പോലീസ് ഉദ്യോഗസ്ഥര്‍ക്കായി പരിശീലനം തുടങ്ങി

പോലീസ് ഉദ്യോഗസ്ഥര്‍ക്കായി പരിശീലനം തുടങ്ങി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സബ് ഡിവിഷന്‍ പരിധിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പരിശീലന പരിപാടി തുടങ്ങി. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.ഓഫീസിനു കീഴിലുള്ള എട്ടു പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ, എ.എസ്.ഐ. തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം.

മൂന്നു ദിവസത്തെ പരിശീലന പരിപാടി കാഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റ് റോഷന്‍ തോമസ് ഉദ്ഘാടനം ചെയ്തു.കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്.

കുറ്റമറ്റ രീതിയിലും ശാസ്ത്രീയവുമായി എഫ്.ഐ.ആര്‍. തയാറാക്കുന്നതും ഐപിസി, സിആര്‍പിസി തുടങ്ങിയവയുടെ ഭേദഗതികളും പുതിയ സര്‍ക്കുലര്‍ എന്നിവ സംബന്ധിച്ചും ആദ്യദിനം ക്ലാസ് നടന്നു. എം.എ.ഷാജി നയിച്ചു.

പൊതുസമൂഹത്തോടുള്ള പെരുമാറ്റം, സ്‌കില്‍ വികസനം, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ നാളെയും സൈബര്‍ ക്രൈം, സോഷ്യല്‍ മീഡിയയും പോലീസും, അക്രമാസക്തമായ ജനക്കൂട്ടം, ഗ്രൂപ്പ് എന്നിവയെ കുറിച്ച് അടുത്ത ദിവസവും ക്ലാസുകള്‍ നടക്കും. കേരളത്തിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും 15നു മുമ്പ് പരിശീലനം നല്‍കാനാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം.