പ്രളയത്തിന്റെ ബാക്കിപത്രം : പമ്പാനദീതീര വാസികൾക്ക് അപൂർവ ത്വക് രോഗം

എരുമേലി∙ പ്രളയശേഷം പമ്പാനദീതീര വാസികൾക്ക് അപൂർവ ത്വക് രോഗം. ആഴ്ചകൾ കഴിഞ്ഞാലും രോഗാവസ്ഥ മാറുന്നില്ല. മരുന്നുകൾ പുരട്ടിയിട്ടും ഫലമില്ല. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയത്തെ തുടർന്നു പമ്പാനദീതീര പട്ടണങ്ങളായ കണമല, ഇടകടത്തി, ആറാട്ടുകയം, ഉമിക്കുപ്പ, അഴുതമുന്നി, ഏഞ്ചൽവാലി ഗ്രാമങ്ങളിൽ വെള്ളം കയറിയിരുന്നു. മലിനജലത്തിനൊപ്പം വൻതോതിലാണു ചെളിയും മണലും വീടുകളും ഗ്രാമങ്ങളും കവർന്നത്. വെള്ളപ്പൊക്കത്തിൽ പമ്പയിലെ ശുചിമുറികൾ അടക്കമുള്ളവ തകർന്നു വൻതോതിലാണു മാലിന്യങ്ങൾ ഒഴുകിയെത്തിയത്. ഇവ വീടുകളിലും ഗ്രാമങ്ങളിലും അടിയുകയും ചെയ്തു.

ഗ്രാമങ്ങളിൽ കയറിക്കിടക്കുന്ന ലക്ഷക്കണക്കിനു ടൺ ചെളിമണലും മാലിന്യവും ഇതേവരെ നീക്കിയിട്ടില്ല. ചെളിമണ്ണ് കയറിക്കിടക്കുന്ന റബർ, തെങ്ങ് മുതലായവ പലയിടത്തും ഉണങ്ങി നിൽക്കുന്നതും കാണാം. ഇതിന്റെ കാരണവും ഇതേവരെ പഠനവിധേയമാക്കിയിട്ടില്ല.ഇതിനിടെയാണു മേഖലയിൽ പലർക്കും ത്വക് രോഗം പിടിപെട്ടിരിക്കുന്നത്. ശരീരത്തു പലയിടത്തും വട്ടത്തിൽ തൊലി പൊളിഞ്ഞിരിക്കുന്നതു കാണാം. വിയർത്തു കഴിഞ്ഞാൽ അസഹനീയമായ ചൊറിച്ചിലും അനുഭവപ്പെടുന്നു. രാത്രിയാവുന്നതോടെ ചൊറിച്ചിലിന്റെ ആധിക്യം വർധിക്കുന്നു.

ത്വക് രോഗ വിദഗ്ധരെ സമീപിച്ച് അലർജിക്കുള്ള തൈലവും ഗുളികയും മറ്റും വാങ്ങുന്നുണ്ടെങ്കിലും പ്രയോജനപ്പെടുന്നില്ല. ചെളിമണ്ണിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യമാവാം ത്വക് രോഗത്തിനു കാരണമെന്നു ആരോഗ്യ രംഗത്തുള്ളവർ പറയുന്നു. മണ്ണ് പരിശോധനക്കു വിധേയമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പമ്പാനദിയിൽ കുളിക്കുന്നവർക്കും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്.