കുന്നുംഭാഗം കുടിവെള്ള പദ്ധതി നിലച്ചു ; ജനങ്ങള്‍ പാറത്തോട് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

കുന്നുംഭാഗം കുടിവെള്ള പദ്ധതി നിലച്ചു ; ജനങ്ങള്‍ പാറത്തോട് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

പാറത്തോട് ∙ കുന്നുംഭാഗം കോളനിയിലെ കുടിവെള്ളപ്രശ്നത്തിനു പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ജനകീയ ജലവിതരണ സംഘത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് ഉപരോധം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു.

ഉപരോധത്തെ തുടർന്നു ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ ഏഴു ദിവസത്തിനുള്ളിൽ പ്രശ്നത്തിനു പരിഹാരമുണ്ടാകുമെന്ന് ഉറപ്പു ലഭിച്ചതായി സമരസമിതി ഭാരവാഹികൾ അറിയിച്ചു. ഗ്രാമപഞ്ചായത്ത് 15–ാം വാർഡ് കുന്നുംഭാഗം കുടിവെള്ള പദ്ധതി കഴിഞ്ഞ അഞ്ചു വർഷമായി മികച്ച നിലയിൽ പ്രവർത്തിച്ചുവരുകയായിരുന്നു.

എന്നാൽ, ആറു മാസമായി പദ്ധതിയിൽനിന്നു ജലവിതരണം നടക്കുന്നില്ല. കാലപ്പഴക്കത്താൽ കുഴൽക്കിണർ ഉപയോഗയോഗ്യമല്ലാതായതോടെ പദ്ധതി ആറു മാസമായി നിലച്ചു. പദ്ധതിയുടെ കുഴൽക്കിണറിനു സമീപത്തുതന്നെ മറ്റൊരു കുഴൽക്കിണർ നിർമിക്കുന്നതിനായി ഭൂജലവകുപ്പിൽനിന്ന് അനുമതി ലഭിച്ചിട്ടും കിണർ നിർമിച്ചില്ലെന്നു നാട്ടുകാർ പറയുന്നു.

ഉപരോധസമരത്തിൽ പഞ്ചായത്ത് അംഗങ്ങളായ വി.എം.ഷാജഹാൻ, റെസീന മുഹമ്മദുകുഞ്ഞ്, മാർട്ടിൻ തോമസ്, സംഘം സെക്രട്ടറി പി.കെ.അനസ്, പ്രസിഡന്റ് എം.കെ.ഹക്കീം, ബാബു ജോൺ, പി.എസ്.ജലീൽ, സോഫിയ അൻസാരി, ഷീജ ഹബീബ്, പി.കെ.സലീം, അഷറഫ്, മിനി ജോബി എന്നിവർ നേതൃത്വം നൽകി.