പൊൻകുന്നം–പാലാ റോഡിനെന്തു പറ്റി ? 10 മാസത്തിനിടെ പി പി റോഡിൽ പൊലിഞ്ഞതു 14 ജീവനുകൾ , അൻപതോളം അപകടങ്ങൾ

പൊൻകുന്നം–പാലാ റോഡിനെന്തു  പറ്റി ?  10 മാസത്തിനിടെ  പി പി റോഡിൽ പൊലിഞ്ഞതു 14 ജീവനുകൾ ,   അൻപതോളം  അപകടങ്ങൾ

പൊൻകുന്നം : പൊൻകുന്നം–പാലാ റോഡിൽ കൂടി യാത്ര ചെയ്യുവാൻ ജനങ്ങൾക്ക്‌ പേടിയായി തുടങ്ങി, കാരണം കഴിഞ്ഞ പത്തു മാസത്തിനിടയിൽ പി പി റോഡിൽ അപകടത്തിൽ മരിച്ചത് പതിനാലു പേർ , നടന്നത് അൻപതോളം അപകടങ്ങൾ. ഇന്നലെ നടന്ന അപകടത്തിൽ പരിക്കേറ്റു മരിച്ച അർജുൻ എന്ന അപ്പു, നവീകരിച്ച പി പി റോഡിൽ ജീവൻ നഷ്ട്ടപെട്ട പതിനാലാമനാണ്.

പൊൻകുന്നം–പാലാ റോഡിൽ കുറഞ്ഞ നാളുകൾകൊണ്ട് ഇത്രയധികം അപകടങ്ങൾ ഉണ്ടാകുന്നതിനെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നു. പുതിയ റോഡും പരിചയക്കുറവും അമിത വേഗവും കാരണമായി പറയുമ്പോഴും റോഡു നിർമാണത്തിൽ അപാകതയുണ്ടോ എന്നുകൂടി പരിശോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

പുനലൂർ–മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായി പി.പി.റോഡ് കെഎസ്ടിപി നവീകരിച്ചിട്ട് ഒരുവർഷം തികഞ്ഞിട്ടില്ല. ബിഎം ആൻഡ് ബിസി സാങ്കേതികതയിൽ ദേശീയ നിലവാരത്തിൽ റോഡ് നവീകരിച്ചതോടെ റോഡിന്റെ മുഖച്ഛായ മാറി. കണ്ണാടിച്ചില്ലുപോലുള്ള റോഡിലൂടെ വാഹനങ്ങൾ പാഞ്ഞുപോകാനും തുടങ്ങി. ഇതിനിടയിലാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്. ശാസ്ത്രീയമായി നടത്തിയ ടാറിങ്ങിൽ അപാകതയുണ്ടോ എന്നു പരിശോധിക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്. ബിഎം അൻഡ് ബിസി നിലവാരത്തിൽ നിർമിച്ച റോഡിൽ നനവുണ്ടെങ്കിൽപോലും വാഹനങ്ങൾ സഡൻ ബ്രേക്കിടുമ്പോൾ തെന്നില്ലെന്നാണു വിദഗ്ധരുടെ അഭിപ്രായം.

ബിറ്റുമെൻ മിശ്രിതം പ്രത്യേക യന്ത്രത്തിൽ നിശ്ചിത താപനിലയിൽ ചൂടാക്കി, പേവിങ് യന്ത്രത്തിലൂടെ നിശ്ചിത ചൂടോടുകൂടി റോഡിൽ വിരിച്ചാണു ടാറിങ് നടത്തുന്നത്. ഈ താപനിലയിൽ മാറ്റമുണ്ടായാൽ റോഡിന് അപാകതയുണ്ടാകാം. ഇത്തരത്തിലുള്ള ശാസ്ത്രീയ വശങ്ങൾ പരിശോധിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. കഴിഞ്ഞദിവസം ബസ്സും ബൈക്കും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ 22 വയസുള്ള യുവാവ് മരിച്ചിരുന്നു .

കഴിഞ്ഞ മാസം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകനും മരിച്ചിരുന്നു അട്ടിക്കലിൽ നിയന്ത്രണംവിട്ട മിനിലോറി വൈദ്യുതി പോസ്റ്റിലിടിച്ചതും അതെ ദിവസം തന്നെയാണ് . മാസങ്ങൾക്കു മുൻപു വാൻ ബൈക്കിലിടിച്ചു ദമ്പതികൾ മരിച്ചു. പുലർച്ചെ വഴിയാത്രക്കാരനെ ഇടിച്ചു തലയിലൂടെ കയറിയപ്പോയ അജ്ഞാത വാഹനം ഇനിയും കണ്ടെത്തിയിട്ടില്ല.
വെളിയന്നൂര്‍ പഞ്ചായത്തംഗവും കേരളാ കോണ്‍ഗ്രസ് നേതാവുമായ സണ്ണി പുതിയിടത്തിനു കാര്പാടത്തിൽ കാറപകടത്തിൽ പരിക്കേറ്റത് കഴിഞ്ഞ ജൂൺ മാസത്തിലാണ്. അതെ മാസത്തിൽ തന്നെയാണ് കൂരാലിയിൽ വച്ച് വഴിയിൽ കൂടി നടന്നുപോയ ബാങ്ക് ജീവനക്കാരിയെ അമിത വേഗത്തിൽ വന്ന കാർ ഇടിച്ചു ജീവൻ എടുത്തത് .

റോഡിന്റെ ടാറിങ് ശാസ്ത്രീയമായി പരിശോധിക്കുകയും അപകടങ്ങൾ ഉണ്ടാകാതിരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.

pp-road-2

LINKS