പഞ്ചായത്തിന്റെ ഓട്ടംപോയ പിക്ക് അപ്പ് വാൻ ഡ്രൈവർ മധുവിന് കിട്ടിയത് എട്ടിന്റെ പണി…

പഞ്ചായത്തിന്റെ ഓട്ടംപോയ പിക്ക് അപ്പ് വാൻ  ഡ്രൈവർ മധുവിന് കിട്ടിയത് എട്ടിന്റെ പണി…

ചിറക്കടവ് : ചിറക്കടവ് പഞ്ചായത്തിന്റെ വക, ചെക്കുഡാമിൽ സ്ഥാപിക്കുവാനുള്ള ഒരു ഫലകവും കയറ്റി, ചിറക്കടവിൽ നിന്നും ചാമംപതാൽ തള്ളക്കയം വരെ ഓട്ടംപോയ മധുസൂദനൻ നായർ എന്ന മധു പുലിവാല് പിടിച്ചതുപോലയെയായി കാര്യങ്ങൾ. തള്ളക്കയത്ത് നിർമ്മാണം പൂർത്തിയായ ചെക്കുഡാമിൽ സ്ഥാപിക്കുവാനുള്ള ഫലകം കൊണ്ടുപോകുവാനാണ് ഒരു മാസം മുൻപ് ചിറക്കടവ് പഞ്ചയത്തിലെ ഒരു ജീവനക്കാരൻ മധുവിന്റെ പിക്ക് അപ്പ് വാൻ ഓട്ടം വിളിച്ചത്.

പറഞ്ഞതുപോലെ ഓട്ടം പോയി തിരികെയെത്തി . .കൂലി അഞ്ഞൂറ് രൂപ. അത് ചോദിച്ചപ്പോൾ പഞ്ചായത്ത് ഓഫിസിൽ നിന്നും വാങ്ങി തരാമെന്ന് പറഞ്ഞതനുസരിച്ചു ഓഫീസിൽ എത്തിയ മധുവിന് കിട്ടിയത് 500 രൂപ യുടെ ഒരു രസീത്. കമ്മറ്റികൂടി പാസ്സാക്കിയയാലെ പണം തരുവാൻ സാധിക്കൂ എന്നും അറിയിച്ചു. അതനുസരിച്ചു ഒരു മാസത്തിനുള്ളിൽ നാല് പ്രാവശ്യം മധു ഓഫീസിൽ പണത്തിനായി കയറിയിറങ്ങി, “ഉടൻ തരാം” എന്ന സ്ഥിരം പല്ലവിയും കേട്ട് മടങ്ങി. ഒടുവിൽ ഇന്നലെ, ” പണം എന്ന് തരും” എന്ന് കർശനമായി ചോദിച്ചപ്പോൾ ലഭിച്ച മറുപടി കേട്ട് മധു അന്തം വിട്ടു. തെള്ളകയതെ ചെക്കുഡാം നിർമ്മിച്ചത് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണെന്നും, അതിനാൽ വണ്ടിക്കൂലിയായ അഞ്ഞൂറ് രൂപ കിട്ടണമെങ്കിൽ ചിറക്കടവ് ഗ്രാമപഞ്ചായത് നൽകിയ രസീതുമായി ജില്ലാ പഞ്ചായത്തിന്റെ കോട്ടയത്തുള്ള ഓഫിസിൽ ചെന്ന് അപേക്ഷിക്കണം എന്നുമാണ് അറിയിച്ചിരിക്കുന്നത്.

കിട്ടുവാനുള്ള അഞ്ഞൂറ് രൂപ കിട്ടണമെങ്കിൽ, തന്റെ ഒരു ദിവസത്തെ പണിയും കളഞ്ഞു, കോട്ടയം വരെ വണ്ടിക്കൂലിയും മുടക്കി പോയാൽ, കിട്ടാനുള്ള പണത്തേക്കാൾ മൂന്നിരട്ടി ചിലവാകും എന്ന തിരിച്ചറിവിൽ തനിക്കു കിട്ടിയ എട്ടിന്റെ പണി മറ്റാർക്കും കിട്ടരുതേയെന്ന പ്രാർത്ഥനയിലാണ് മധു.