പൊൻകുന്നം ട്രാഫിക് സിഗ്നൽ പണിമുടക്കിയപ്പോൾ വാഹനങ്ങൾ പോകുന്നത് തോന്നിയപടി..

പൊൻകുന്നം ട്രാഫിക് സിഗ്നൽ  പണിമുടക്കിയപ്പോൾ വാഹനങ്ങൾ പോകുന്നത്  തോന്നിയപടി..

പൊൻകുന്നം : പൊൻകുന്നം ട്രാഫിക് സിഗ്നൽ പണിമുടക്കുന്നതു പതിവായതോടെ യാത്രക്കാർക്ക് ദുരിതമേറി . സിഗ്നൽ വഴികാട്ടുവാൻ ഇല്ലാതായതോടെ തോന്നിയപടിയാണ് വാഹനങ്ങൾ പോകുന്നത്. കഴിഞ്ഞ ദിവസം അബദ്ധത്തിൽ തെറ്റായ റോഡിലൂടെ കയറി വന്ന കാർ അപകടത്തിൽ പെടാതിരുന്നത് ഭാഗ്യവശാൽ. ..

ട്രാഫിക് സിഗ്നൽ ഇത്തവണ കേടായതിന്റെ കാരണം ലൈൻ ചാർജർ കത്തിപ്പോയതാണ് . അതോടെ പൊൻകുന്നം ടൗണിലെ ട്രാഫിക് സംവിധാനം വീണ്ടും പ്രവർത്തനരഹിതമായി. ഇതോടെ വാഹനങ്ങൾ കടന്നു പോകുന്നത് തോന്നിയ രീതിയിലായി. അമിത വൈദ്യുതി പ്രവാഹമാണു ലൈൻ ചാർജർ കത്തിപ്പോകാൻ ഇടയാക്കുന്നതെന്ന് കെൽട്രോൺ ട്രാഫിക് സിഗ്നൽ വിഭാഗം എൻജിനീയർ പറഞ്ഞു.

ട്രാഫിക് സംവിധാനം സ്ഥാപിച്ചതിനുശേഷം നാലു തവണ വൈദ്യുതി ലൈനിലെ അമിത പ്രവാഹത്തിൽ ലൈൻ ചാർജർ കത്തിപ്പോയിട്ടുണ്ട്. 24 വോൾട്ട് വൈദ്യുതിയിലാണ് ട്രാഫിക് സംവിധാനത്തിലെ എൽഇഡി ബൾബുകൾ പ്രകാശിക്കുന്നത്. വൈദ്യുതി ലൈനിലെ 230 വോൾട്ട് 24 വോൾട്ടായി കുറയ്ക്കുന്നതാണ് ലൈൻ ചാർജർ. തുടക്കത്തിൽ ലൈൻ ചാർജർ കത്തിപ്പോയപ്പോൾ ലൈനിലെ വൈദ്യുതി പ്രവാഹത്തിന്റെ തീവ്രത കെൽട്രോൺ എൻജിനീയർമാർ പരിശോധിച്ചിരുന്നു.

വൈദ്യുതി പ്രവാഹം കൂടുതലാണെന്നു കണ്ടെത്തിയത് പൊൻകുന്നം കെഎസ്ഇബി അധിക‍ൃതരെ ബോധ്യപ്പെടുത്തിയിരുന്നു. പൊൻകുന്നം – പാലാ റോഡിന്റെ പാലാ ഭാഗത്തും ഇതേ സംവിധാനമാണ് സ്ഥാപിച്ചിട്ടുള്ളത്. അതു വളരെ കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നതെന്നും മൂന്നു വർഷത്തേക്കു വാറന്റി ഉള്ളതിനാൽ കമ്പനിക്കു വൻ നഷ്ടമാണ് ഉണ്ടാകുന്നതെന്നും കെൽട്രോൺ അധികൃതർ പറഞ്ഞു.

അങ്കമാലി – പുനലൂർ ദേശീയപാതയുടെ ഭാഗമായ പെൻകുന്നം – പാലാ റോഡ് രാജ്യാന്തര നിലവാരത്തിൽ നിർമിച്ചതോടെയാണു ടൗണിൽ ട്രാഫിക് സംവിധാനം സ്ഥാപിച്ചത്. വൈദ്യുതിയിലും സോളറിലും പ്രവർത്തിക്കുന്ന സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സംവിധാനം സ്ഥാപിച്ചതിനുശേഷം 10 തവണ ട്രാഫിക് സംവിധാനം ഒരു ദിവസത്തിൽ കൂടുതൽ പ്രവർത്തനരഹിതമായിട്ടുണ്ട്.

കഴിഞ്ഞയിടെ വൈദ്യുതി ചാർജ് അടയ്ക്കാതെ വന്നതോടെ ദിവസങ്ങളോളം സംവിധാനം പ്രവർത്തിക്കാതെ വന്നിരുന്നു. ഒടുവിൽ പഞ്ചായത്ത് വൈദ്യുതി ചാർജ് അടച്ചതോടെ പ്രശ്‌നം പരിഹരിച്ചിരുന്നു. സിഗ്നൽ സംവിധാനമില്ലാത്ത ട്രാഫിക് ഐലൻഡിലെത്തുന്നവർ വഴിയറിയാതെ കുഴയുകയാണ്.

വാഹനങ്ങൾ നിയന്ത്രിക്കാൻ പൊലീസ് ഇല്ലാത്തതിനാൽ രാവിലെയും വൈകിട്ടും വാഹനക്കുരുക്ക് രൂക്ഷമാണ്. സിഗ്നൽ ലൈറ്റ് ഇല്ലാതെ വന്നതോടെ ബൈക്കുകളും ചെറുവാഹനങ്ങളും തോന്നുംപടി ചീറിപ്പായുന്നത് കാൽനടയാത്രക്കാർക്ക് പോലും ഭീഷണിയാകുന്നു. ഐലൻഡിലെ സീബ്രാ ലൈനുകളിൽ കൂടി കാൽനടയാത്രക്കാർക്കു റോഡ് മുറിച്ചു കടക്കാൻ പോലുമാകുന്നില്ല.

പൊൻകുന്നം ട്രാഫിക് സിഗ്നൽ പണിമുടക്കിയപ്പോൾ വാഹനങ്ങൾ പോകുന്നത് തോന്നിയപടി..

ട്രാഫിക് സിഗ്നൽ പണിമുടക്കിയപ്പോൾ വാഹനങ്ങൾ പോകുന്നത് തോന്നിയപടി..