പി.സി. ജോർജ് മുഖ്യമന്ത്രിക്കു കത്തെഴുതി ; ദിലീപിനെ മനഃപൂർവം കുടുക്കിയതാണെന്നു ആരോപണം .

പി.സി. ജോർജ്   മുഖ്യമന്ത്രിക്കു കത്തെഴുതി ;   ദിലീപിനെ മനഃപൂർവം  കുടുക്കിയതാണെന്നു ആരോപണം .

സിനിമ നടൻ ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പി സി വീണ്ടും ഇടപെടുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ സിനിമ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തതിൽ ദുരൂഹതയുണ്ടെന്നും, , നടനെ മനഃപൂർവം നശിപ്പിക്കാനുള്ള ആസൂത്രിതഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പൂഞ്ഞാർ എം എൽ എ പി സി ജോർജ് പറഞ്ഞു .

നടി ആക്രമിക്കപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോ എഴുതിയ തിരക്കഥയനുസരിച്ചു, ദിലീപ് സംഭവത്തിൽ ബലിയാടായതാണെന്നാണ് ജനപക്ഷം പാർട്ടിയുടെ ചെയർമാന്റെ പക്ഷം. ..

ഒട്ടേറെ ദുരൂഹതകളാണ് ഈ കേസുമായി ബന്ധപ്പെട്ട് ഉയരുന്നത്. നടിയെ ആക്രമിച്ച കേസിൽ പൊലീസ് പൾസർ സുനിയെ അറസ്റ്റ് ചെയ്തശേഷം കഴിഞ്ഞ ദിവസം നടന്ന ദിലീപിന്റെ അറസ്റ്റ് വരെയുള്ള കാര്യങ്ങൾ വിശ്വസനീയമല്ല.

പൾസർ സുനി ജയിലിൽനിന്നു ദിലീപിനെഴുതിയ കത്തിൽ ജയിൽ സൂപ്രണ്ടിന്റെ സീൽ പതിഞ്ഞ സംഭവം മുതൽ ഈ കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്ത ദിവസം വരെയുള്ള കാര്യങ്ങൾ ആരോ തയാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ചാണ് നടന്നതെന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സംഭവുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജ് എം എൽ എ മുഖ്യമന്ത്രിക്കു കത്തെഴുതി. കത്തിലെ പ്രധാന ഭാഗങ്ങൾ വായിക്കാം ..

എറണാകുളത്ത് സിനിമാനടിയെ തട്ടിക്കൊണ്ടു പോയ കേസിൽ ജയിലിൽ കഴിയുന്ന പൾസർ സുനി എന്ന മുഖ്യപ്രതി ജയിലിൽ നിന്നും അയച്ച കത്ത് വാർത്താ മാധ്യമങ്ങളിലും പൊതു സമൂഹത്തിലും വലിയ ചർച്ച ആയിരിക്കുകയാണ്. ജയിൽ വകുപ്പിന്റെ മുദ്ര പതിഞ്ഞ ഈ കത്തിന്റെ കോപ്പി നവമാധ്യമങ്ങളിൽകൂടി വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത് ഈ കത്തിന്റെ അസൽ പകർപ്പിന്റെ കോപ്പിയാണെങ്കിൽ ഒട്ടേറെ സംശയങ്ങൾ അതുയർത്തുന്നുണ്ട്. അതിൽ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധ പതിയേണ്ട പ്രധാനപ്പെട്ട വസ്തുത പൾസർ സുനി ജയിലിൽ നിന്നയച്ച കത്തിലെ ജയിൽ വകുപ്പിന്റെ മുദ്രയാണ്.

ജയിലിൽ കഴിയുന്ന ഒരു പ്രതി പുറത്തേക്ക് കത്ത് അയയ്ക്കണമെങ്കിൽ അതെഴുതുവാനുള്ള കടലാസ് ജയിൽ സൂപ്രണ്ടാണ് അനുവദിച്ചു നൽകേണ്ടത് . പ്രതി പ്രസ്തുത കടലാസിലെഴുതുന്ന കത്തുകളും കുറിപ്പുകളും ജയിൽ സൂപ്രണ്ട് വായിച്ചു നോക്കുവാൻ ബാധ്യസ്തനാണ്. നിയമപരമായ അപാകതകളൊന്നും ആ കത്തിലോ കുറിപ്പിലോ കണ്ടെത്താൻ ജയിൽ സൂപ്രണ്ടിന് പരിശോധനയിലൂടെ കഴിഞ്ഞില്ലെങ്കിൽ മാത്രമേ അത് പ്രതിയുടെ പേരിൽ ജയിലിനു പുറത്ത് കൈമാറുവാൻ ജയിൽ ചട്ടങ്ങളനുസരിച്ച് കഴിയുകയുള്ളൂ.

