കർഷക അവഗണക്ക് എതിരെ പ്രതിഷേധവുമായി കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം

കർഷക അവഗണക്ക് എതിരെ പ്രതിഷേധവുമായി  കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം

കാഞ്ഞിരപ്പള്ളി:വികസനത്തിന്റെ മറവില്‍ കര്‍ഷകന്റെ ഭൂമി ബലമായി ഏറ്റെടുക്കുന്നത് കിരാതവും ശക്തമായി എതിര്‍ക്കേണ്ടതുമാണെന്ന് കഞ്ഞിരപ്പള്ളി പാസ്റ്ററല്‍ കതൗണ്‍സില്‍ പ്രമേയം. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ഷകര്‍ക്കുപകരിക്കുന്ന തുറന്ന സമീപനമുണ്ടാക്കണം.

രാഷ്ട്രിയ കക്ഷികളുടെ ബലം കര്‍ഷകരാണ്.കര്‍ഷകരെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ അവര്‍ക്കായി വാദിക്കാന്‍ ഈ രാഷ്ട്രീയ കക്ഷികളെയൊന്നും കാണാറില്ല. വഴിപാടുസമരങ്ങളും വാഗ്ദാനങ്ങളും നല്‍കി കര്‍ഷകരെ വിഢികളാക്കുകയാണ.്

കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തിയ നടപടി പിന്‍വലിക്കണം.

കേരളത്തില്‍ മാത്രം നിലനില്‍ക്കുന്ന ഇ.എഫ്.എല്‍. നിയമം കര്‍ഷകവിരുദ്ധമായതിനാല്‍ പിന്‍വലിക്കണം. മലയോര മേഖലയില്‍ അര്‍ഹരായ മുഴുവന്‍പേര്‍ക്കും അടിയന്തരമായി ഉപാധിരഹിത പട്ടയം നല്‍കണം. കടക്കെണിയിലായിരിക്കുന്ന കര്‍ഷകരുടെമേലുള്ള ജപ്തി ലേലനടപടികള്‍ നിര്‍ത്തിവയ്ക്കണം
.
സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ നാളുകളില്‍ പ്രഖ്യാപിച്ച റബര്‍ സംഭരണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുവാന്‍ സാധിച്ചിട്ടില്ല. ബജറ്റില്‍ റബര്‍ സംഭരണത്തിന് 300 കോടിയുടെ പ്രഖ്യാപനം അടിയന്തരമായി നടപ്പിലാക്കണം.റബറിന്റെ ആഭ്യന്തര ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പിലൂടെ റോഡ് റബറൈസേഷന്‍ ഊര്‍ജിതപ്പെടുത്തണം. ഏലം മേഖലയിലെ പ്രതിസന്ധി അടിയന്തരമായി ചര്‍ച്ചചെയ്തു പരിഹരിക്കുക.

കേരകര്‍ഷകര്‍ പ്രത്യാശയോടെ ഉറ്റുനോക്കിയിരുന്ന നീര ഉല്പാദനത്തിനുള്ള ലൈസന്‍സിംഗ്, ഭരണനേതൃത്വത്തിലുള്ളവര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ തടസ്സപ്പെടരുത്.

കാര്‍ഷിക മേഖലയില്‍ പലിശരഹിത വായ്പ അനുവദിക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിക്കണം. ഭൂമിയുടെ ന്യായവിലയിലും ക്രയവിക്രയങ്ങളിലെ രജിസ്‌ട്രേഷന്‍ ഫീസിലുണ്ടായിരിക്കുന്ന അന്യായ വര്‍ദ്ധനവ് പിന്‍വലിക്കണം. എല്ലാ കര്‍ഷകര്‍ക്കും അഗ്രി കാര്‍ഡ് ലഭിക്കുന്നതിന് സാഹചര്യമൊരുക്കുകയും, സമയപരിധി നീട്ടി സുതാര്യമാക്കുന്നതിനോടൊപ്പം കൃഷിഭവനുകള്‍ക്ക് അടിയന്തിര നിര്‍ദേശം നല്‍കുകയും വേണമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം അഭ്യര്‍ത്ഥിച്ചു.