രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത് പൂഞ്ഞാറിലേക്ക്..

രാഷ്ട്രീയ കേരളം ഇന്ന് ഉറ്റു നോക്കുന്നത് പൂഞ്ഞാറിലേക്ക്..

∙ പുതുക്കിയ വോട്ടർപ്പട്ടിക പ്രകാരം പൂഞ്ഞാറിൽ ആകെയുള്ളത് 1,83,357 വോട്ടർമാർ. ഇതിൽ 91,021 പുരുഷ വോട്ടർമാരും, 92,336 സ്ത്രീ വോട്ടർമാരുമാണ്.

100 വയസ്സിനുമേൽ പ്രായമുള്ള നാലു പുരുഷൻമാരും, അഞ്ചു സ്ത്രീകളും ഉൾപ്പെടെ ഏറ്റവും മുതിർന്ന വോട്ടർമാർ ഒൻപതുപേർ മാത്രം. 1080 പുരുഷൻമാരും 1672 സ്ത്രീകളും ഉൾപ്പെടെ 80 വയസ്സിനുമേൽ പ്രായമുള്ള 2752 മുതിർന്ന വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 18നും 20നും ഇടയിൽ പ്രായമുള്ള 8296 കന്നി വോട്ടർമാരുമുണ്ട് മണ്ഡലത്തിൽ. ഇതിൽ 4492 പുരുഷൻമാരും 3804 സ്ത്രീകളും ഉൾപ്പെടും. 33 പുരുഷൻമാരും 11 സ്ത്രീകളുമുൾപ്പെടെ 44 പ്രവാസി വോട്ടർമാരും മണ്ഡലത്തിലുണ്ട്. സൈനിക, അർധസൈനിക വിഭാഗത്തിൽ ജോലി ചെയ്യുന്ന 241 വോട്ടർമാരുണ്ട്. ഇതിൽ 158 പുരുഷൻമാരും 83 വനിതകളും ഉൾപ്പെടും.

പോളിങ് ബൂത്തുകൾ – 161 പൂഞ്ഞാർ മണ്ഡലത്തിലെ 93 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ 106 കേന്ദ്രങ്ങളിലായി 161 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. 500ൽ താഴെ വോട്ടർമാരുള്ള രണ്ടു പോളിങ് ബൂത്തുകൾ (നമ്പർ– 93, 29) മണ്ഡലത്തിലുണ്ട്.

500നും ആയിരത്തിനും ഇടയിൽ വോട്ടർമാരുള്ള 45 പോളിങ് ബൂത്തുകളും ആയിരത്തിനും 1500നും ഇടയിൽ വോട്ടർമാരുള്ള 101 ബൂത്തുകളും, 1500നു മേൽ വോട്ടർമാരുള്ള 13 പോളിങ് ബൂത്തുകളുമാണുള്ളത്.

2011ലെ തിരഞ്ഞെടുപ്പിൽ 80 ശതമാനത്തിനുമേൽ വോട്ടിങ് നടന്ന പൂഞ്ഞാറിലെ ബൂത്താണ് കുന്നോന്നി സെന്റ് ജോസഫ്സ് അപ്പർപ്രൈമറി സ്കൂളിലെ 33–ാം നമ്പർ ബൂത്ത്.

പൂഞ്ഞാർ മണ്ഡലത്തിൽ പ്രശ്നസാധ്യതയുള്ള ഒൻപതു ബൂത്തുകളുമുണ്ട്. ഇടക്കുന്നം ഗവ. ഹയർസെക്കൻഡറി സ്കൂൾ, ഈരാറ്റുപേട്ട നടയ്ക്കൽ എംഎംഎം യുപി സ്കൂൾ, ഈരാറ്റുപേട്ട ഗവ. എച്ച്എസ്എസ്, തീക്കോയി സെന്റ് മേരീസ് എച്ച്എസ്, പൂഞ്ഞാർ സെന്റ് ആന്റണീസ് എച്ച്എസ്എസ്. പനച്ചിപ്പാറ ശ്രീമൂലവിലാസം സ്കൂൾ, കൂട്ടിക്കൽ സെന്റ് ജോർജ് എച്ച്എസ്എസ്, മുണ്ടക്കയം സിഎംഎസ് സ്കൂൾ, മുട്ടപ്പള്ളി ഗവ. വെൽഫെയർ സ്കൂൾ എന്നീ ബൂത്തുകളാണ് പ്രശ്നസാധ്യതയുള്ളതായി കണക്കാക്കിയിരിക്കുന്നത്.