പി.പി.റോഡിൽ രണ്ട് വാഹനാപകടങ്ങൾ

പി.പി.റോഡിൽ   രണ്ട് വാഹനാപകടങ്ങൾ

പൊൻകുന്നം : പാലാ-പൊൻകുന്നം റോഡിൽ ഇളങ്ങുളത്തും ഒന്നാംമൈലിലും തിങ്കളാഴ്ച വാഹനാപകടങ്ങൾ നടന്നു. ഒന്നാംമൈലിൽ വട്ടക്കാട്ട് വേയ് ബ്രിഡ്ജിനു സമീപം പുലർച്ചെ 5.30-നായിരുന്നു ആദ്യ അപകടം. നിയന്ത്രണം വിട്ടകാർ വൈദ്യുതി പോസ്റ്റ് തകർത്തു. പോസ്റ്റ് കാറിനുമുകളിലേക്കു വീണു. തിരുവല്ലക്കു പോകുകയായിരുന്ന വിളക്കുമാടം പൊങ്ങൻപാറയിൽ ഷാബുവിന്റെ കാറാണ് അപകടത്തിൽ പെട്ടത്. ഷാബു പരിക്കേൽക്കാതെ രക്ഷപെട്ടു.

ഇളങ്ങുളം ശാസ്താക്ഷേത്രത്തിന് സമീപം ഇട റോഡിൽ നിന്നു പി.പി.റോഡിലേക്ക് കയറിയ കാറിന്റെ പിന്നിൽ പിക്കപ് ജീപ്പ് ഇടിച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടറിലിടിച്ചാണ് അടുത്ത അപകടം. രാവിലെ 10.30-നായിരുന്നു ഇത്. പിക്കപ്പിടിച്ച് നിയന്ത്രണം വിട്ട കാർ പാലാ ഭാഗത്തുനിന്നു വന്ന സ്‌കൂട്ടറിൽ ഇടിച്ചു. സ്‌കൂട്ടറിൽ നിന്നു തെറിച്ചു പോയ യാത്രക്കാരൻ കാറിന്റെ മുൻപിലെ ചില്ലിൽ ഇടിച്ച ശേഷം റോഡിലേക്കു വീണ് തലയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ കൊപ്രാക്കളം കൊല്ലുന്താനം അജോ(35)യെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.