പ്രായപൂർത്തിയാകാത്ത ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ ആരോപണവിധേയനായ യുവാവിനെ ഒൻപതു വർഷങ്ങൾക്കു ശേഷം പോലീസ് അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാകാത്ത ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ ആരോപണവിധേയനായ യുവാവിനെ   ഒൻപതു  വർഷങ്ങൾക്കു ശേഷം പോലീസ് അറസ്റ്റ് ചെയ്തു

എരുമേലി : പ്രായപൂർത്തിയാകാത്ത, ഭാഗികബുദ്ധിമാന്ദ്യമുള്ള ദലിത് വിഭാഗത്തിൽ പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഒൻപതു വർഷത്തോളം ഒളിവിലായിരുന്ന കന്യാകുമാരി സ്വദേശിയായ യുവാവ് അറസ്റ്റിലായി. എരുമേലിക്കടുത്താണ് സംഭവം. കന്യാകുമാരി സ്വദേശി ശിശുപാലന്റെ മകൻ ദിലീപ് ആണ് മുണ്ടക്കയത്തിനടുത്ത് ഇളംകാട്ടിൽ വച്ച് പോലീസ് പിടിയിലായത് . പീഡനം നടക്കുമ്പോൾ പെൺകുട്ടിയ്ക്ക് 16 വയസ്സ് മാത്രമായിരുന്നു പ്രായം. അതിനാൽ പോക്സോ കേസിന്റെ പരിധിയിൽ വരുന്ന കേസാണിത്.

പെൺകുട്ടി ഗർഭിണി ആയെന്നറിഞ്ഞപ്പോൾ പ്രതിയായ യുവാവ് നാട് വിടുകയായിരുന്നു. വർഷങ്ങളോളം പ്രതിയെ കിട്ടാതെ കേസ് നീണ്ടുപോയി. കഴിഞ്ഞയിടെ ജില്ലാ പോലീസ് ചീഫിന്റെ നിർദേശപ്രകാരം പ്രതികളെ പിടികൂടാനാകാത്ത പഴയ കേസുകളിൽ പോലീസ് നടത്തിയ പുനരന്വേഷണത്തിലാണ് ഒമ്പത് വർഷം മുമ്പ് നടന്ന ബലാത്സംഗ കേസ് അന്വേഷിക്കുന്നതിലേക്കെത്തിയത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി മധുസൂദനൻറ്റെ നേതൃത്വത്തിൽ എരുമേലി സ്റ്റേഷൻ ഇൻസ്‌പെക്ടർ റ്റി ഡി സുനിൽകുമാർ, എസ് ഐ റ്റി ശ്രീജിത്ത്‌, സിവിൽ ഓഫീസർമാരായ സിനോ, നിസ്സാമോൻ എന്നിവരുൾപ്പെട്ട സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ തിരിച്ചറിയാൻ കന്യാകുമാരിയിലെ പ്രതിയുടെ നാട്ടിൽ നടത്തിയ അന്വേഷണത്തിൽ പ്രതി മുണ്ടക്കയത്തിനടുത്ത് ഇളംകാട് ഉണ്ടെന്നറിഞ്ഞ് പോലീസ് എത്തി പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.