അര്‍ബുദരോഗികള്‍ക്ക് തന്റെ നീളമുള്ള തലമുടി മുറിച്ച് നല്‍കി നീതു നാടിനു മാതൃകയായി

അര്‍ബുദരോഗികള്‍ക്ക് തന്റെ  നീളമുള്ള തലമുടി മുറിച്ച് നല്‍കി നീതു നാടിനു മാതൃകയായി

കാഞ്ഞിരപ്പള്ളി: അണ്ണാറ കണ്ണനും തന്നാലായത്‌ …. കഠിനമായ മരുന്ന് പ്രയോഗത്തിലൂടെ തലമുടി കൊഴിഞ്ഞു കഷ്ടപെടുന്ന അര്‍ബുദരോഗികള്‍ക്ക് തന്റെ നീളമുള്ള തലമുടി മുറിച്ച് നല്‍കി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി നീതു തന്നെകൊണ്ട് പറ്റുന്ന സഹായം ചെയ്തു കൊടുത്തു നാടിനു മാതൃകയായി .

ഇടക്കുന്നം പാറപ്ലാക്കല്‍ സജി-ബിന്ദു ദമ്പതിമാരുടെ മകള്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി നീതു ശോശാമ്മ മാത്യുവാണ് തലമുടി മുറിച്ച് നല്‍കിയത്. മുടി മുറിച്ച് നല്‍കാനുള്ള തീരുമാനത്തെ വീട്ടുകാര്‍ ആദ്യം എതിര്‍ത്തെങ്കിലും നീതുവിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ സമ്മതം നല്‍കുകയായിരുന്നു. ജോസ് കെ.മാണി എം.പി.യുടെ ഭാര്യ നിഷ ഉള്‍പ്പെടെയുള്ളവര്‍ അര്‍ബുദരോഗികള്‍ക്കായി മുടി മുറിച്ച് നല്‍കിയ വാര്‍ത്തയാണ് തനിക്കും പ്രചോദനമായതെന്ന് നീതു പറയുന്നു.

ഹൃദയശസ്ത്രക്രിയക്കായി കോട്ടയം കാരിത്താസ് ആസ്​പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുത്തശ്ശിക്കൊപ്പം നില്‍ക്കുന്നതിന് എത്തിയ നീതു കാന്‍സര്‍ വാര്‍ഡ് അന്വേഷിച്ച് ചെല്ലുകയായിരുന്നു. അര്‍ബുദരോഗികള്‍ക്ക് സൗജന്യമായി വിഗ്ഗുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന ഹോപ് ഫോര്‍ ലൈഫ് എന്ന സംഘടനയുടെ ഫോണ്‍നമ്പര്‍ ആസ്​പത്രിയില്‍ നിന്ന് ശേഖരിച്ച് ഭാരവാഹികളെ ബന്ധപ്പെട്ടു. തുടര്‍ന്ന് മുടി നല്‍കാന്‍ സമ്മതമാണെന്ന് അറിയിച്ചു.

മുത്തച്ഛന്‍ മാത്യുവിനൊപ്പം കോട്ടയത്തെ ബ്യൂട്ടി പാര്‍ലറില്‍ എത്തി മുടി മുറിച്ച് സംഘടനയുടെ ഭാരവാഹികള്‍ക്ക് കൈമാറി. ദൈവവിശ്വാസം നിറയുന്ന വാക്കുകളില്‍ വീണ്ടും നീളുന്ന മുടി ആവശ്യമെങ്കില്‍ ഇനിയും നല്‍കാന്‍ തയ്യാറെന്ന് നീതു പറഞ്ഞു.

പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പ്രായത്തിനപ്പുറമുള്ള പക്വത നിറഞ്ഞ പ്രവൃത്തിയിലും സഹാനുഭൂതിയിലും അഭിനന്ദനങ്ങള്‍ ചൊരിയുന്ന നാട്ടുകാരും സ്‌കൂള്‍ അധികൃതരും കഴിഞ്ഞ ദിവസം നീതുവിനെ അനുമോദിക്കുന്നതിന് സ്‌കൂളില്‍ പ്രത്യേക യോഗവും ചേര്‍ന്നു. സ്‌കൂളിലെ എന്‍.എസ്.എസ്. വളണ്ടിയര്‍ കൂടിയായ നീതുവിന്റെ മാതൃക പ്രചോദനമാക്കി മറ്റു വിദ്യാര്‍ഥിനികളും മുടി മുറിച്ച് നല്‍കാന്‍ സന്നദ്ധത അറിയിക്കുന്നുണ്ടെന്ന് സ്‌കൂള്‍ പ്രഥമാധ്യാപിക മേഴ്‌സി തോമസ് പറഞ്ഞു.
1-web-neethu-with-hair