പൊൻകുന്നം മിനി സിവിൽ സ്റ്റേഷൻ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു

പൊൻകുന്നം മിനി സിവിൽ സ്റ്റേഷൻ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു

പൊൻകുന്നം :പൊൻകുന്നം മിനി സിവിൽസ്‌റ്റേഷന്റെ ഒന്നാംഘട്ടം നിർമാണം പൂർത്തീകരിച്ചതിന്റെ ഉദ്‌ഘാടനവും മണിമല വില്ലേജിലെ മാതൃകാ പട്ടികജാതി കോളനി നിവാസികൾക്കുള്ള പട്ടയ വിതരണവും മന്ത്രി അടൂർ പ്രകാശ് നിർവഹിച്ചു. മന്ത്രി. ഡോ. എൻ. ജയരാജ് എംഎൽഎ അധ്യക്ഷത വഹിച്ചു.ആന്റോ ആന്റണി എംപി പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു

കേരളത്തിലെ പതിനായിരക്കണക്കിന് കുടുംബങ്ങൾക്കു പട്ടയം നൽകി പാവങ്ങളുടെ കണ്ണീരൊപ്പാൻ കഴിഞ്ഞത് ഈ സർക്കാരിന്റെ പ്രധാന നേട്ടമാണെന്നു മന്ത്രി അടൂർ പ്രകാശ് തദവസരത്തിൽ പറഞ്ഞു . .

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലൻ നായർ, ജില്ലാ പഞ്ചായത്തംഗം ശശികല നായർ, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയ ശ്രീധർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പി. അജന്തകുമാരി, ആർഡിഒ ജി. രമാദേവി, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എൻ. ബിന്ദു, ബ്ലോക്ക് പഞ്ചായത്തംഗം എ.ആർ. സാഗർ, ഗ്രാമ പഞ്ചായത്തംഗം ബിന്ദു സന്തോഷ്, പത്തനംതിട്ട കൺസ്യൂമർ കോർട്ട് പ്രസിഡന്റ് സതീശ് ചന്ദ്രൻ നായർ, യൂത്ത് കമ്മിഷനംഗം സുമേഷ് ആൻഡ്രൂസ്, തോമസ് പുളിക്കൻ, ഷാജി നല്ലേപ്പറമ്പിൽ, പി.എം. സലിം എന്നിവർ പ്രസംഗിച്ചു.

പൊൻകുന്നം ടൗണിൽ ദേശീയപാതയോരത്ത് സ്വകാര്യ ബസ് സ്‌റ്റാൻഡിനു സമീപത്തായാണ് മിനിസിവിൽ സ്‌റ്റേഷൻ മന്ദിരം നിർമിച്ചിരിക്കുന്നത്. 11 സർക്കാർ സ്‌ഥാപനങ്ങൾ പ്രവർത്തിക്കാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

സബ്‌ട്രഷറി, സബ് റജിസ്‌ട്രാർ ഓഫിസ്, വില്ലേജ് ഓഫിസ്, ലീഗൽ മെട്രോളജി, ആർടി ഓഫിസ്, സെയിൽസ് ടാക്സ്, മൃഗസംരക്ഷണവകുപ്പ്, എക്‌സൈസ് എന്നീ ഓഫിസുകളായിരിക്കും ഇവിടെ പ്രവർത്തിക്കുക. ഓഫിസുകൾക്കുള്ള സംവിധാനങ്ങൾ അതത് വകുപ്പുകൾ തന്നെ സജ്‌ജീകരിക്കും. രണ്ടു മാസത്തിനുള്ളിൽ ഓഫിസുകൾ ഇവിടേക്ക് പ്രവർത്തനം മാറ്റുമെന്നും എംഎൽഎ അറിയിച്ചു. കൂടാതെ എം പി, എംഎൽഎ ഓഫിസുകളും മിനി സിവിൽ സ്‌റ്റേഷനിൽ ഉണ്ടാകും.