ടും രാജിവയ്ക്കാതെ എൽഡിഎഫിന്റെ പിന്തുണ തേടി ജോളി പാർട്ടിയെ വെട്ടിലാക്കിയിരുന്നു. താൻ പ്രസിഡന്റായിരുന്നപ്പോൾ ഭരണകാര്യത്തിൽ പാർട്ടിയും ഒപ്പമുള്ളവരും തന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചെന്നും അതിനാൽ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്നും വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ എൽഡിഎഫ് പിന്തുണയോടെ അഞ്ചു വർഷം ഭരിക്കുമെന്നും ജോളി ഡൊമിനിക് ചൊവ്വാഴ്ച പറഞ്ഞിരുന്നു.

എന്നാൽ പാർട്ടി നേതൃത്വം ജോളി ഡൊമിനിക്കുമായി നടത്തിയ ചർച്ചയെ തുടർന്ന് ഇന്നലെ വൈകിട്ട് രാജി സമർപ്പിക്കുകയായിരുന്നു. പാർട്ടി നേതൃത്വവുമായി നടത്തിയ ചർച്ചയിൽ തന്റെ പ്രശ്നങ്ങൾ പരിഹരിച്ചെന്നും അതിനാൽ പാർട്ടി നിർദേശം അനുസരിച്ച് രാജിവയ്ക്കുകയായിരുന്നുവെന്നും ജോളി അറിയിച്ചു. തിരഞ്ഞെടുപ്പിനു ശേഷം അന്നത്തെ യുഡിഎഫിലെ ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം ആദ്യ മൂന്നു വർഷം കേരള കോൺഗ്രസിനും (എം) തുടർന്നുള്ള രണ്ടു വർഷം കോൺഗ്രസിനുമായിരുന്നു.

പ്രസിഡന്റ് സ്ഥാനം വനിതകൾക്കു സംവരണ ചെയ്തിരിക്കുന്ന പഞ്ചായത്തിൽ കേരള കോൺഗ്രസിന് (എം) ലഭിച്ചിരിക്കുന്ന മൂന്നു വർഷത്തിൽ ആദ്യ രണ്ടു വർഷം ജോളി ഡൊമിനിക്കിനും അടുത്ത ഒരു വർഷം ജയാ ജേക്കബിനും പ്രസിഡന്റ് സ്ഥാനം നൽകാനാണ് പാർട്ടിക്കുള്ളിലെ ധാരണ. ഇതനുസരിച്ച് ജയാ ജേക്കബായിരിക്കും അടുത്ത പഞ്ചായത്ത് പ്രസിഡന്റ് .