പി.പി.റോഡിൽ രണ്ട് അപകടങ്ങൾ

പി.പി.റോഡിൽ രണ്ട് അപകടങ്ങൾ


പൊൻകുന്നം: കനത്ത മഴയ്ക്കിടെ പാലാ-പൊൻകുന്നം റോഡിൽ രണ്ട് വാഹനാപകടങ്ങൾ. അപകടങ്ങളിൽ ആർക്കും പരിക്കില്ല. കുരുവിക്കൂട്ടും ഒന്നാംമൈലിലുമായിരുന്നു അപകടങ്ങൾ നടന്നത്.

കഴിഞ്ഞ ദിവസം സ്‌കൂട്ടർ യാത്രക്കാരന്റെ മരണത്തിനിടയാക്കിയ അപകടം നടന്ന കുരുവിക്കൂട് ഞുണ്ടന്മാക്കൽ വളവിൽ നിയന്ത്രണം വിട്ട കാർ റോഡിൽ തെന്നിമറിഞ്ഞു. കാറിലുണ്ടായിരുന്ന നാല് തിടനാട് സ്വദേശികൾ പരിക്കേൽക്കാതെ രക്ഷപെട്ടു. കഴിഞ്ഞ ദിവസം ഇവിടെ റോഡിന് കുറുകെ ഒഴുകിയ വെള്ളത്തിൽ തെന്നിയെത്തിയ കാറാണ് സ്‌കൂട്ടറിലിടിച്ചത്. ആ അപകടത്തിൽ ചാത്തംകുളം സ്വദേശിയായ നിർമാണ തൊഴിലാളി മരിച്ചിരുന്നു. ഇന്നലെ മഴസമയത്ത് ഓട നിറഞ്ഞ് റോഡിലേക്ക് വെള്ളം കയറി ഒഴുകിയതാണ് കാർ മറിയാനിടയാക്കിയത്.

പൊൻകുന്നം ഒന്നാംമൈലിലും ഇന്നലെ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ച് തകർന്നു. മഴസമയത്തായിരുന്നു ഈ അപകടവും.