പി പി റോഡിൽ അപകടങ്ങൾ തുടരുന്നു..ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

പി പി റോഡിൽ അപകടങ്ങൾ തുടരുന്നു..ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

പൊൻകുന്നം : യാത്രക്കാരുടെ പേടിസ്വപ്നമായ പി പി റോഡിൽ അപകടങ്ങൾ തുടരുന്നു. ഇന്നലെ പി പി റോഡിൽ പനമാറ്റം കവലയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് കോളജ് വിദ്യാർഥി മരിച്ചു.

പാലാ സെന്റ് ജോസഫ്‌സ് കോളജിൽ ഹോട്ടൽ മാനേജ്‌മെന്റ് നാലാം സെമസ്റ്റർ വിദ്യാർഥിയായ കൊല്ലം ചണ്ണപ്പേട്ട മണക്കോട് ബി.വി.കോട്ടേജിൽ ബിൻസൻ വർഗീസാണ് (20) മരിച്ചത്. പൊൻകുന്നം – പാലാ റോഡിൽ നാലാംമൈൽ പനമറ്റം കവലയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. പാലാ ഭാഗത്തേക്കു പോവുകയായിരുന്ന ബിൻസൻ ഓടിച്ചിരുന്ന ബൈക്ക് ശബരിമലദർശനത്തിനു പോകുകയായിരുന്ന ബെംഗളൂരു സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്.

പരുക്കേറ്റ ബിൻസനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതയായ സൂസമ്മയാണ് മാതാവ് സഹോദരി: ബിൻസി.

തകർന്ന വാഹനങ്ങളിൽ നിന്നും റോഡിൽ ഓയിൽ പരന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്നിശമന സേന ഓയിൽ നീക്കം ചെയ്തു.‌‌

പിപി റോഡിൽ സ്പീഡ് ബ്രേക്കറുകൾ മാറ്റിയതോടെ 15 ദിവസത്തിനുള്ളിൽ നടന്ന മൂന്നാമത്തെ വലിയ അപകടമാണ് ഇന്നലെ നടന്നത്. അപകടങ്ങളും മരണങ്ങളും പെരുകിയതോടെയാണ് പൊലീസ് പൊൻകുന്നം–പാലാ റോഡിൽ അട്ടിക്കൽ മുതൽ മഞ്ചക്കുഴി വരെയുള്ള ഭാഗങ്ങളിലെ അഞ്ചു സ്ഥലത്ത് സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചത്.