പൊൻകുന്നം മിനി സിവില്‍ സ്റ്റേഷന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി സാംസ്‌കാരിക പരിപാടികൾ ഏഴിന് ആംരംഭിക്കും

പൊൻകുന്നം മിനി സിവില്‍ സ്റ്റേഷന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി സാംസ്‌കാരിക പരിപാടികൾ ഏഴിന് ആംരംഭിക്കും

മിനി സിവില്‍ സ്റ്റേഷന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി സാംസ്‌കാരിക പരിപാടികൾ ഏഴിന് ആംരംഭിക്കും

പൊൻകുന്നം : ആഗസ്ത് ഒൻപതിന് നടക്കുന്ന പൊൻകുന്നം മിനി സിവില്‍ സ്റ്റേഷന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി വിവിധ സാംസ്‌കാരിക പരിപാടികൾ ഏഴിന് ആംരംഭിക്കും . ഒൻപതു കോടി 53 ലക്ഷം രൂപ മുടക്കി നാലു നിലകളിലായിയാണ്.പൊൻകുന്നം മിനി സിവില്‍ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത് .

ആഗസ്ത് ഏഴ് ചൊവ്വാഴ്ച രാവിലെ സംസ്ഥാന പുരാവസ്തു പുരാരേഖ – മ്യൂസിയം വകുപ്പ്, ആറന്മുള വാസ്തുവിദ്യാ ഗുരുകുലം എന്നിവയുടെ തത്സമയ ചുവർചിത്ര ചിത്രീകരണം നടക്കും. പൊൻകുന്നം ഫൊട്ടോഗ്രഫേഴ്സ്, കേരള കാർട്ടൂൺ അക്കാദമിയിലെ കലാകാരന്മാരുടെ പ്രദർശനം, എൻബിഎസിന്റെ പുസ്തകമേള എന്നിവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി ഉദ്ഘാടനം ചെയ്യും. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയ ശ്രീധർ അധ്യക്ഷത വഹിക്കും.

ഉച്ചകഴിഞ്ഞ് 1.30നു പൊൻകുന്നം – വികസനവും സാധ്യതകളും എന്ന വിഷയത്തില്‍ സെമിനാർ. നാലിനു ചിറക്കടവ് പഞ്ചായത്തിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിക്കും. . ആറിനു കലാസന്ധ്യ കോട്ടയം നസീർ ഉദ്ഘാടനം ചെയ്യും. 6.30നു തിരുവാതിര, 6.45ന് ഒപ്പന, ഏഴിനു മാർഗംകളി, 7.30നു നാടൻപാട്ട്, എട്ടിനു ശരനൃത്തം, ഒൻപതിനു സംഗീതനിശ.

എട്ടിനു രാവിലെ ഒൻപതുമുതൽ പ്രദർശനങ്ങൾ, 11ന് അനിൽ വേഗ, പ്രസന്നൻ ചമ്പക്കര എന്നിവരുടെ കാർട്ടൂൺ കളരി, വൈകിട്ടു നാലിനു ഗാനോത്സവം, 5.30നു മിനി മിമിക്സ്, ആറിനു കരാട്ടെ പ്രദർശനം, ഏഴിനു നൃത്തനൃത്യങ്ങൾ, 7.30നു യോഗ പ്രദർശനം, എട്ടിനു ഫോക്‌ലോർ അക്കാദമിയുടെ നാടൻപാട്ട് വിസ്മയം – പൊലിയാട്ടം.

ഒൻപതിനു രാവിലെ ഒൻപതിനു പ്രദർശനങ്ങൾ, വൈകിട്ടു നാലിനു പ്രമുഖ കാർട്ടൂണിസ്റ്റുകൾ പങ്കെടുക്കുന്ന ലൈവ് കാരിക്കേച്ചർ ഷോ, അഞ്ചിനു സ്വീകരണ ഘോഷയാത്ര, 5.30നു സ്വീകരണ സമ്മേളനം – എൻ.ജയരാജ് എംഎൽഎ അധ്യക്ഷത വഹിക്കും. സിവിൽ സ്റ്റേഷൻ സമർപ്പണം മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിക്കും. പ്രവർത്തനോദ്ഘാടനവും ഗ്രീൻ പ്രോട്ടോകോളും മന്ത്രി ടി.എം.തോമസ് ഐസക് നിർവഹിക്കും. രാത്രി ഏഴിനു പൊൻകുന്നം പ്രണവിന്റെ ഗാനമേളയും ഫിഗർ ഷോയും.

