മഴക്കെടുതികൾ നേരിടാൻ പൂഞ്ഞാർ സജ്ജം : പി.സി ജോർജ് എം.എൽ.എ

മഴക്കെടുതികൾ നേരിടാൻ പൂഞ്ഞാർ സജ്ജം :  പി.സി ജോർജ് എം.എൽ.എ


കാഞ്ഞിരപ്പള്ളി : കാലവർഷം ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ മഴക്കെടുതികൾ നേരിടുന്നത്തിനായുള്ള ക്രമീകരണങ്ങൾ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ സജ്ജമെന്ന് പി.സി ജോർജ് എം.എൽ.എ. ഇതുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി താലൂക്കിന് കീഴിലുള്ള പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപകട സാധ്യത മേഖലകളിൽ ജനപ്രതിനിധികളുടെയും,  റവന്യു, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യ തദ്ദേശ വകുപ്പുകളെ ബന്ധിപ്പിച്ച് ഹോട്ട്ലൈൻ സംവിധാനം ഏർപ്പെടുത്തും. വാർഡ് തല ജാഗ്രത സമിതികൾ ശക്തിപ്പെടുത്തുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ അടിയന്തിര സാഹചര്യമുണ്ടായാൽ ഫയർ ഫോഴ്‌സിനെ സഹായിക്കുന്നതിന് പഞ്ചായത്ത്‌ തലത്തിൽ സന്നദ്ധ സേന രൂപീകരിച്ച് രക്ഷാപ്രവർത്തനം ഫലപ്രദമാകും. ദുരിതാശ്വാസ ക്യാമ്പുകളായി കണ്ടെത്തിയിരിക്കുന്ന കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. കാലവർഷം ആരംഭിച്ചതോടെ പകർച്ചവ്യാധികൾ പടരാൻ സാധ്യതയുള്ളതിനാൽ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ റ്റി.എസ് കൃഷ്ണകുമാർ, കെ.എസ് രാജു, ബിനു സജീവ്, കെ.ബി രാജൻ, ജെസ്സി ജോസ്, കാഞ്ഞിരപ്പള്ളി തഹസിൽദാർ അജിത് കുമാർ, കാഞ്ഞിരപ്പള്ളി ഡി.വൈ. എസ്.പി ജെ സന്തോഷ്‌ കുമാർ, മറ്റ്‌ ത്രിതല പഞ്ചായത്തംഗങ്ങൾ, പോലീസ്,ഫയർ ഫോഴ്സ്, റവന്യു, പൊതുമരാമത്ത്, ആരോഗ്യം, വൈദ്യുതി, ജലസേചനം, തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.