ആ കൊലയാളി നമ്മോടൊപ്പം ഉണ്ട് ..സ്വതന്ത്രനായി ..കുറ്റപത്രം പൂർണമല്ലാത്തതിനാൽ പഴയിടം ദന്പതി കൊലക്കേസിലെ പ്രതിക്ക് ജാമ്യം കിട്ടിയിരുന്നു, ഇപ്പോൾ ഒളിവിൽ, ചങ്കിടിപ്പോടെ നാട്ടുകാർ

ആ കൊലയാളി നമ്മോടൊപ്പം ഉണ്ട് ..സ്വതന്ത്രനായി ..കുറ്റപത്രം പൂർണമല്ലാത്തതിനാൽ പഴയിടം ദന്പതി   കൊലക്കേസിലെ പ്രതിക്ക് ജാമ്യം കിട്ടിയിരുന്നു, ഇപ്പോൾ ഒളിവിൽ, ചങ്കിടിപ്പോടെ നാട്ടുകാർ

പഴയിടം : തെളിവുകൾ പൂർണമല്ലെങ്കിൽ ചിലപ്പോൾ കോടതിയും നിസ്സഹായനായി പോകും. കുറ്റപത്രം പൂർണമല്ലാത്തതിനാൽ പഴയിടം ദന്പതിവധകേസിലെ പ്രതി പഴയിടം ചൂരപ്പാടിയില്‍ അരുണ്‍ ശശി ജാമ്യം എടുത്തു പുറത്തിറങ്ങി സ്വതന്ത്രനായി നടക്കുന്നു … കഴിഞ്ഞ കുറെ നാളുകളായി ഇയാൾ ഒളിവിലാണെന്ന് കരുതപ്പെടുന്നു . നാടിനെ നടുക്കിയ പഴയിടം ദന്പതികൊലക്കേസിന് മൂന്നു വയസ് തികയുകയാണ്

രോഗബാധിതയായിരുന്ന അരുണ്‍ശശിയുടെ അമ്മ മരിച്ചപ്പോഴും അസ്ഥി നിമജ്ജനംചെയ്തപ്പോഴും ജാമ്യത്തിൽ പുറത്തുള്ള അരുണ്‍ശശി എത്തിയിരുന്നില്ലെന്നുള്ളത് അയാൾ ഒളിവിലാണ് എന്നുള്ള സംശയത്തിനു ബലം നല്കുന്നു.

അരുണ്‍ ശശി മുങ്ങിയതറിഞ്ഞതോടെ കൊലക്കേസിലെ പ്രധാന സാക്ഷികളായ ദമ്പതികളുടെ പെണ്‍മക്കള്‍ ഭീതിയിലാണ് കഴിയുന്നത്. അവരെ കൂടാതെ അരുണിന് എതിരെ സാക്ഷി പറഞ്ഞ എല്ലാവരും തന്നെ ഭയന്ന് കഴിയുന്നത്

ഏറെ കോളിളക്കംസൃഷ്ടിച്ച പഴയിടം കൊലക്കേസ് പ്രതിയായ മണിമല പഴയിടം ചൂരപ്പാടിയില്‍ അരുണ്‍ ശശിയാണ് മറ്റൊരു കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങിയത്.

മരിച്ച ഭാസ്കരൻ നായരുടെ ഇളയ മകളുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുന്നതിനാല്‍ ഇവര്‍ കുട്ടികളുമായി ഒറ്റയ്ക്കാണ് താമസം. ഭീതിയിലായ ഇരുവരുംചേര്‍ന്ന് പോലീസിൽപരാതി നല്‍കിയിരിക്കുകയാണ്.

pazayidam-murder-case 2013 ആഗസ്ത് 28നാണ് മണിമലയ്ക്കുസമീപം പഴയിടത്ത് വൃദ്ധ ദമ്പതിമാരായ റിട്ട.പി.ഡബ്ല്യു.ഡി. സൂപ്രണ്ട് പഴയിടം തീമ്പനാല്‍ (ചൂരപ്പാടിയില്‍) എന്‍.ഭാസ്‌കരന്‍ നായര്‍ (75),ഭാര്യ റിട്ട.കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവരെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവംനടന്ന് ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ ബന്ധുവായ അരുണ്‍ ശശിയെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

