നന്മയുടെ സമ്മേളനം, കാരുണ്യത്തിന്റെയും.. വ്യത്യസ്തമായ ആ പോലീസ് സമ്മേളനം നാടിനു മാതൃകയായി

നന്മയുടെ സമ്മേളനം, കാരുണ്യത്തിന്റെയും.. വ്യത്യസ്തമായ ആ പോലീസ്  സമ്മേളനം നാടിനു മാതൃകയായി

നന്മയുടെ സമ്മേളനം, കാരുണ്യത്തിന്റെയും.. വ്യത്യസ്തമായ ആ പോലീസ് സമ്മേളനം നാടിനു മാതൃകയായി

മുക്കൂട്ടുതറ : കേരളാ പോലീസ് അസോസിയേഷൻ കെഎപി അഞ്ചാം ബറ്റാലിയന്റെ ഇത്തവണത്തെ ജില്ലാ സമ്മേളനം നന്മയുടെയും കാരുണ്യത്തിന്റെയും , സമ്മേളനമായി മാറി. മുക്കൂട്ടുതറ പനക്കവയൽ ഗവ. എൽ പി സ്‌കൂളിൽ വച്ച് നടത്തിയ പോലീസ് ജില്ലാ സമ്മളനത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകിയും ബിരിയാണി നൽകിയും പോലീസുകാർ മാതൃകയായി. സ്കൂളിൽ ഫാനുകളും ബേബി ചെയറുകളും കുട്ടികൾക്ക് ബെൽറ്റ്‌, ഐ ഡി കാർഡ്, നോട്ട് ബുക്കുകൾ , ബോക്സുകൾ ഉൾപ്പടെ നിരവധി പഠനോപകരണങ്ങളാണ് നൽകിയത്.

ഇത്തവണ പോലീസ് ജില്ലാ സമ്മേളനത്തിന്റെ സമയമായപ്പോൾ, മുക്കൂട്ടുതറ സ്വദേശി മനോജ്‌ എന്ന പൊലീസുകാരനാണ് സമ്മേളനം സമൂഹത്തിന് മാതൃകയാകണമെന്നും അതിനായി സ്കൂളിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി ആഘോഷിച്ചാൽ നന്നായിരിക്കുമെന്നും അഭിപ്രായപ്പെട്ടത്.
ഈ ആശയം സസതോഷം ഏറ്റെടുത്ത അസോസിയേഷൻ ഭാരവാഹികൾ ഇതിനായി തെരഞ്ഞെടുത്തതാകട്ടെ മനോജ്‌ പഠിച്ച പനക്കവയൽ എൽ പി സ്കൂൾ ആയിരുന്നു.

സ്കൂളിൽ നടന്ന സമ്മേളനത്തിൽ കെഎപി അഞ്ചാം ബറ്റാലിയൻ അസി. കമാൻഡന്റ് കെ എം സിറാജ് മുഖ്യ പ്രഭാഷണം നടത്തി. എരുമേലി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ ഉത്ഘാടനം നിർവഹിച്ചു. സ്കൂളിൽ ഫാനുകളും ബേബി ചെയറുകളും കുട്ടികൾക്ക് ബെൽറ്റ്‌, ഐ ഡി കാർഡ്, നോട്ട് ബുക്കുകൾ , ബോക്സുകൾ ഉൾപ്പടെ നിരവധി പഠനോപകരണങ്ങളാണ് നൽകിയത്. കൈ നിറയെ പഠനസാമഗ്രികളുമായി ആഹ്ലാദത്തിലായിരുന്നു കുട്ടികൾ. ഉച്ചക്ക് ഭക്ഷണമായി എല്ലാവർക്കും പോലീസുകാർ ബിരിയാണി വിളമ്പി നൽകി. കുട്ടികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് കാക്കിക്കുള്ളിലെ സേവനത്തിന്റെ മാതൃക പ്രകടിപ്പിച്ച സമ്മേളനം സമാപിച്ചത്.

സ്വാഗതസംഘം ചെയർമാൻ മുഹമ്മദ്‌ സാലി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം പ്രകാശ് പുളിക്കൻ, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ എം സി ഓമനക്കുട്ടൻ, പിടിഎ പ്രസിഡന്റ് കെ പി അനു, അസോസിയേഷൻ സ്വാഗതസംഘം ഭാരവാഹികളായ ഹരിജിത്ത്, എലിസബത്ത് വർഗീസ്, അഭിജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.