ശബരിമല തീർഥാടന പാതയുടെ ഭാഗമായ പൊൻകുന്നം–കുറുവാമൂഴി റോഡ് നിർമാണം പാതിവഴിയിൽ നിലച്ചു

പൊൻകുന്നം ∙ ശബരിമല തീർഥാടന പാതയുടെ ഭാഗമായ പൊൻകുന്നം–കുറുവാമൂഴി റോഡ് നിർമാണം പാതിവഴിയിൽ നിലച്ചതിൽ പ്രതിഷേധം ശക്തമായി.

ദേശീയ നിലവാരത്തിൽ നിർമാണം ആരംഭിച്ച പൊൻകുന്നം–കുറുവാമൂഴി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളാണു മൂന്നുമാസമായി മുടങ്ങിക്കിടക്കുന്നത്. കഴിഞ്ഞ മണ്ഡലകാലത്തിൽ തീർഥാടകരുടെ യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ടാണു പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ ഒന്നാംഘട്ടം മാത്രമാണു പൂർത്തിയാക്കാനായത്. ബിറ്റുമിൻ മക്കാഡം ആൻഡ് ബിറ്റുമിൻ കോൺക്രീറ്റ് (ബിഎംബിസി) നിലവാരത്തിൽ റോഡ് പുനരുദ്ധരിക്കാനായിരുന്നു പദ്ധതി.

എന്നാൽ ഒന്നാംഘട്ടമായ ബിറ്റുമിൻ മക്കാർഡം പണികൾ മാത്രം പൂർത്തിയാക്കി കരാറുകാരൻ പ്രവർത്തനങ്ങൾ നിർത്തിവച്ചു. മണ്ഡലകാലത്തിനു ശേഷം രണ്ടാംഘട്ട ജോലികൾ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നാളിതുവരെ ഒരനക്കവുമില്ല. ബിറ്റുമിൻ കോൺക്രീറ്റ് പണികളും, റോഡിന്റെ വശങ്ങൾ നിരപ്പാക്കുന്ന ജോലികളും പൂർത്തിയാക്കാനുണ്ട്. റോഡിന്റെ വശങ്ങളിലെ ടാറിങ് അടർന്ന് ഇളകിയ നിലയിലാണ്. കലുങ്ക് നിർമിച്ച ഭാഗങ്ങളിൽ മണ്ണുനിറച്ച വീപ്പകൾ വച്ചാണു ഗതാഗതം നിയന്ത്രിക്കുന്നത്. ഓടകളുടെ നിർമാണവും പാതിവഴിയിലാണ്.

മണ്ണംപ്ലാവ് പാലത്തിനു സമീപം ജലവിതരണ പൈപ്പിന്റെ തകരാർ പരിഹരിക്കാൻ വെട്ടിപ്പൊളിച്ചതു മക്കിട്ടു മൂടിയിരിക്കുകയാണ്. കലുങ്കുകളുടെ നിർമാണവും ഒന്നാംഘട്ട ടാറിങും (ബിഎം) മാത്രം വേഗത്തിൽ പൂർത്തിയാക്കിയ ശേഷം കരാറുകാരൻ പണികൾ നിർത്തിവച്ചു. കരാറുകാരൻ മറ്റിടങ്ങളിൽ പണികൾ നടത്തുകയാണെന്നും ആരോപണമുണ്ട്. മണ്ഡലകാലത്തിനു ശേഷം ഒരാഴ്ചയ്ക്കുള്ളിൽ ബാക്കി പണികൾ തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ തീർഥാടനകാലം അവസാനിച്ചു മൂന്നുമാസം കഴിഞ്ഞിട്ടും നിർമാണം പുനരാരംഭിച്ചിട്ടില്ല.