പഴയിടം ഷാപ്പിന് എതിര്‍വശത്തുള്ള ഇരുനില വീടിന്റെ താഴത്തെനിലയില്‍ കോണിപ്പടിയോട് ചേര്‍ന്നാണ് വൃദ്ധ ദമ്പതിമാരുടെ മൃതദേഹങ്ങള്‍ കിടന്നിരുന്നത്.തലയ്ക്കുപിറകില്‍ ചുറ്റികകൊണ്ട് അടിച്ച് മുറിവേല്‍പ്പിച്ചതിനുശേഷം മുഖത്ത് തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവദിവസം രാത്രി വീട്ടിലെത്തിയ അരുണ്‍ശശി, വസ്ത്രം എടുക്കുന്നതിനായി തങ്കമ്മ മുകള്‍നിലയിലേക്ക് പോയ സമയത്ത് ടി.വി.കാണുകയായിരുന്ന ഭാസ്‌കരന്‍ നായരെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതി പോലീസിന് മൊഴി നല്‍കിയത്. ശബ്ദം കേട്ടിറങ്ങി വന്ന തങ്കമ്മയെയും അക്രമി വകവരുത്തി.

സംഭവത്തിനുപിന്നില്‍ ഒന്നിലധികം ആളുകളുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി വാക്കത്തിയും കോടാലി ക്കൈയും സംഭവസ്ഥലത്ത് ഉപേക്ഷിച്ച പ്രതി കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക ഒളിപ്പിക്കുകയും ചെയ്തു.

എറണാകുളം റേഞ്ച് ഐ.ജി. പത്മകുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രതിക്കായി അന്വേഷണം മുറുകുന്നതിനിടെ കോട്ടയം കഞ്ഞിക്കുഴിയില്‍ മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ അരുണ്‍ ശശി പോലീസിന്റെ പിടിയിലായതാണ് കൊലപാതക കേസിന്റെ ചുരുളഴിച്ചത്.

പിടിയിലായ അരുണ്‍ കൊല്ലപ്പെട്ട വൃദ്ധദമ്പതിമാരുടെ അടുത്ത ബന്ധുവാണെന്ന് സ്ഥിരീകരിച്ചതോടെ പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു. വാഹന ഇടപാട് സംബന്ധിച്ച് ബാദ്ധ്യത തീര്‍ക്കുന്നതിനായാണ് അരുംകൊലയ്ക്ക് അരുണ്‍ മുതിര്‍ന്നതെന്നും പോലീസ് കണ്ടെത്തിയിരുന്നു.വീട്ടിലേക്കുള്ള ടെലിഫോണ്‍ ബന്ധം വിച്ഛേദിച്ച അരുണ്‍ വീടിന്റെ രണ്ടാം നിലയില്‍നിന്ന് ഊരിമാറ്റിയ ബള്‍ബില്‍നിന്ന് മാത്രമാണ് പ്രതിയുടെ വിരലടയാളം കൃത്യമായി ലഭിച്ചത്.

pazayidam-murder-theliveduppu2 അരുണിനെ പഴയിടത്ത് എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും അനുബന്ധ വസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു.

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ മണിമല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് കോടതി പലതവണ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍, അരുണ്‍ശശിക്കെതിരെ ശക്തമായ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണസംഘത്തിന് സാധിക്കാത്തത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തടസ്സമാകുകയായിരുന്നു.

കുറ്റകൃത്യം നടന്ന് ഒന്‍പതുമാസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനാല്‍ ദമ്പതികൊലക്കേസില്‍ അരുണ്‍ശശിക്ക് ജാമ്യം ലഭിച്ചിരുന്നു. അന്വേഷണം നടത്തി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് നിയമം. നിശ്ചിത സമയത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തപക്ഷം കുറ്റാരോപിതനായ ആള്‍ക്ക് മജിസ്‌ട്രേട്ട് ജാമ്യം അനുവദിക്കണമെന്ന നിയമത്തിന്റെ പിന്‍ബലത്തിലാണ് കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്.

സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാത്ത പോലീസിന്റെ നടപടി വിമര്‍ശത്തിന് കാരണമായിരുന്നു. കുറ്റപത്രത്തിന്റെ അഭാവത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കപ്പെട്ടത് കേസിന്റെ തുടര്‍നടപടികളില്‍ പ്രോസിക്യൂഷനെ പ്രതികൂലമായി ബാധിക്കാന്‍ സാദ്ധ്യതയുള്ളതായി നിയമവിദഗ്ദ്ധര്‍ പറയുന്നു.

പഴയ ചില ചിത്രങ്ങൾ …
pazayidam-murder-theliveduppu

crowd-during-police-investigation-
pazahyidam-murder-arun-sashi

pazhayidam kolacase prathi