കന്യാസ്ത്രീകള്‍ക്കെതിരായ പരാമര്‍ശം: പി.സി ജോര്‍ജിന് ദേശീയ വനിതാ കമ്മിഷന്റെ നോട്ടീസ്‌

കന്യാസ്ത്രീകള്‍ക്കെതിരായ പരാമര്‍ശം: പി.സി ജോര്‍ജിന് ദേശീയ വനിതാ കമ്മിഷന്റെ  നോട്ടീസ്‌

പീഡനത്തിന് ഇരയായ കന്യാസ്‌ത്രീയ്‌ക്കും, അവരെ പിന്തുണച്ചു സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്കുമെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ പൂഞ്ഞാർ എം. എൽ. എ. പി.സി ജോര്‍ജിന് നോട്ടീസ് അയച്ചു. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് വിശദീകരണം നല്‍കാനാണ് ദേശീയ വനീതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. കഴിഞ്ഞ ദിവസമാണ് പി.സി ജോര്‍ജ് സമരം നടത്തുന്ന കന്യാസ്ത്രിക്കെതിരെ മോശം പരാമര്‍ശം ഉന്നയിച്ചത്. പിസി ജോര്‍ജിന്റെ പരാമര്‍ശം അപലപനീയവും ശിക്ഷാര്‍ഹവുമാണെന്ന് ദേശീയ വനിതാ കമ്മിഷന്‍ പറഞ്ഞു.

സെപ്റ്റംബര്‍ 20ന് ദേശീയ വനിത കമ്മീഷന്റെ ഡല്‍ഹിയിലുള്ള ആസ്ഥാനത്ത് രാവിലെ 11.30 ന് നേരിട്ട് ഹാജരായി ഈ വിഷയത്തില്‍ വിശദീകരണം നല്‍കാനാണ് അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് ഒരു നോട്ടീസും ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പി.സി ജോര്‍ജ് എം.എല്‍ ക്ക് അയച്ചിട്ടുണ്ട്. അദേഹത്തിന്റെ പരാമര്‍ശങ്ങള്‍ വളരെയധികം അപലപനീയും ഇത്തരത്തിലുള്ള പരാമര്‍ശം ഒരു എം.എല്‍.എയില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും ഈ നോട്ടീസില്‍ പറയുന്നുണ്ട്.

വളരെ ഗൗരവമേറിയ പരാമര്‍ശമാണ് പി.സി ജോര്‍ജില്‍ നിന്നും ഉണ്ടായതെന്ന്‌ ഈ നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പീഡന പരാതി അന്വേഷിക്കണമെന്നാണ് കന്യാസ്ത്രീ ആവശ്യപ്പെട്ടത്. ആ കന്യാസ്ത്രിയെയാണ് മോശം പരാമര്‍ശം നടത്തി പി.സി. ജോര്‍ജ് അപമാനിച്ചത്. ഇതു ഒരു രീതിയിലും അംഗീകരിക്കാനാവിലെന്നും ഈ വിഷയത്തില്‍ പി.സി ജോര്‍ജ് വിശദീകരണം നല്‍കണം എന്നുമാണ് ദേശീയ വനിത കമ്മീഷന്റെ നിലപാട്. ജലന്തർ ബിഷപ്പിനെതിരായ പരാതിയിൽ കേരള പൊലീസും പഞ്ചാബ് സർക്കാരും ഫലപ്രദമായി ഇടപെട്ടില്ലെന്നു ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയത്തിനു കത്തു നൽകിയതായും വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു.

ജലന്തർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തിൽ നേരിട്ടു ഹാജരാകാൻ നിർദേശിച്ച വനിത കമ്മിഷനോട് യാത്രാ ബത്ത നൽകിയാൽ വരാമെന്ന് പി.സി.ജോർജ് എംഎൽഎ. ഡൽഹിയിൽ വരാൻ യാത്രാ ബത്ത വേണം. അല്ലെങ്കിൽ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ കേരളത്തിൽ വരട്ടെയെന്നും പി.സി. ജോർജ് പ്രതികരിച്ചു. ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങൾ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോ? – ജോർജ് പറഞ്ഞു.

അതേസമയം, വനിതാ കമ്മിഷൻ വിളിച്ചുവരുത്തുന്നത് ശിക്ഷാനടപടിയല്ലെന്ന് നിയമവൃത്തങ്ങൾ വിശദീകരിക്കുന്നു. കാര്യം വിശദീകരിക്കാനുള്ള അവസരമാണ് ഇതിലൂടെ നൽകുന്നത്. സിവിൽ കോടതിയുടേതിനു സമാനമായ അധികാരം വനിതാ കമ്മിഷനുമുണ്ട്. ബത്ത അനുവദിക്കുന്ന രീതി കമ്മിഷനില്ല. നിർദേശിച്ചിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്ത് എത്തിക്കാൻ പൊലീസിനോട് ആവശ്യപ്പെടാം. ജനപ്രതിനിധിയും രാഷ്ട്രീയപാർട്ടി ഭാരവാഹിയുമായതിനാൽ തിരഞ്ഞെടുപ്പു കമ്മിഷനു പരാതിപ്പെടുന്നതടക്കം നടപടികളിലേക്കും കമ്മിഷനു കടക്കാം.

പി.സി. ജോർജ് എംഎൽഎയ്ക്കു ഡൽഹിക്കു വരാൻ പണമില്ലെങ്കിൽ ദേശീയ വനിതാ കമ്മിഷൻ നൽകുമെന്ന് അധ്യക്ഷ രേഖ ശർമ. യാത്രാച്ചെലവിനായി പണമില്ലെന്ന് എഴുതി നൽകിയാൽ യാത്രാ ബത്ത നൽകാം. ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി. ജോർജിൽനിന്നു കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും രേഖ ശർമ പറഞ്ഞു.

ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയിൽ സംസ്ഥാന സർക്കാരിനെയും രേഖ ശർമ രൂക്ഷമായി വിമർശിച്ചു. പരാതിക്കാരിയായ കന്യാസ്ത്രീയേയും ഒപ്പമുള്ള അഞ്ചു കന്യാസ്ത്രീകളെയും നേരിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കിയതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തും നൽകിയിരുന്നു. മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു അതൃപ്തി അറിയിക്കും. ഈ പരാതി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് എന്തോ കുഴപ്പമുണ്ട്. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണു സർക്കാരെന്നും രേഖ ശർമ ആരോപിച്ചു.

ഷാനിയോ പരുത്തിക്കാടോ പോലെ ആണെന്ന് കരുതി പി.സി ജോർജ് ചെന്ന് കയറിയത് സിംഗത്തിന്റെ മടയിൽ😝

Posted by Modi Sarkkar on Sunday, September 9, 2018