പാറത്തോട് പഞ്ചായത്തിൽ ഉണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം ഉറപ്പാക്കും പി.സി. ജോർജ് എം.എൽ.എ

പാറത്തോട് പഞ്ചായത്തിൽ  ഉണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം ഉറപ്പാക്കും പി.സി. ജോർജ് എം.എൽ.എ


കാഞ്ഞിരപ്പള്ളി : പാറത്തോട് പഞ്ചായത്തിൽ കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലും കാറ്റിലും നാശനഷ്ടം സംഭവിച്ച കൂവപ്പള്ളി, കൂരംതൂക്ക്, കാരികുളം മേഖലയിലെ വീടുകളും, കൃഷിയിടങ്ങളും ഫാമുകളും പിസി ജോർജ്ജ് എം.എൽ.എ സന്ദർശിച്ചു. തുടർന്ന് വ്യാപക നാശനഷ്ടം കണ്ട് ബോധ്യപ്പെട്ടതിന്റ അടിസ്ഥാനത്തിൽ അദ്ദേഹം കൃഷി ഓഫീസറെ വിളിച്ചുവരുത്തുകയും ചർച്ച നടത്തുകയും എഫ്.ഐ.ആർ ഇട്ട്  നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോർട്ട്  തയാറാക്കി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു.

അതോടൊപ്പം തന്നെ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിനായി  തഹസിൽദാർക്കും വിശദമായ റിപ്പോർട്ട് രണ്ട് ദിവസത്തിനകം എം.എൽ.എ ക്ക് സമർപ്പിക്കണമെന്ന് ഇടക്കുന്നം വില്ലേജ്  ഓഫീസർക്കും നിർദ്ദേശം നൽകി. കനത്ത കൃഷിനാശം സംഭവിച്ച കർഷകർക്കും വീട് നശിച്ചവർക്കും അടിയന്തിര സഹായമെത്തിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പിലും മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തി സത്വര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കർഷകർക്ക് ഉറപ്പ് നൽകി.