പി പി റോഡിൽ വീണ്ടും അപകടം, വിവാഹത്തിന് പോയ നവവധു അപകടത്തിൽ പെട്ടു.

പി പി റോഡിൽ വീണ്ടും അപകടം, വിവാഹത്തിന് പോയ നവവധു അപകടത്തിൽ പെട്ടു.

പൊ​ൻ​കു​ന്നം : പൊൻകുന്നം പാലാ റോഡിൽ അപകടങ്ങൾക്കു അവധിയില്ല .. i ഇത്തവണ അപകടത്തിൽ പെട്ടത് വിവാഹത്തിന് പോയ നവവധുവും സംഘവും. അപകടത്തിൽ പെട്ടെങ്കിലും ആശുപത്രിയിൽ നിന്നും വധു മണ്ഡപത്തിൽ എത്തി വിവാഹകർമ്മങ്ങൾ പൂർത്തിയായാക്കി.

പൊന്‍കുന്നം: പാലാ-പൊന്‍കുന്നം റോഡില്‍ വഞ്ചിമലക്കവലയില്‍ വിവാഹസംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. വധു ഉള്‍പ്പെടെ കാര്‍ യാത്രക്കാരായ നാലു പേര്‍ക്ക് പരിക്കേറ്റു.

വധു ചങ്ങനാശേരി മണമേല്‍ മെറിന്‍ ജോര്‍ജ്(27), മാതാവ് ആലീസ് ജോര്‍ജ്(50), പിതൃസഹോദരന്‍ ജോസഫ് മാത്യു(64), ഭാര്യ ആന്‍സമ്മ ജോസഫ്(62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷകള്‍ നല്‍കിയ ശേഷം വിവാഹവേദിയായ ഇടമറ്റം സെന്റ് മൈക്കിള്‍സ് പള്ളിയില്‍ എത്തിച്ചു. വിവാഹം ഒരു മണിക്കൂറോളം താമസിച്ചു. മിക്കവര്‍ക്കും തലയ്ക്കാണ് പരിക്ക്. വധു മെറിന്‍ ജോര്‍ജിന് മുഖത്ത് ചെറിയ പരിക്കായിരുന്നു. ജോസഫ് മാത്യുവാണ് കാറോടിച്ചിരുന്നത്. ചങ്ങനാശേരി നഗരസഭാധ്യക്ഷന്‍ സെബാസ്റ്റിയന്‍ മാത്യുവിന്റെ സഹോദരപുത്രിയാണ് വധു മെറിന്‍ ജോര്‍ജ്.

ഇന്നലെ രാവിലെ 10.20നായിരുന്നു അപകടം. ചങ്ങനാശേരിയില്‍ നിന്നു പൊന്‍കുന്നം വഴി പാലാ ഇടമറ്റം സെന്റ് മൈക്കിള്‍സ് പള്ളിയിലേക്കു പോകുകയായിരുന്നു സംഘം. വഞ്ചിമല കവലയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കോണ്‍ക്രീറ്റ് സംരക്ഷണത്തൂണു തകര്‍ത്ത് റോഡരികിലെ പ്ലാത്തോട്ടം ഓമന ഫ്രാന്‍സിന്റെ കടയിലേക്കു മറിഞ്ഞു.

അപകടത്തിനു തൊട്ടു മുമ്പ് കടയുടെ പുറകിലെ മുറിയിലേക്ക് കുടിവെള്ളം തിളപ്പിക്കാന്‍ ഓമന പോയതിനാല്‍ ദുരന്തം ഒഴിവായി. കടയുടെ മുമ്പിലും ഈ സമയം ആരുമുണ്ടായിരുന്നില്ല. അപകട ശബ്ദം കേട്ടു പുറത്തേക്കോടി വന്ന ഓമന നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി കാറിനകത്തുപെട്ടവരെ പുറത്തെടുത്തു. വിവാഹസംഘത്തിലെ മറ്റൊരു കാറില്‍ നാലു പേരെയും കയറ്റി പാലായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പ്രഥമശുശ്രൂഷകള്‍ക്കു ശേഷം വധുവിനെയും മറ്റുള്ളവരെയും വിവാഹവേദിയില്‍ എത്തിച്ചു. 11 മണിക്കു നടക്കേണ്ടിയിരുന്ന വിവാഹം ഒരു മണിക്കൂറോളം താമസിച്ചു.