കാഞ്ഞിരപ്പള്ളിയിലെ സഹൃദ രാഷ്ട്രീയത്തിന് മങ്ങലേൽക്കുന്നുവോ ?

കാഞ്ഞിരപ്പള്ളി : രാഷ്ട്രീയം രക്തത്തിൽ അലിഞ്ഞുചേർന്നവരാണെകിലും കാഞ്ഞിരപ്പള്ളിയിലെ വിവിധ പാർട്ടികളിലെ അണികൾ തമ്മിൽ രാഷ്ട്രീയത്തിന്റെ പേരിൽ സംഘർഷം ഉണ്ടായിരുന്നില്ല. ഉയർന്ന വിദ്യാഭ്യാസവും, സഹവർത്തിത്വവും മുഖമുദ്രയാക്കിയ കാഞ്ഞിരപ്പള്ളിയിലെ രാഷ്ട്രീയക്കാർ തമ്മിൽ ബൗദ്ധികപരമായ മത്സരമാണ് ഉണ്ടായിരുന്നത്. അഗാധമായ രാഷ്ട്രീയ ജ്ഞാനം ഉള്ളവരായ അവർ, എല്ല്ലാ വിവാദങ്ങളും തെളിവുകൾ നിരത്തി, പരസ്പരം വാദപ്രതിവാദങ്ങൾ നടത്തിയാണ് പരിഹരിച്ചിരുന്നത്. അതിൽ അവർ ആനന്ദവും കണ്ടെത്തിയിരുന്നു. തെരെഞ്ഞെടുപ്പുകളുടെ സമയത്തു വീറോടെ പാർട്ടിപ്രവർത്തനം നടത്തുന്ന അവർ , തെരെഞ്ഞെടുപ്പ് കഴിഞ്ഞാൽ തോളിൽ കൈയിട്ടു വീണ്ടും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുമായിരുന്നു. വിവേകമതികളായ, ഉന്നത വിദ്യാഭ്യാസമുള്ള രാഷ്ട്രീയ നേതാക്കന്മാർ എന്നും കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചില അനിഷ്ട സംഭവങ്ങൾ കാര്യങ്ങൾ മാറ്റിമറിക്കുന്നതായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ വച്ച് ഒരാളെ ചിലർ ചേർന്ന് അക്രമിച്ചതോടെ, അത് രാഷ്ട്രീയ പ്രേരിപിതമായ ആക്രമണമാണെന്ന് തെറ്റിദ്ധരിച്ചു തിരിച്ചു ആക്രമിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറി. പരസ്പരം തെറ്റിദ്ധാരണകൾ പറഞ്ഞു തീർക്കുന്നതിന് പകരം കണ്ണൂര് പോലെയുള്ള സ്ഥലങ്ങളിൽ കാണുന്നതുപോലെ പരസ്പരം രണ്ടു പാർട്ടികൾ തമ്മിൽ പോരിന് വിളിക്കുന്ന സ്ഥിതിയിലേക്ക് മാറുന്ന കാഴ്ച ജനങ്ങൾ ഭീതിയോടെയാണ് കാണുന്നത്.
കാര്യം നിസ്സാരം പ്രശ്നം ഗുരുതരത്തിലേക്കു കടക്കുന്നതിനു മുൻപ്, രണ്ടു പാർട്ടികളുടെയും നേതാക്കൻമാർ ഒത്തുചേർന്നു കാര്യകൾ സമാധാനത്തിൽ പറഞ്ഞു തീർത്തു കാഞ്ഞിരപ്പള്ളിയുടെ മുഖമുദ്രയായ സമാധാനപരമായ, സൗഹൃദപരമായ, ബൗദ്ധികമായ രാഷ്ട്രീയബന്ധം പുനഃ സ്ഥാപിക്കുമെന്നാണ് സാധാരണക്കാരായ ജനങ്ങൾ പ്രതീക്ഷിക്കുന്നത് .