പി പി റോഡിൽ വീണ്ടും അപകടം : വാഹനാപകടത്തിൽ യുവാവ് മരിച്ചു

പി പി റോഡിൽ വീണ്ടും അപകടം : വാഹനാപകടത്തിൽ യുവാവ്  മരിച്ചു

പൊൻകുന്നം : ഒരു ചെറിയ ഇടവേളയ്ക്കു ശേഷം പി പി റോഡിൽ വീണ്ടും അപകടങ്ങൾക്കു തുടക്കമായി. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഉണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപെട്ടത് 21 വയസുള്ള ജിഷ്ണു എന്ന യുവാവിന്.

പാലാ-പൊൻകുന്നം റോഡിൽ പൊൻകുന്നം പ്രശാന്ത് നഗറിൽ റോഡു മുറിച്ചു കടക്കവേ യുവാവിനെ ടെമ്പോ ട്രാവലറിടിക്കുകയായിരുന്നു. . പൊൻകുന്നം പ്രശാന്ത് നഗർ ചിറയിൽ വേണുഗോപാലിന്റെ മകൻ ജിഷ്ണു(വിശാഖ്-21)വാണ് അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയ്ക്കായിരുന്നു അപകടം. എറണാകുളത്തു നിന്നുള്ള സ്വകാര്യബസിൽ വന്ന് സ്റ്റോപ്പിലിറങ്ങിയ ജിഷ്ണു എതിർവശത്തേക്ക് റോഡിനു കുറുകെ നടക്കുമ്പോൾ പിന്നാലെയെത്തിയ വാഹനമിടിച്ചു തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ പ്രദേശവാസികൾ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എറണാകുളത്ത് പോയ ജിഷ്ണു വീട്ടിലേക്ക് പോകുന്നതിനായി തൊട്ടടുത്തുള്ള സ്‌റ്റോപ്പിലിറങ്ങിയതായിരുന്നു. ഷൊർണൂരിൽ നിന്ന് റാന്നിയിലേക്ക് പോയ സംഘം സഞ്ചരിച്ച ട്രാവലറാണിടിച്ചത്.

ജിഷ്ണുവിന്റെ അച്ഛൻ വേണുഗോപാൽ വിനായക ട്രാവൽസിലെ ഡ്രൈവറാണ്. അമ്മ-ഉഷ. സഹോദരൻ-വിഷ്ണു. ബംഗളുരുവിൽ കൺസൾട്ടൻസി കമ്പനി ജീവനക്കാരനാണ്. പൊൻകുന്നം എസ്.ഐ. എ.സി.മനോജ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യാശുപത്രില മോർച്ചറിയിലേക്ക് മാറ്റി.