കാഞ്ഞിരപ്പള്ളി താലൂക്കിലെ ആദ്യത്തെ പ്ലാസ്റ്റിക് കോട്ടിംഗ് റോഡിന്റെ നിർമാണം പൂർത്തിയായി

കാഞ്ഞിരപ്പള്ളി താലൂക്കിലെ ആദ്യത്തെ പ്ലാസ്റ്റിക് കോട്ടിംഗ് റോഡിന്റെ നിർമാണം പൂർത്തിയായി

കാഞ്ഞിരപ്പള്ളി: താലൂക്കിലെ ആദ്യത്തെ പ്ലാസ്റ്റിക് കോട്ടിംഗ് റോഡിന്റെ നിർമാണം പൂർത്തിയായി. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഞള്ളമറ്റം വാർഡിലെ കല്ലറക്കാവ്-കരിമ്പുകയം റോഡിനാണ് ആ ഖ്യാതി ലഭിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം 4ന് റോഡിന്റെ ഉദ്ഘാടനം ഡോ.എൻ.ജയരാജ് എം.എൽ.എ നിർവഹിക്കും.

പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഞള്ളമറ്റം വാർഡിലെ കല്ലറക്കാവ്-കരിമ്പുകയം റോഡാണ് പ്ലാസ്റ്റിക് മിശ്രിതം ഉപയോഗിച്ച് ടാറിംങ് നടത്തിയത്. ഒരു കിലോമീറ്റർ ദൂരം ടാർ ചെയ്യുന്നതിനായി 306 കിലോഗ്രാം പ്ലാസ്റ്റിക്കാണ് ഉപയോഗിച്ചത്. പൊടിച്ചെടുത്ത പ്ലാസ്റ്റിക് മിശ്രിതം മിക്‌സിംഗ് മെഷീനിലിട്ട് മെറ്റലും ടാറുമായി കലർത്തി ഉരുക്കി ചേർത്താണ് ടാറിംങ് നടത്തുന്നത്. പത്ത് സ്‌ക്വയർ മീറ്റർ ടാറിംഗിന് 10 ഗ്രാം പ്ലാസ്റ്റിക്കാണ് ടാറിൽ ചേർക്കുന്നത്.

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ ഈ വർഷം മുതൽ ഒരു റോഡ് പ്ലാസ്റ്റിക് കോട്ടിംഗ് ഉപയോഗിച്ച് നവീകരിക്കണമെന്ന് സർക്കാർ നിർദ്ദേശമുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കാനും, റോഡുകൾക്ക് കൂടുതൽ ഈട് നല്കാനും കഴിയുമെന്ന് വാർഡംഗം റിജോ വാളാന്തറ പറഞ്ഞു.

20 വർഷം മുൻപാണ് കല്ലറക്കാവ്-കരിമ്പുകയം റോഡ് നവീകരണം നടത്തിയത്. കല്ലറക്കാവ് മുതൽ കരിമ്പുകയം അംഗൻവാടിവരെയുള്ള ഒരു കിലോമീറ്റർ ഭാഗം 9,24,000 രൂപ ചിലവഴിച്ചാണ് നവീകരിച്ചതെന്ന് വാർഡംഗം അറിയിച്ചു. കരിമ്പുകയം കോസ്‌വേ ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ ഈ റോഡ് യാത്രക്കാർക്ക് പ്രയോജനപ്പെടും. കാഞ്ഞിരപ്പള്ളിയിൽ നിന്നും പത്തനംതിട്ട, റാന്നി, ചേനപ്പാടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്താൻ ഈ റോഡ് ഉപകരിക്കും