ഈ ചട്ടം നിലനിൽക്കെയാണ് ഒരു സിനിമാനടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജയിലിൽ കഴിയുന്ന പൾസർ സുനി എന്ന മുഖ്യപ്രതി അതേ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ പ്രശസ്തനായ ഒരു നടന് കത്തെഴുതി ജയിലിനു പുറത്തേക്ക് കൈമാറിയത്.

ഈ കത്തിൽ ജയിൽ വകുപ്പിന്റെ മുദ്ര പതിഞ്ഞത് അതീവഗുരുതരമായ നിയമലംഘനമാണ്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസിൽ അതേ വിഷയത്തിന് വീണ്ടും പണം ആവശ്യപ്പെട്ടുകൊണ്ട് പൾസർ‍ സുനി എന്ന പ്രതി എഴുതിയ കത്ത് വായിച്ചുനോക്കിയും വിശദമായി പരിശോധിച്ചുമാണോ ജയിൽ സൂപ്രണ്ട് ജയിൽ വകുപ്പിന്റെ മുദ്രപതിപ്പിച്ച് എന്ന സംശയമാണ് ഉയർന്നിരിക്കുന്നത്.

പ്രതിയുടെ ക്രിമിനൽ പശ്ചാത്തലത്തെയും നിലവിലെ കേസിന്റെ ഗൗരവത്തെയും കുറിച്ചറിയാവുന്ന ജയിൽ സൂപ്രണ്ട് കേസുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ പ്രതി പണം ആവശ്യപ്പെട്ടുകൊണ്ട് എഴുതിയ കത്തിൽ ജയിൽ വകുപ്പിന്റെ മുദ്ര പതിപ്പിച്ചുണ്ടെങ്കിൽ അത് യാദൃശ്ചികമാകാൻ ഇടയില്ല. വലിയ ഗൂഢാലോചന തന്നെ ഇതിന്റെ പിന്നിൽ നടന്നിട്ടുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പൾസർ സുനിയുടെ കത്ത് പുറത്തുവന്ന സമയം, അത് ദൃശ്യമാധ്യമങ്ങളിലെ രാത്രികാല ചർച്ച നയിക്കുന്ന ഏതാനും മാധ്യമപ്രവർത്തകരുടെ കയ്യിലെത്തിയ രീതി ഇതൊക്കെ വലിയ സംശയങ്ങളാണ് പൊതുവിൽ ഉയർത്തിയിരിക്കുന്നത്. മലയാളസിനിമയിലെ ഒരു നടനെ മനഃപൂർവം നശിപ്പിക്കാനുള്ള ആസൂത്രിതഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ ഗൂഢാലോചനയുടെ മുഖ്യപ്രതിസ്ഥാനത്തേക്കാണ് നിയമവിരുദ്ധമായി തടവുപുള്ളിയുടെ കത്ത് പുറത്തേക്ക് കൈമാറാൻ കൂട്ടുനിന്ന ജയിൽ സൂപ്രണ്ടും എത്തുന്നത്.

ഇയാളെ അടിയന്തരമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയും അറസ്റ്റ് ചെയ്ത് കേസെടുക്കുവാനും സർക്കാർ തയ്യാറാകണം. ഇതിന് ഗവൺമെന്റ് തയ്യാറാകുന്നില്ലെങ്കിൽ സർക്കാരിന്റെ അനുവാദത്തോട് കൂടി നടന്ന ഒരാസൂത്രിത ഗൂഢാലോചനയാണെന്ന ആക്ഷേപം പൊതുസമൂഹത്തിൽ ഉയർന്നുവരും.

ഈ കേസിന്റെ പ്രാരംഭഘട്ടത്തിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഈ കേസിൽ ഗൂഢാലോചനയൊന്നും ഇല്ലെന്ന സംസ്ഥാനമുഖ്യമന്ത്രിയുടെ വാദത്തെ ദുർബലപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ബോധപൂർവം ശ്രമങ്ങളുണ്ടായോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.

ആയതിനാൽ ടി കേസിൽ അിടയന്തര ഉന്നതതല അന്വേഷണവും നടപടികളും ഉണ്ടാകണമെന്ന് സംസ്ഥാന നിയമനിർമാണ സഭയിലെ അംഗമെന്ന ചുമതലാബോധത്തോടെ ഞാൻ അഭ്യർഥിക്കുന്നു.

ഈ സംഭവുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജ് എം എൽ എ മുഖ്യമന്ത്രിക്കു കത്തെഴുതി. ആ കത്തിലെ പ്രധാന ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ..