കൂരാലിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു, ഒന്നരവയസ്സുള്ള പിഞ്ചുകുട്ടി ഗുരുതരാവസ്ഥയിൽ…

കൂരാലിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു, ഒന്നരവയസ്സുള്ള പിഞ്ചുകുട്ടി  ഗുരുതരാവസ്ഥയിൽ…

പൊൻകുന്നം : പി പി റോഡിൽ നിന്നും മറ്റൊരു അപകട വാർത്ത . കൂരാലിയിൽ വച്ച് അമിതവേഗത്തിൽ എത്തിയ ടൂറിസ്റ്റ് ബസ് ബൈക്ക് യാത്രക്കാരെ ഇടിച്ച ശേഷം നിയന്ത്രണം തെറ്റി അടുത്തുള്ള കടയിലേക്ക് പാഞ്ഞുകയറി .അപകടത്തിൽ ബൈക്ക് യാത്രികരായ മൂന്ന് പേർക്ക് പരുക്കേറ്റു. ബസ്സിനും ബൈക്കിനും ഇടയിൽ കുരുങ്ങിപോയ ഒന്നര വയസ്സുള്ള പിഞ്ചു കുട്ടി ഗുരുതരാവസ്ഥയിൽ…

പൈക മല്ലികശ്ശേരി ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരുന്ന തേനി സ്വദേശിയും മഞ്ചക്കുഴിയിൽ പലഹാരകക്കട നടത്തുന്നയാളുമായ രമേശും ഭാര്യ മഹാദേവിയും മകൻ ഒന്നര വയസ്സുള്ള ശ്രീധറുമായിരുന്നു ബൈക്കിൽ സഞ്ചരിച്ചിരുന്നത്. മഞ്ചക്കുഴിയിൽ നിന്നും പള്ളിക്കത്തോട്ടിലേക്കു പോകുവാൻ വേണ്ടി കൂരാലി കവലയിൽ വച്ച് റോഡിന്റെ വലതുവശത്തേക്കു തിരിച്ചപ്പോൾ, എതിർ ദിശയിൽ നിന്നും അമിതവേഗത്തിൽ എത്തിയ ബസ് അവരെ ഇടിച്ചു തെറുപ്പിക്കുകായായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സിൽ കുരുങ്ങിയ ബൈക്കുമായി നിയന്ത്രണം തെറ്റിയ ബസ് അടുത്തുള്ള ഇരുപ്പക്കാട്ട് ബിൽഡിംഗിലേക്ക് പാഞ്ഞു കയറി. അവിടെ സ്റ്റാൻഡിൽ വച്ചിരുന്ന എലിക്കുളം സ്വദേശി ജഗദീഷ് പറയ്ക്കന്റെ ബൈക്കും ഒരു പോസ്റ്റും തകർത്താണ് ബസ് നിന്നത് .

രമേശും ഭാര്യയും ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ചു പോയെങ്കിലും, ഒന്നര വയസ്സുള്ള കുട്ടി ബസ്സിനും ബൈക്കിനും ഇടയിൽ കുരുങ്ങി പോയിരുന്നു. ഓടികൂടിയ നാട്ടുകാർ കുട്ടിയെ ബസ്സിന്റെ അടിയിൽ നിന്നും വലിച്ചെടുക്കുകയാരുന്നു. ഗുരുതരാവസ്ഥയിൽ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലുവയിൽ നിന്നും ചിറക്കടവിൽ ഒരു വിവാഹ വിവാഹനിശ്ചയത്തിൽ സംബന്ധിക്കുവാൻ എത്തിയ സംഘം , ചടങ്ങിന് ശേഷം തിരിച്ചു പോയവഴിക്കാണ് അപകടത്തിൽ പെട്ടത്. ബസിന്റെ മുൻ ചക്രങ്ങളിൽ ഒന്ന് തേഞ്ഞുതീർന്ന നിലയിലാണ്. വെഹിക്കിൾ ഇൻസ്പക്ടർ നടത്തിയ പരിശോധനയിൽ ടൂറിസ്റ്റ് ബസിന് എമർജൻസി ഡോർ ഇല്ലായെന്നും കണ്ടെത്തി . ടൂറിസ്റ്റ് അമിത വേഗത്തിലായിരുന്നതായി ദൃക്‌സാക്ഷികളായ നാട്ടുകാർ പറഞ്ഞു

എണ്ണ പലഹാരങ്ങൾ ഉണ്ടാക്കി കടകളിലും മറ്റും കച്ചവടം നടത്തിവന്നിരുന്നയാളാണ് അപകടത്തിൽ പെട്ട രമേശ്. മെഡിക്കൽ കോളേജ് ആശുപതത്രിയിൽ നിന്നുള്ള വിവരം അനുസരിച്ചു കുഞ്ഞിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട് .വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക