പൊന്‍കുന്നം സിവില്‍ സ്‌റ്റേഷന്‍ ജലസംഭരണിയില്‍ നായ ചത്തഴുകി ; ജീവനക്കാർ ഉപയോഗിച്ചത് മലിനജലം

പൊന്‍കുന്നം സിവില്‍ സ്‌റ്റേഷന്‍ ജലസംഭരണിയില്‍ നായ ചത്തഴുകി ; ജീവനക്കാർ ഉപയോഗിച്ചത് മലിനജലം

പൊന്‍കുന്നം: മിനി സിവില്‍ സ്‌റ്റേഷനിലെ ഭൂഗര്‍ഭജലസംഭരണിയില്‍ നായയെ ചത്തഴുകിയ നിലയില്‍ കണ്ടെത്തി. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന്‌ ജീവനക്കാര്‍ എത്തി ജലസംഭരണി പരിശോധിച്ചപ്പോഴാണ്‌ നായയെ ചത്തഴുകി ജീര്‍ണിച്ച നിലയില്‍ പൊന്തിക്കിടക്കുന്നത്‌ കണ്ടത്‌.

ഒരു ലക്ഷം ലിറ്റര്‍ മഴവെള്ളം സംഭരിക്കാവുന്ന കോണ്‍ക്രീറ്റ്‌ ടാങ്കിന്റെ പമ്പ്‌ ഹൗസില്‍ സ്ലാബ്‌ ഇട്ട്‌ മൂടി സുരക്ഷിതമായ നിലയിലാണ്‌ സംരക്ഷിച്ചുവന്നത്‌. എന്നാല്‍ കഴിഞ്ഞ രണ്ടുമാസം മുന്‍പ്‌ കുഴല്‍ കിണറ്റില്‍നിന്നു വെള്ളം ലഭിക്കാതായതിനെ തുടര്‍ന്ന്‌ ജീവനക്കാര്‍ മോട്ടോര്‍ സ്‌ഥാപിച്ച്‌ ജലസംഭരണിയില്‍നിന്നു വെള്ളമെടുക്കാന്‍ തുടങ്ങി. ഇതിനായി മാറ്റിയ സ്ലാബ്‌ പിന്നീട്‌ അടച്ചില്ല.

ഇതിലൂടെയാവാം നായ വെള്ളത്തില്‍ വീണതെന്നാണ്‌ നിഗമനം. കുഴല്‍ കിണറിന്റെ പമ്പ്‌ സെറ്റ്‌ രാത്രിയില്‍ ഓഫാക്കാതെ പോയതാണ്‌ മോട്ടോര്‍ കത്തിപ്പോയതിനു കാരണമെന്നും ആക്ഷേപമുണ്ട്‌.

ഏതാനും ദിവസങ്ങളായി ടാപ്പുകളിലെ വെള്ളത്തിന്‌ നിറവ്യത്യാസവും രുചിവ്യത്യാസവും വന്നിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. ഒടുവില്‍ സിവില്‍ സ്‌റ്റേഷനിലെ ഉദാ്യേഗസ്‌ഥന്‍മാര്‍ തന്നെ വാട്ടര്‍ ടാങ്ക്‌ പരിശോധിക്കുകയായിരുന്നു. അടിയന്തര നടപടികള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസറേയും മറ്റും വിവരം അറിയിച്ചു. ടാങ്കിലെ വെള്ളം ചോര്‍ത്തി കളയേണ്ടിയും വന്നു.
പൊന്‍കുന്നം പട്ടണ നടുവിലെ മിനി സിവില്‍ സ്‌റ്റേഷന്‍ പരിസരം തെരുവുനായ്‌ക്കള്‍ കൈയ്യടക്കിയിരിക്കുകയാണ് .