എട്ടു വർഷം മുമ്പാണു സിവിൽ സ്റ്റേഷൻ നിർമാണം തുടങ്ങിയത്. 9.56 കോടി രൂപ മുതൽ മുടക്കി നാലു നിലകളിലായാണു സിവിൽ സ്റ്റേഷൻ കെട്ടിടനിർമാണം പൂർത്തീകരിച്ചത്. 59,500 ചതുരശ്രയടി വിസ്തൃതി. 8288 ചതുരശ്ര അടിയിൽ താഴത്തെ നില വാഹന പാർക്കിങ്ങിന്. എക്സൈസ് വകുപ്പിന്റെ സ്റ്റോർ മുറിയും ലീഗൽ മെട്രോളജിയുടെ ത്രാസുകൾ പതിപ്പിക്കാനുള്ള സൗകര്യവും ഇലക്ട്രിക്കൽ വിഭാഗവും താഴത്തെ നിലയിലുണ്ടാകും. ഭൂഗർഭ ജലസംഭരണി സംവിധാനവുമുണ്ട്.

മുഴുവൻ സമയവും സംഗീതത്താൽ മുഖരിതമാകുന്ന ആധുനിക രീതിയിലുള്ള ലിഫ്റ്റ് സിവിൽ സ്റ്റേഷന്റെ പ്രത്യേകതയാണ്. വൈദ്യുതി മുടക്കത്തിൽ പാതിവഴിയിലാകുന്ന ലിഫ്റ്റ് കൈകൊണ്ടു പ്രവർത്തിപ്പിച്ചു തൊട്ടടുത്ത നിലയിൽ എത്തിക്കാനാവും. മറ്റുള്ള ലിഫ്റ്റുകളെ അപേക്ഷിച്ചു മുൻവശം ചില്ലിട്ടതായതിനാൽ ലിഫ്റ്റിൽ പോകുന്നവർക്കും പുറത്തു നിൽക്കുന്നവർക്കും പരസ്പരം കാണാനാകും.

വിവിധയിടങ്ങളിലായി പ്രവർത്തിക്കുന്ന ഒൻപത് ഓഫിസുകൾ മിനി സിവിൽ സ്റ്റേഷനിലേക്കു മാറ്റും. പൊൻകുന്നം സബ് റജിസ്ട്രാർ ഓഫിസ്, സബ് ട്രഷറി, ലീഗൽ മെട്രോളജി വകുപ്പ്, ചിറക്കടവ് വില്ലേജ് ഓഫിസ്, എക്‌സൈസ്, മോട്ടോർ വാഹന വകുപ്പ്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫിസ്, മൃഗസംരക്ഷണ വകുപ്പ്, നികുതി വകുപ്പ് എന്നിവയാണു മിനി സിവിൽ സ്റ്റേഷനിലേക്കു മാറ്റുന്നത്. ഒന്നാമത്തെ നിലയിൽ സബ് ട്രഷറിയും അതിനോടനുബന്ധിച്ച് എടിഎം കൗണ്ടറുമുണ്ട്.

കൂടാതെ വില്ലേജ് ഓഫിസും സബ് റജിസ്ട്രാർ ഓഫിസും ഇവിടെത്തന്നെയാണ്. റജിസ്ട്രാർ റൂമിനോടു ചേർന്നു വിശാലമായ റെക്കോർഡ് മുറിയും തയാറാക്കിയിട്ടുണ്ട്. രണ്ടാം നിലയിൽ കൊമേഴ്സ്യൽ ടാക്സ്, ആർടിഒ, മൃഗസംരക്ഷണ വകുപ്പിന്റെ ഐസിഡിപി എന്നീ ഓഫിസുകൾ, ലീഗൽ മെട്രോളജി ഓഫിസ്, ലാബ്, എക്സൈസ് ഓഫിസ് എന്നിവ പ്രവർത്തിക്കും. ഇതുകൂടാതെ എംപിക്കും എംഎൽഎക്കുമായി ഓഫിസ് മുറി, കോൺഫറൻസ് ഹാൾ, വിഐപി ലോഞ്ച് എന്നിവയും ഉണ്ടാകും.