കാഞ്ഞിരപ്പള്ളി ബസ് സ്‌റ്റാൻഡിൽ സ്‌കൂൾ വിദ്യാർഥിനികളുടെ യൂണിഫോമിട്ട് ബസ്സുകളിൽ മോഷണ സംഘങ്ങൾ വിലസുന്നു

കാഞ്ഞിരപ്പള്ളി ബസ് സ്‌റ്റാൻഡിൽ  സ്‌കൂൾ വിദ്യാർഥിനികളുടെ യൂണിഫോമിട്ട് ബസ്സുകളിൽ മോഷണ സംഘങ്ങൾ വിലസുന്നു

കാഞ്ഞിരപ്പള്ളി : പോലീസിന് തലവേദന സൃഷ്ട്ടിച്ചു കൊണ്ട് മോഷണ സംഘങ്ങൾ പുതിയ തന്ത്രങ്ങൾ പയറ്റുന്നു . ഇത്തവണ സ്‌കൂൾ സമയങ്ങളിൽ ബസ് സ്‌റ്റാൻഡുകളിൽ സ്‌കൂൾ വിദ്യാർഥിനികളുടെ യൂണിഫോമിട്ടാണ് ബസ്സുകളിൽ പോക്കറ്റടി സംഘങ്ങൾ വിലസുന്നത്. സ്‌കൂൾ വിട്ട സമയങ്ങളിൽ വിദ്യാർഥിനികളുടെ യൂണിഫോമണിഞ്ഞ് എത്തുന്നതിനാൽ മോഷ്‌ടാക്കൾ ആരുടെയും ശ്രദ്ധയിൽപ്പെടാറില്ല.

ബസിൽ കയറുമ്പോൾ തിരക്കുണ്ടാക്കി പണവും ആഭരണങ്ങളും അപഹരിച്ചശേഷം മോഷണമുതൽ കൈമാറി ബസിൽനിന്ന് ഇറങ്ങി രക്ഷപ്പെടുകയാണു രീതി. സംഘാംഗങ്ങളിൽ പ്രായം കുറവുള്ള സ്‌ത്രീകളാണു പ്രധാനമായും യൂണിഫോമിട്ട് എത്തുന്നത്. തല ദുപ്പട്ടകൊണ്ടു മറയ്ക്കുന്നതിനാൽ ആരും തിരിച്ചറിയില്ല. തിക്കും തിരക്കും ഉണ്ടാക്കുന്നത് വിദ്യാർത്ഥിനികൾ ആയതിനാൽ മറ്റു യാത്രക്കാർ അത് സഹിക്കുന്നു. അത് മുതലെടുത്താണ് പുതിയ മോഷണ രീതികൾ അവലംബിച്ചിരിക്കുന്നത്.

സ്‌റ്റാൻഡിനുള്ളിലും ബസുകളിലുമായി നാലു മോഷണ സംഭവങ്ങളാണ് ഇന്നലെ ഉണ്ടായത്. കാഞ്ഞിരപ്പള്ളിയിൽനിന്നു ചേനപ്പാടിക്കു പോയ സ്വകാര്യ ബസിൽ വീട്ടമ്മയുടെ കഴുത്തിൽ കിടന്ന മാല കവർന്നു. ഉച്ചകഴിഞ്ഞ് ഈരാറ്റുപേട്ടയിൽനിന്നു കാഞ്ഞിരപ്പള്ളിക്കുപോയ സ്വകാര്യ ബസിൽ എടിഎം കാർഡും 1200 രൂപയും അടങ്ങിയ പഴ്‌സ് മോഷണം പോയി. വൈകിട്ടോടെ കാഞ്ഞിരപ്പള്ളി ബസ് സ്‌റ്റാൻഡിൽനിന്നു പലരുടെയും പണം കവർന്നതായും പരാതിയുണ്ട്.

കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ബസ് സ്‌റ്റാൻഡുകളിലാണു പുതിയ ശൈലിയിലുള്ള പോക്കറ്റടി വ്യാപകമാകുന്നത്.
ഈരാറ്റുപേട്ട, ചേനപ്പാടി, മണിമല, എരുമേലി റൂട്ടുകളിലുള്ള ബസുകളിൽ തിരക്കേറിയ സമയങ്ങളിലാണു മോഷണവും പോക്കറ്റടിയും നടക്കുന്നത്.

bus-stand-kply