കാഞ്ഞിരപ്പള്ളി താലൂക്കിലെ ആദ്യത്തെ പ്ലാസ്റ്റിക് മിശ്രിത റോഡിന്റെ ഉദ്ഘാടനം നടന്നു

കാഞ്ഞിരപ്പള്ളി താലൂക്കിലെ ആദ്യത്തെ പ്ലാസ്റ്റിക്   മിശ്രിത  റോഡിന്റെ ഉദ്ഘാടനം നടന്നു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്കിലെ ആദ്യത്തെ പ്ലാസ്റ്റിക് മിശ്രിത റോഡിന്റെ ഉദ്ഘാടനം ശനിയാഴ്ച നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. എന്‍.ജയരാജ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

വാര്‍ഡംഗം റിജോ വാളാന്തറ ആമുഖപ്രസംഗം നടത്തി. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഞള്ളമറ്റം വാര്‍ഡിലെ കല്ലറക്കാവ്-കരിമ്പുകയം റോഡാണ് പ്ലാസ്റ്റിക് മിശ്രിതം ഉപയോഗിച്ച് റീ ടാറിങ് നടത്തിയത്. റോഡുകള്‍ കൂടുതല്‍ ഈട് നില്‍ക്കുന്നതോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിനും പ്ലാസ്റ്റിക് കോട്ടിങ് റോഡ് നിര്‍മാണം വഴി സാധിക്കും. നിലവിൽ കൊച്ചിയിൽ നിന്നും എത്തിച്ച ശുദ്ധീകരിച്ച പ്ലാസ്റ്റിക്, ടാറുമായി നിശ്ചിത അളവിൽ ലയിപ്പിച്ചു ചേർത്ത മിശ്രിതം ഉപയോഗിച്ചാണ് ടാറിങ് നടത്തിയത്.

20 വര്‍ഷം മുന്‍പാണ് കല്ലറക്കാവ്-കരിമ്പുകയം റോഡ് നവീകരണം നടത്തിയത്. കല്ലറക്കാവ് മുതല്‍ കരിമ്പുകയം അങ്കണവാടി വരെയുള്ള ഒരു കിലോമീറ്റര്‍ ഭാഗം 9,24,000 രൂപ ചെലവഴിച്ചാണ് നവീകരിച്ചിരിക്കുന്നത്. കരിമ്പുകയം കോസ്വേ ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ ഈ റോഡ് യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് പത്തനംതിട്ട, റാന്നി, ചേനപ്പാടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഏറ്റവും എളുപ്പത്തിലെത്താന്‍ ഈ റോഡ് ഉപകരിക്കും